അരുണാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചപ്പോൾ അതിൽ നാല് വനിതകളുണ്ടായിരുന്നു. എന്നാൽ നാലിലൊരിടത്ത് പത്രിക നൽകാനെത്തിയത് പുരുഷ നേതാവ്. രണ്ട് വനിതാ നേതാക്കളെ അവഗണിച്ചതിനെതിരെ തന്നെ സംസ്ഥാന കോൺഗ്രസിൽ ശക്തമായ രോഷം പുകയുന്നുണ്ട്.
അറുപതംഗ നിയമസഭയിലേക്ക് ശനിയാഴ്ചയാണ് അമ്പത്തിമൂന്നംഗ സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചത്. ചാംഗ്‌ലാംഗ് നോർത് സീറ്റിൽ മരീന കെംഗ്ലാംഗ്, താലിയിൽ ദയൂമ പാറ, ആലോംഗ് വെസ്റ്റിൽ യമൻ ബാഗ്ര, നാംപോംഗിൽ കോമോലി മോസാംഗ് എന്നിവരായിരുന്നു വനിതാ സ്ഥാനാർഥികൾ. എന്നാൽ തിങ്കളാഴ്ച ചാംഗ്‌ലാംഗ് നോർത് സീറ്റിൽ മരീന കെംഗ്ലാംഗിനു പകരം പത്രിക നൽകിയത് തിംഗ്ഹാപ് തയ്ജുവാണ്. തിങ്കളാഴ്ചയായിരുന്നു പത്രിക നൽകേണ്ട അവസാന തീയതി.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ തകോം സഞ്‌ജോയ് ആണ് അവസാന മിനിറ്റിൽ സ്ഥാനാർഥിപ്പട്ടികയിൽ തിരിമറി നടത്തിയതെന്ന് കോംഗ്‌ലാംഗ് ആരോപിച്ചു. ഞാൻ തലസ്ഥാന നഗരിയിൽനിന്ന് ഏറെ ദൂരെയാണ് താമസിക്കുന്നത്. ഫോം എ-യും ബി-യും വാങ്ങാൻ അതിനാൽ ഒരു മഹിളാ കോൺഗ്രസ് പ്രതിനിധിയെയാണ് അയച്ചത്. എന്നാൽ താകോം സഞ്ജയ് ഫോം നൽകിയില്ല. പകരം കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ മുൻ എം.എൽ.എ തയ്ജുവിനെ വീണ്ടും നിർത്താൻ പദ്ധതി തയാറാക്കി -കേംഗ്‌ലാംഗ് ആരോപിച്ചു. തകാമിനെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. എ.ഐ.സി.സിയുടെ നിർദേശമാണ് അദ്ദേഹം ലംഘിച്ചത്. വനിതകൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്നും എ.ഐ.സി.സി നിർദേശമായിരുന്നു -കേംഗ്‌ലാംഗ് പറഞ്ഞു.
എന്നാൽ എ.ഐ.സി.സി പട്ടിക പ്രകാരമാണ് താൻ സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നും കേംഗ്‌ലാംഗിന്റെ പേര് സ്ഥാനാർഥിപ്പട്ടികയിൽ തെറ്റായി കടന്നുകൂടിയതാവാമെന്നുമാണ് തകാമിന്റെ വിശദീകരണം. 1999 മുതൽ താൻ കോൺഗ്രസ് പ്രവർത്തകയാണെന്നും ഒരു വ്യക്തി ചെയ്ത ദ്രോഹത്തിന്റെ പേരിൽ പാർട്ടി വിടില്ലെന്നും കേംഗ്‌ലാംഗ് പറഞ്ഞു.
എന്നാൽ മറ്റു രണ്ട് പ്രമുഖ വനിതാ നേതാക്കൾ ലോക്‌സഭാ സീറ്റ് നിഷേധിച്ചതിന്റെ പേരിൽ പാർട്ടി വിട്ടു. വനിതാ കമ്മീഷൻ മുൻ അധ്യക്ഷ ജാർജും എറ്റെ ജനതാദൾ സെക്യുലറിൽ ചേർന്നു. ജാർജും അരുണാചൽ വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാവും. യാചുലി നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാവാനുള്ള ശ്രമം പരാജയപ്പെട്ട ടോകോ യാരാമാണ് പാർട്ടി വിട്ട മറ്റൊരു വനിതാ ലീഡർ.