പുല്‍വാമയില്‍ ഉടന്‍ തിരിച്ചടി നല്‍കിയിരുന്നേനെയെന്ന് അസം ഖാന്‍

ലഖ്‌നൗ- താനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ പുല്‍വാമ ഭീകരാക്രമണത്തിന് സെക്കന്റുകള്‍ക്കകം മറുപടി നല്‍കിയേനെയെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. 40 സി.ആര്‍.പി.എഫ് ഭടന്മാരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് മറുപടി നല്‍കാന്‍ 40 സെക്കന്റ് പോലും കാത്തിരിക്കുമായിരുന്നില്ല. പ്രത്യാഘാതങ്ങള കുറിച്ചൊന്നും ആലോചിക്കാതെ പാക്കിസ്ഥാനില്‍ ആക്രമണം നടത്തുമായിരുന്നു- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം 14-നാണ് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ ശ്രീനഗര്‍-ജമ്മു ഹൈവൈയില്‍ ചാവേര്‍ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരെ കൊലപ്പെടുത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്ത പാക്കിസ്ഥാന്‍ ആസ്ഥാനമായ ജയ്‌ശെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
ഉത്തര്‍പ്രദേശിലെ രാംപൂര്‍ മണ്ഡലത്തില്‍നിന്നാണ് സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് യു.പിയില്‍ വോട്ടെടുപ്പ്.

Latest News