അബുദബി- യുഎഇയിലെ അധ്യാപകരുള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാരുടെ ഭാവി ആശങ്കയിലാക്കിയ ഡിഗ്രി തുല്യതാ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നം പരിഹരിച്ചതായി യുഎഇയിലെ ഇന്ത്യന്‍ അംബാഡര്‍ നവദീപ് സിങ് സൂരി അറിയിച്ചു. ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം തത്തുല്യമായി അംഗീകരിക്കാത്തതായിരുന്നു പശ്‌നം. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്ന ഡിഗ്രി മാര്‍ക്ക് ലിസ്റ്റുകളില്‍ ഇന്റേണല്‍, എക്‌സ്റ്റേണല്‍ മാര്‍ക്കുകള്‍ വേര്‍ത്തിരിച്ച് കാണിച്ചതു സംബന്ധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് വ്യക്തതക്കുറവുണ്ടായിരുന്നു. എക്‌സ്റ്റേണല്‍ എന്ന് രേഖപ്പെടുത്തിയത് പഠിച്ച സ്ഥലമാണെന്ന ധാരണയിലാണ് പ്രവാസി ഇന്ത്യക്കാര്‍ക്കു തുല്യതാ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നത്. എന്നാല്‍ ഇത് മൂല്യ നിര്‍ണയ രീതി മാത്രമാണെന്ന് എംബസി വിദ്യാഭ്യാസ മന്ത്രാലയത്തെ ബോധ്യപ്പെടുത്തുകയും ഇത് സ്വീകരിക്കുകയും ചെയ്തു.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അംബാഡര്‍ നവ്ദീപ് സിങ് സൂരി യുഎഇ വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ ഹമ്മാദിയുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു. എക്‌സ്റ്റേണല്‍ മാര്‍ക്ക് സംബന്ധിച്ച ആശയക്കുഴപ്പം അകറ്റാന്‍ യുണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ (യു.ജി.സി) രേഖകളടക്കം എംബസി മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇതു പുനഃപരിശോധിച്ച് പ്രശ്‌നം പരിഹരിച്ചതായി എംബസിയെ മന്ത്രാലയം അറിയിച്ചത്.
ഈ പ്രശ്‌നത്തെ അനുഭാവ പൂര്‍വം സമീപിച്ച മന്ത്രി ഹുസൈന്‍ അല്‍ ഹമ്മാദിക്ക് അംബാസഡര്‍ നന്ദി അറിയിച്ചു. ഇതിനു പരിഹാരമായതോടെ നിരവധി ഇന്ത്യന്‍ അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയില്‍ ജോലി ചെയ്യുന്നതിന് പ്രൊഫഷണലുകള്‍ക്ക് അവരുടെ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നല്‍കുന്ന തുല്യതാ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ഇത്തരത്തില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ച നിരവധി ഇന്ത്യക്കാരുടെ അപേക്ഷകളാണ് മാര്‍ക്ക് ലിസ്റ്റിലെ എക്‌സ്റ്റേണല്‍ മാര്‍ക്ക് സംബന്ധിച്ച ആശയക്കുഴപ്പം മൂലം യുഎഇ തള്ളിയത്. ഇത് നിരവധി പേരുടെ ഭാവി ആശങ്കയിലാക്കിയതോടെ പ്രവാസി സംഘടനകളും സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഇടപെടുകയായിരുന്നു.
മറ്റു മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന പക്ഷം തുല്യതാ സര്‍ട്ടിഫിക്കറ്റ് നിരസിക്കപ്പെട്ട മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ഇത് അനുവദിക്കുമെന്നും യുഎഇ അധികൃതര്‍ വ്യക്തമാക്കി. ഇതിന് അല്‍പ്പം സമയമെടുക്കുമെന്നും അപേക്ഷകര്‍ സഹകരിക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അപേക്ഷകളുടെ ആധിക്യം കാരണം പടിപടിയായാണ് ഈ അപേക്ഷകള്‍ പുനപ്പരിശോധിക്കുക എന്നും എംബസി അറിയിച്ചു.