ഇസ്ലാമാബാദ്- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ പാക് ഭീകരരുടെ പങ്ക് സംബന്ധിച്ച് ഇന്ത്യ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നടത്തിയ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഇന്ത്യയ്ക്കു കൈമാറിയതായി പാക് വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യ നല്‍കിയ രേഖകളില്‍ തെളിവുകളായി ചൂണ്ടിക്കാട്ടിയ പാക് അതിര്‍ത്തിക്കുള്ളിലെ 22 ഇടങ്ങളിലും ഭീകര ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപോര്‍ട്ടില്‍ പാക്കിസ്ഥാന്‍ പറയുന്നു. കൂടുതല്‍ തെളിവുകള്‍ ഇന്ത്യ നല്‍കിയാല്‍ അന്വേഷണം നടത്താമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ പങ്കില്ലെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. വിശ്വസനീയ തെളിവുകള്‍ നല്‍കിയാല്‍ അന്വേഷണത്തില്‍ സഹകരിക്കാമെന്ന് നേരത്തെ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അറിയിച്ചിരുന്നു.
അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നതിന് ഇന്ത്യയില്‍ നിന്നും കൂടുതല്‍ വിവരങ്ങളും തെളിവുകളും തേടിയിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് പാക് വിദേശകാര്യ മന്ത്രാലയം അന്വേഷണ റിപോര്‍ട്ട് കൈമാറിയത്.
പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് നടപടി ശക്തമാക്കിയതിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത 54 വ്യക്തികളെ ചോദ്യം ചെയ്തു വരികയാണ്. ഇതുവരെ ഇവര്‍ക്ക് പുല്‍വാമ ആക്രമണവുമായി ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇന്ത്യ ചൂണ്ടിക്കാട്ടിയ 22 ഇടങ്ങളിലും പരിശോധനകള്‍ നടത്തിയ ഇവിടെ ആരോപിക്കപ്പെടുന്ന ക്യാമ്പുകള്‍ നിലവിലില്ല. ഈ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തണമെങ്കില്‍ പാക്കിസ്ഥാന്‍ അനുവദിക്കുമെന്നും പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ നല്‍കിയ എല്ലാ വിവരങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ട്. പുല്‍വാമ ആക്രമണത്തെ പിന്തുണച്ച് പുറത്തു വന്ന വിഡിയോകളും സന്ദേശങ്ങളും അയക്കാന്‍ ഉപയോഗിച്ച വാട്‌സാപ്പ്, ടെലിഗ്രാം നമ്പറുകളും പരിശോധിച്ചു. ഈ നമ്പറുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മൊബൈല്‍ കമ്പനികളില്‍ നിന്ന് തേടിയിട്ടുണ്ട്. വാട്‌സാപ്പില്‍ നിന്നും സഹായം ലഭിക്കാന്‍ യുഎസ് സര്‍ക്കാരിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ അറിയിച്ചു.