മുംബൈ- ബോളിവുഡിനെ ചടുല നൃത്തം കൊണ്ട് സമ്പന്നമാക്കിയ നടി ഊർമിള മടോൺകർ കോൺഗ്രസിൽ ചേർന്നു. രാഹുൽ ഗാന്ധിയിൽനിന്ന് ബൊക്കെ സ്വീകരിക്കുന്ന പടത്തോടൊപ്പമാണ് ഈ വിവരം അറിയിക്കുന്ന ഊർമിളയുടെ ട്വീറ്റ്.
45 കാരിയായ ഊർമിള മുംബൈ നോർത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നത്. സജീവ രാഷ്ട്രീയത്തിലേക്കുള്ള ചുവട് എന്നാണ് കോൺഗ്രസിൽ ചേർന്നതിനെ ഊർമിള വിശേഷിപ്പിക്കുന്നത്. തന്റെ കുടുംബം രാഷ്ട്രീയ ആശയങ്ങൾ വെച്ചുപുലർത്തിയവരും സാമൂഹിക അവബോധത്തിൽ വിശ്വസിച്ചിരുന്നവരുമാണ് -ഊർമിള പറഞ്ഞു.
മഹാത്മജിയുടേയും സർദാർ പട്ടേലിന്റേയും ആശയങ്ങളാൽ പ്രചോദിതരായവരാണ് തന്റെ കുടുംബം. വിദ്യാസമ്പന്നരായ കുടുംബത്തിൽനിന്നാണ് താൻ സിനിമയിലേക്കെത്തിപ്പെട്ടത്. എന്നാൽ ബാല്യം മുതലേ സാമൂഹിക ബോധമുള്ള പെൺകുട്ടിയായിരുന്നു താൻ -രാഷ്ട്രീയ പ്രവേശത്തെ നീതീകരിച്ച് ഊർമിള പറഞ്ഞു.
മുംബൈ കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്‌റ, മുൻ പി.സി.സി അധ്യക്ഷൻ സഞ്ജയ് നിരുപം എന്നിവരുടെ സാന്നിധ്യത്തിലാണ് ഊർമിള കോൺഗ്രസിൽ ചേർന്നത്.
1983 ൽ മസൂം എന്ന ചിത്രത്തിലൂടെയാണ് ഊർമിള ചലച്ചിത്ര രംഗത്തെത്തിയത്. 1995 ലെ രംഗീല എന്ന ചിത്രമാണ് അവരെ ബോളിവുഡിൽ ഉറപ്പിച്ചത്. യുവാക്കളെ ഹരം പിടിപ്പിച്ച ഊർമിളയുടെ നൃത്തങ്ങളാണ് രംഗീലയെ ബോക്‌സോഫീസ് ഹിറ്റാക്കിയത്.
സിനിമാ നടികൾ രാഷ്ട്രീയത്തിലിറങ്ങുന്നത് പതിവാണെന്നും ഗ്ലാമറിന്റെ പേരിൽ അവർക്ക് ആളെക്കൂട്ടാമെന്നതാണ് ഇതിന് പിന്നിലെ മനശ്ശാസ്ത്രമെന്നും ഊർമിള പറഞ്ഞു. എന്നാൽ തന്നെ അക്കൂട്ടത്തിൽ കാണരുത്.
ഇന്ത്യയിലെ മികച്ച കലാകാരിയായ ഊർമിളയെ വർഷങ്ങളായി തനിക്കറിയാം -മിലിന്ദ് ദേവ്‌റ പറഞ്ഞു. പ്രശ്‌നങ്ങളിൽ വ്യക്തമായ നിലപാടുള്ളവരാണ് അവർ. സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർക്കറിയാം. അങ്ങനെയൊരാളെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും മിലിന്ദ് പറഞ്ഞു.
മുംബൈയിലെ ആറ് ലോക്‌സഭാ സീറ്റുകളിൽ അടുത്ത മാസം 29 നാണ് വോട്ടെടുപ്പ്. മുംബൈ നോർത്തിൽ സ്ഥാനാർഥിയാവുകയാണെങ്കിൽ ഊർമിള നേരിടേണ്ടി വരിക ബി.ജെ.പിയിലെ ഗോപാൽ ഷെട്ടിയെയായിരിക്കും.