ബിഹാറിലെ ബെഗുസരായ് ലോക്‌സഭാ മണ്ഡലത്തിൽ രണ്ട് തീപ്പൊരികൾ ഏറ്റുമുട്ടുകയാണ്. ഇടതുപക്ഷ സ്ഥാനാർഥിയായി ജവാഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥി നേതാവ് കനയ്യകുമാർ ആദ്യമായി തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുമ്പോൾ ബി.ജെ.പി അണിനിരത്തുന്നത് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിനെയാണ്. സംഘപരിവാറിനെ എതിർക്കുന്നവരെയൊക്കെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയും പാക്കിസ്ഥാനിലേക്കയക്കാൻ കോപ്പു കൂട്ടുകയും ചെയ്യുന്ന ഗിരിരാജ് പലതവണ വിവാദമിളക്കിവിട്ട നേതാവാണ്. ഇരുവരെയും നേരിടാൻ ആർ.ജെ.ഡിയുടെ തൻവീർ ഹസനുമുണ്ട്. 2014 ലെ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയത് തൻവീറായിരുന്നു. ഇടതിനെ മഹാഗഡ്ബന്ധന്റെ ഭാഗമാക്കാൻ ആർ.ജെ.ഡി വിസമ്മതിച്ചതിനാലാണ് ഇവിടെ ത്രികോണപ്പോരാട്ടത്തിന് കളമൊരുങ്ങിയത്.
ഗിരിരാജ് സിംഗ് നവാദയിൽനിന്നാണ് കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ തെരഞ്ഞെടുപ്പ് ധാരണപ്രകാരം ലോക്ജനശക്തി പാർട്ടിക്കാണ് ഈ മണ്ഡലം കിട്ടിയത്. ബിഹാറിൽ മണ്ഡലം മാറി മത്സരിക്കുന്ന ഏക ബി.ജെ.പി സ്ഥാനാർഥിയാണ് ഗിരിരാജ്. അതിന്റെ അതൃപ്തി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചു. തന്റെ അഭിമാനത്തിന് മുറിവേറ്റതായി അദ്ദേഹം പറഞ്ഞു. ബെഗുസരായിയോട് എതിർപ്പൊന്നുമില്ല. എങ്കിലും എന്തിനാണ് ഇവിടേക്ക് മാറ്റിയതെന്ന് പാർട്ടി നേതൃത്വം വിശദീകരിക്കണം. ആത്മാഭിമാനം വിട്ട് ഒരു കളിയുമില്ല -അദ്ദേഹം പറഞ്ഞു.
ഇതിനെ കനയ്യകുമാർ കണക്കിന് കളിയാക്കി. ആളുകളെ പാക്കിസ്ഥാനിലേക്കയക്കുന്ന വിസ ഓഫീസായി പ്രവർത്തിക്കുന്നയാൾക്ക് നവാദയിൽനിന്ന് ബെഗുസരായിയിലേക്ക് പോകാൻ എന്താ ഇത്ര വിഷമമെന്ന് കനയ്യ ചോദിച്ചു. ബെഗുസരായിയിലേക്ക് വണക്കം എന്ന ഫെയ്‌സ്ബുക് പോസ്റ്റിൽ കനയ്യ എഴുതി: 'അയൽരാജ്യത്തേക്ക് ആളുകളെ കയറ്റിവിടുന്ന പാക്കിസ്ഥാൻ ടൂർ ആന്റ് ട്രാവൽസ് ഡിപ്പാർട്‌മെന്റ് വിസ മന്ത്രിക്ക് നവാദയിൽനിന്ന് ബെഗുസരായിയിലേക്ക് മാറ്റിയപ്പോൾ മുറിവേറ്റു പോലും. ഗൃഹപാഠം ചെയ്യാത്ത കുട്ടികൾ സ്‌കൂളിൽ പോവാൻ മടിക്കുന്നതു പോലെ തോന്നുന്നു അദ്ദേഹത്തെ കാണുമ്പോൾ. എനിക്കുമുണ്ട് ഗൃഹപാഠം ചെയ്യാത്ത അനന്തരവൻ. എന്നാൽ അവൻ ആരെയും പാക്കിസ്ഥാനിലേക്കയക്കാറില്ല.'.
