പനജി- മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഗോവയില്‍ സര്‍ക്കാര്‍ വീഴാതെ നോക്കാന്‍ ബിജെപിക്കായെങ്കിലും അണിയറയിലെ രാഷ്ട്രീയ നീക്കങ്ങള്‍ അവസാനിക്കുന്നില്ല. അധികാരം പിടിച്ചു നിര്‍ത്താന്‍ സഹായിച്ച ബിജെപി സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി)യുടെ രണ്ടു എംഎല്‍എമാര്‍ ബിജെപിയിലേക്കു കാലുമാറി. കഴിഞ്ഞ ദിവസം രാത്രി ബിജെപി നടത്തിയ രാഷ്ട്രീയ നീക്കത്തിലൂടെയാണ് എം.ജി.പി അംഗങ്ങളായ ടൂറിസം മന്ത്രി മനോഹര്‍ അജ്‌ഗോങ്കറും എംഎല്‍എ ദീപക് പവാസ്‌ക്കറും ബിജെപിയില്‍ ചേര്‍ന്നത്. എം.ജി.പി നിയമസഭാ കക്ഷി വിഭാഗത്തെ ബിജെപിയുടെ നിയമസഭാ പാര്‍ട്ടിയില്‍ ലയിപ്പിച്ചതായി അറിയിച്ച് ഇരുവരും ഒപ്പുവച്ച കത്ത് ബുധനാഴ്ച പുലര്‍ച്ചെയാണ് സ്പീക്കര്‍ മിഖായേല്‍ ലോബോക്ക് കൈമാറിയത്. എംജിപിയുടെ ശേഷിക്കുന്ന മൂന്നാമത്തെ എംഎല്‍എയായ ഉപമുഖ്യമന്ത്രി സുദിന്‍ ധവാലിക്കര്‍ ഈ കത്തില്‍ ഒപ്പു വച്ചിരുന്നില്ല. ഇതോടെ സഭയിലെ ബിജെപി അംഗബലം 14 ആയി. കോണ്‍ഗ്രസിനു 14 അംഗങ്ങളുണ്ട്.
ഇതിനു പിന്നാലെയാണ് ധവാലിക്കറിനെ ഉപമുഖ്യമന്ത്രി പദവിയില്‍ നിന്ന് നീക്കിയത്. സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം നടത്തിയപ്പോള്‍ മൂന്ന് അംഗങ്ങളുള്ള എം.ജി.പിയെ കൂടെ നിര്‍ത്താനാണ് ധവാലിക്കറിന് ഉപമുഖ്യമന്ത്രി പദവി നല്‍കിയിരുന്നത്. പാര്‍ട്ടിയുടെ മറ്റു രണ്ടു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ അദ്ദേഹത്തിന്റെ വകുപ്പുകള്‍ ഏറ്റെടുത്തതായി അറിയിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗവര്‍ണര്‍ക്കു കത്തെഴുതി.
എം.ജി.പിക്കുള്ളിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ടു എംഎല്‍എമാരും പാര്‍ട്ടി വിട്ട് മറ്റൊരു ഘടകം രൂപീകരിച്ച ശേഷമാണ് ബിജെപിക്കൊപ്പം ചേര്‍ന്നത്. രണ്ടു എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതിനാല്‍ ഇവര്‍ കൂറുമാറ്റ നിരോധന നിയമ പരിധിയില്‍ വരില്ല.
'രാത്രിയുടെ മറവില്‍ എംജിപി എംഎല്‍എമാരെ കവര്‍ന്ന ചൗക്കിദാര്‍മാര്‍ ഗോവയിലെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ജനങ്ങള്‍ ഇത് കാണുന്നുണ്ട്. എന്തു ചെയ്യണമെന്ന് ജനങ്ങള്‍ തന്നെ തീരുമാനിക്കും,' ഉപമുഖ്യമന്ത്രി പദവി ലഭിച്ച് ദിവസങ്ങള്‍ക്കും ശേഷം അതു നഷ്ടമായ സുദിന്‍ ധവാലിക്കര്‍ പ്രതികരിച്ചു.
പാര്‍ട്ടി എംഎല്‍എമാരായ അജ്‌ഗോങ്കരിനേയും പവാസ്‌ക്കറേയും പാര്‍ട്ടിയില്‍ നിന്നും റാഞ്ചി സുദിന്‍ ധവാലിക്കറെ ഒറ്റപ്പെടുത്താന്‍ എതിരാളികള്‍ ശ്രമിക്കുന്നതായി ചൊവ്വാഴ്ച എം.ജി.പി അധ്യക്ഷന്‍ ദീപക് ധവാലിക്കര്‍ ആരോപിച്ചിരുന്നു. ഇതു ഗൗരവത്തിലെടുക്കുമെന്നും സര്‍ക്കാരിനെ താഴെയിറക്കാനും മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി സഭയിലെ എം.ജി.പിയെ വേരോടെ പിഴുത് പാര്‍ട്ടിയിലെത്തിച്ചത്.