Sorry, you need to enable JavaScript to visit this website.

ആസിഡ് ആക്രമണം: സൗദി യുവതിയുടേയും വിദേശിയുടേയും ശിക്ഷ ഇരട്ടിയാക്കി

ജിദ്ദ- അനന്തര സ്വത്ത് വീതം വെക്കുന്നതിനെ ചൊല്ലിയുള്ള കുടുംബ കലഹത്തെ തുടർന്ന് സഹോദരനു നേരെ ആസിഡ് ആക്രമണം നടത്തുന്നതിന് വിദേശിയെ പ്രേരിപ്പിച്ച സൗദി യുവതിക്ക് ക്രിമിനൽ കോടതി കൂടുതൽ കടുത്ത ശിക്ഷ വിധിച്ചു. യുവതിക്കും മുഖ്യപ്രതിയായ വിദേശിക്കും ക്രിമിനൽ കോടതി ആദ്യം വിധിച്ച ശിക്ഷ മക്ക അപ്പീൽ കോടതി റദ്ദാക്കിയിരുന്നു. യുവതിക്ക് കൂടുതൽ കടുത്ത ശിക്ഷ വിധിക്കണമെന്ന് അപ്പീൽ കോടതി ഉത്തരവിടുകയും ചെയ്തു. യുവതിക്ക് രണ്ടു വർഷം തടവും ആസിഡ് ആക്രമണം നടത്തിയ വിദേശിക്ക് നാലു വർഷം തടവുമാണ് ക്രിമിനൽ കോടതി ആദ്യം വിധിച്ചത്. ഈ ശിക്ഷ ലഘുവാണെന്ന് അപ്പീൽ കോടതി വിലയിരുത്തി. ഇരുവർക്കും കൂടുതൽ കടുത്ത ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ പബ്ലിക് പ്രോസിക്യൂഷനിലേക്കു തന്നെ അപ്പീൽ കോടതി തിരിച്ചയക്കുകയായിരുന്നു.


ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും മുഖങ്ങൾക്കു നേരെ ആസിഡ് ഒഴിക്കുന്നത് ഏറ്റവും പൈശാചികമായ കുറ്റകൃത്യമാണെന്നും ഇത് കൊലക്കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണെന്നും അപ്പീൽ കോടതി പറഞ്ഞു. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആസിഡ് ആക്രമണം നടത്തിയതെന്ന് തെളിയുന്ന പക്ഷം പ്രതികൾക്ക് വധശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രിമിനൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷനോട് അപ്പീൽ കോടതി ആവശ്യപ്പെട്ടു. അപ്പീൽ കോടതി നിർദേശാനുസരണം പ്രതികൾക്കുള്ള തടവു ശിക്ഷ ഇരട്ടിയായി ക്രിമിനൽ കോടതി ഉയർത്തി. യുവതിക്ക് നാലു വർഷം തടവും മുഖ്യപ്രതിയായ വിദേശിക്ക് എട്ടു വർഷം തടവുമാണ് കോടതി വിധിച്ചത്. പൊതു അവകാശ കേസിലാണ് പ്രതികളെ ക്രിമിനൽ കോടതി ശിക്ഷിച്ചത്. സ്വകാര്യ അവകാശ കേസിൽ പ്രതികളെ പിന്നീട് വിചാരണ ചെയ്യും. 


രണ്ടു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. സഹോദരനും കുടുംബത്തിനും നേരെ ആസിഡ് ആക്രമണം നടത്തുന്നതിന് വിദേശിയെ സൗദി യുവതി പ്രേരിപ്പിക്കുകയായിരുന്നു. കൃത്യം നടത്തുന്നതിന് പത്തു ലക്ഷം റിയാലും വിലപിടിച്ച കാറുമാണ് യുവതി വിദേശിക്ക് വാഗ്ദാനം ചെയ്തത്. മുൻകൂറായി അര ലക്ഷം റിയാൽ വിദേശിക്ക് യുവതി കൈമാറി. അവശേഷിക്കുന്ന തുകയും കാറും കൃത്യം വിജയകരമായി നടപ്പാക്കിയ ശേഷം കൈമാറുമെന്നായിരുന്നു വാഗ്ദാനം. യുവതിയുടെ സഹോദരനും ഭാര്യക്കും നാലു മക്കൾക്കും നേരെയാണ് വിദേശി ആസിഡ് ആക്രമണം നടത്തിയത്. വീട്ടിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറുന്നതിനിടെ വാഹനത്തിനകത്തു വെച്ചാണ് ആറംഗ കുടുംബം ആസിഡ് ആക്രമണത്തിന് വിധേയരായത്. ആസിഡ് ആക്രമണത്തിൽ ഇവരിൽ ചിലർക്ക് കാഴ്ച ശക്തി നഷ്ടപ്പെടുകയും കുടുംബാംഗങ്ങളുടെ മുഖങ്ങൾ വികൃതമാവുകയും ചെയ്തിരുന്നു. 

Latest News