Sorry, you need to enable JavaScript to visit this website.

ബഹിരാകാശത്ത് ചട്ടങ്ങള്‍ വേണ്ടിവരും; മാലിന്യ മുന്നറിയിപ്പുമായി അമേരിക്ക

മിയാമി- ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം പരിശോധിച്ചുവരികയാണെന്ന്  അമേരിക്ക. അതേസമയം, ഇത്തരം പരീക്ഷണങ്ങള്‍ ബഹിരാകാശത്ത് ഉണ്ടാക്കാനിടയുള്ള അവശിഷ്ടങ്ങളുടെ പ്രശ്‌നം ഗുരുതരമാണന്ന് യു.എസ് ആക്ടിംഗ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹാന്‍ പറഞ്ഞു. ഇന്ത്യ നടത്തിയതു പോലുള്ള പരീക്ഷണങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങള്‍ ബഹിരാകാശം കൂടി താറുമാറാക്കാതിരിക്കാന്‍ ജാഗത്ര പുലര്‍ത്തണം.

ഇന്ത്യയുടെ പരീക്ഷണം ബഹിരാകാശത്ത് അവശിഷ്ട പ്രശ്‌നം ഉണ്ടാക്കിയിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. പരീക്ഷണത്തെ കുറിച്ച് പഠിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ അവിശഷ്ട പ്രശ്‌നം ഇന്ത്യന്‍ വിദേശമന്ത്രാലയം തള്ളി. അവശിഷ്ടങ്ങള്‍ സ്വയം നശിക്കുമെന്നും ആഴ്ചകള്‍ക്കുള്ളില്‍ ഭൂമിയില്‍ തന്നെ പതിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് ശേഷം ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നത്. ഉപഗ്രഹങ്ങളുടെ തന്നെ തുടക്ക ഘട്ടമായ 1959 ലാണ് അമേരിക്ക ആദ്യ ഉപഗ്രഹ വേധ പരീക്ഷണം നടത്തിയത്.
ബഹിരാകാശത്തെ അവലംബിക്കുന്നത് ആഗോള തലത്തില്‍തന്നെ വര്‍ധിച്ച സാഹചര്യത്തില്‍ ചട്ടങ്ങളുടേയും വ്യവസ്ഥകളുടേയും അനിവാര്യത വര്‍ധിച്ചിരിക്കയാണെന്ന് ഷനഹാന്‍ ചൂണ്ടിക്കാട്ടി.

 

Latest News