2014 ൽ നരേന്ദ്ര മോഡി അധികാരത്തിലേറിയപ്പോൾ മുതൽ ഗിരിരാജ് സിംഗ് വിവാദ പ്രസ്താവനകൾ തുടങ്ങിയിരുന്നു. മോഡിയെ എതിർക്കുന്നവർ പാക്കിസ്ഥാനിലേക്ക് പോവണമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ ആദ്യ പ്രസ്താവന. ഈ മാസം മൂന്നിന് മോഡി പട്‌നയിൽ നടത്തിയ റാലിയിൽ പങ്കെടുക്കാത്തവരെല്ലാം ദേശദ്രോഹികളാണെന്ന പ്രസ്താവനയായിരുന്നു അവസാന വിവാദം. കൗതുകമെന്നു പറയാം, അസുഖം കാരണം ഗിരിരാജ് സിംഗിന് ആ റാലിയിൽ സംബന്ധിക്കാനായില്ല.
ബിഹാറിൽ ഇടതിന്റെ മോസ്‌കോയായാണ് ബെഗുസരായ് അറിയപ്പെടുന്നത്. എങ്കിലും 1967 ലാണ് അവസാനമായി പാർട്ടി ഇവിടെനിന്ന് ജയിച്ചത്. പലതവണ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2014 ലാണ് ആദ്യമായി ഇവിടെനിന്ന് ബി.ജെ.പി ജയിക്കുന്നത്. എന്നാൽ സിറ്റിംഗ് എം.പി ഭോലാ സിംഗ് കഴിഞ്ഞ ഒക്ടോബറിൽ മരിച്ചു. ബെഗുസരായിലെ ഭൂരിപക്ഷ സമുദായമായ ഭൂമിഹാറിൽ പെട്ടതാണ് കനയ്യയയും ഗിരിരാജ് സിംഗും.
1987 ൽ ബെഗുസരായിലാണ് കനയ്യകുമാർ ജനിച്ചത്. മണ്ണിന്റെ മകനെന്നത് തനിക്ക് ഗുണം ചെയ്യുമെന്ന് വിദ്യാർഥി നേതാവ് കരുതുന്നു. 'നേതാ നഹീ, ബേട്ടാ' (നേതാവല്ല, മണ്ണിന്റെ മകൻ) എന്ന പ്രചാരണം മണ്ഡലത്തിൽ ജനശ്രദ്ധയാകർഷിക്കുകയാണ്. കനയ്യ ഫോർ ബെഗുസരായ് എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ വൻ തരംഗമായിക്കഴിഞ്ഞു. ജിഗ്‌നേഷ് മേവാനിയെ പോലുള്ള യുവനേതാക്കൾ പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ ഗ്രാമീണർ ഏറെയുള്ള തന്റെ മണ്ഡലത്തിൽ സോഷ്യൽ മീഡിയ തരംഗമൊന്നും വലിയ സ്വാധീനം ചെലുത്തില്ലെന്ന് കനയ്യ തുറന്നു സമ്മതിക്കുന്നു. അതിനാൽ പരമാവധി വോട്ടർമാരെ നേരിട്ടു കാണുകയാണ്. മണ്ഡലത്തിലെ 257 പഞ്ചായത്തുകളിൽ ഇരുനൂറ്റിപ്പതിനഞ്ചിലും കനയ്യകുമാർ വോട്ടഭ്യർഥിച്ച് പര്യടനം നടത്തിക്കഴിഞ്ഞു. മോഡിയും ജനങ്ങളും തമ്മിലുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്ന് കനയ്യ പറയുന്നു. മോഡിയെ പിന്തുണക്കുന്നവർ ഗിരിരാജിന് വോട്ട് ചെയ്യും. എതിർക്കുന്നവർ തനിക്കും. ആർ.ജെ.ഡി സ്ഥാനാർഥി തൻവീർ ഹസൻ മണ്ഡലത്തിൽ വലിയ ഘടകമാവില്ലെന്നാണ് കനയ്യ കരുതുന്നത്.
ഈ ഗവൺമെന്റിനോട് എല്ലാവർക്കും എതിർപ്പുണ്ട്. എന്നാൽ ചിലർ മോഡി മുസ്‌ലിംകളെ നിലയ്ക്കുനിർത്തിയെന്ന് വിശ്വസിച്ച് അദ്ദേഹത്തെ പിന്തുണക്കുകയാണ്. ഞെട്ടിക്കുന്ന വികാരമാണ് ഇത്. ഈ വികാരമാണ് ബി.ജെ.പി പൊലിപ്പിക്കാൻ ശ്രമിക്കുന്നത് -കനയ്യ ചൂണ്ടിക്കാട്ടി.