ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. ആസ്ഥാനത്തെ ചൗക്കിദാറുടെ (വാച്ച്മാന്‍) കൈയില്‍ രാജിക്കത്ത് കൊടുത്ത് ഹര്‍ദോയി എം.പി അന്‍ഷുല്‍ വര്‍മ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് നിലവില്‍ ഹര്‍ദോയി എം.പിയായ അന്‍ഷുല്‍ വര്‍മ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ബി.ജെ.പിയിലെ നേതാക്കളും പ്രവര്‍ത്തകരും ചൗക്കിദാറാണെന്ന് പ്രഖ്യാപിച്ചു കൊണ്ടിരിക്കെയാണ് താന്‍ പാര്‍ട്ടി ആസ്ഥാനത്തെ ചൗക്കിദാറിനെയാണ് രാജിക്കത്ത് ഏല്‍പിച്ചതെന്ന് അന്‍ഷുല്‍ ശര്‍മ വ്യക്തമാക്കിയത്.
ടിക്കറ്റ് നിഷേധിച്ചതിന്റെ കാരണം ചോദിച്ചപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് നേതാക്കളാരും മറുപടി നല്‍കുന്നില്ല. ഉത്തരവാദപ്പെട്ട നേതാക്കളാരും കാണാന്‍ പോലും കൂട്ടാക്കുന്നില്ല- അദ്ദേഹം പറഞ്ഞു.
ഹര്‍ദോയി മണ്ഡലത്തില്‍ ജയ് പ്രകാശ് റാവത്തിനെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
സബ്കാ സാത് സബ്കാ വികാസ് എന്നത് സബ്കാ സാത് ബി.ജെ.പികാ വികാസ് ആക്കിയിരിക്കയാണെന്നും യു.പിയിലെ ഓരോ ജില്ലാ ആസ്ഥാനത്തും കോടികള്‍ ചെലവഴിച്ചാണ് ബി.ജെ.പി ഓഫീസുകള്‍ പണികഴിപ്പിച്ചിരിക്കുന്നതെന്നും അന്‍ഷുല്‍ വര്‍മ പറഞ്ഞു.
ചൗക്കിദാറുമാരുടെ തനിനിറം തുറന്നു കാണിക്കാന്‍ അനുഷല്‍ വര്‍മക്ക് സാധിക്കുമെന്നും ദളിത് സമൂഹത്തില്‍നിന്നുളള യുവനേതാവിനെ സ്വാഗതം ചെയ്യുന്നുവെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. സംസ്ഥാനത്ത് വിദ്യാര്‍ഥികളും യുവജനങ്ങളും കര്‍ഷകരും നിരാശയിലാണെന്നും ബി.ജെ.പിക്ക് ഒരു സീറ്റിലധികം കിട്ടില്ലെന്നും അഖിലേഷ് യാദവ് അവകാശപ്പെട്ടു.