Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ടെലികോം കമ്പനികൾക്കെതിരെ ഒരു ലക്ഷത്തോളം പരാതികൾ

റിയാദ്- രാജ്യത്തെ ടെലികോം കമ്പനികൾക്കെതിരെ ഉപയോക്താക്കളിൽ നിന്ന് പ്രതിവർഷം ഒരു ലക്ഷത്തോളം പരാതികൾ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷന് ലഭിക്കുന്നതായി കമ്മീഷൻ ഡെപ്യൂട്ടി ഗവർണർ ഡോ. മുഹമ്മദ് അൽതമീമി വെളിപ്പെടുത്തി. ടെലികോം കമ്പനികൾ പുറത്തിറക്കുന്ന പാക്കേജുകളുടെ പ്രത്യേകതകളെ കുറിച്ച മുഴുവൻ വിശദാംശങ്ങളും ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രചാരണ കാമ്പയിൻ ആരംഭിക്കുന്നത് പ്രഖ്യാപിക്കുന്നതിന് കമ്മീഷൻ ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ. മുഹമ്മദ് അൽതമീമി. 
ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികൾക്ക് സാധ്യമായത്ര വേഗത്തിൽ പരിഹാരം കാണുന്നതിന് അതോറിറ്റി ശ്രമിക്കുന്നു. നിയമ, വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ടെലികോം കമ്പനികളിൽ കമ്മീഷൻ ഫീൽഡ് പരിശോധനകൾ നടത്തുന്നുണ്ട്. 
വിവേചനങ്ങൾ കൂടാതെ എല്ലാ പ്രവിശ്യകളിലും തുല്യനിലവാരത്തിലും ഗുണമേന്മയിലുമുള്ള സേവനങ്ങളാണ് ടെലികോം കമ്പനികൾ നൽകുന്നതെന്ന് ഉറപ്പുവരുത്തുന്നതിന് കമ്മീഷൻ ശ്രമിക്കുന്നുണ്ട്. ജനസംഖ്യ കുറഞ്ഞ ചില പ്രവിശ്യകളിൽ സേവനങ്ങൾ നൽകുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് ടെലികോം കമ്പനികൾക്ക് സർക്കാർ സഹായങ്ങൾ ലഭിക്കുന്നുണ്ട്. നാലാമതൊരു ടെലികോം കമ്പനിക്ക് ലൈസൻസ് നൽകുന്നതിന് നിലവിൽ നീക്കമില്ല. ആവശ്യമെങ്കിൽ ഭാവിയിൽ പുതിയ കമ്പനികൾക്ക് ലൈസൻസ് നൽകും. കമ്മീഷൻ നിർദേശങ്ങൾ ലംഘിക്കുന്ന ടെലികോം കമ്പനികൾക്ക് രണ്ടര കോടി റിയാൽ വരെ പിഴ ചുമത്തും. 
ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന പാക്കേജുകളും ഓഫറുകളുമായും ബന്ധപ്പെട്ട പ്രത്യേകതകൾ പരസ്യപ്പെടുത്തുന്നതിന് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ടെലികോം കമ്പനികൾക്ക് കമ്മീഷൻ നിർദേശം നൽകി. ടെലികോം കമ്പനികൾ പുറത്തിറക്കുന്ന പാക്കേജുകളിൽ വരിചേരുന്നതിനു മുമ്പായി അനുയോജ്യമായ തീരുമാനങ്ങളെടുക്കുന്നതിന്  ഉപയോക്താക്കൾക്ക് അവസരമൊരുക്കുന്നതിനുള്ള കമ്മീഷന്റെ പ്രതിജ്ഞാബദ്ധതയാണ് പുതിയ പ്രചാരണ കാമ്പയിൻ പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. മുഹമ്മദ് അൽതമീമി പറഞ്ഞു. പാക്കേജുകളുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും വെളിപ്പെടുത്തുന്നതിന് ടെലികോം കമ്പനികളെ കമ്മീഷൻ നിർബന്ധിക്കും. ഇത് എല്ലാ ടെലികോം കമ്പനികൾക്കും ബാധകമാണ്. 
വരിചേരുന്നതിന് ആഗ്രഹിക്കുന്ന പാക്കേജുകളുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും വിവരങ്ങളും വെളിപ്പെടുത്തുന്നതിന് ടെലികോം കമ്പനികളോട് ആവശ്യപ്പെടുന്നതിന് ഉപയോക്താക്കൾക്ക് അവകാശമുണ്ട്. ഏതെങ്കിലും ടെലികോം കമ്പനികൾ കമ്മീഷന്റെ നിർദേശം പാലിക്കാത്തതിനെ കുറിച്ച് ഉപയോക്താക്കളിൽ നിന്ന് പരാതികൾ ലഭിച്ചാൽ കമ്പനികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ഡോ. മുഹമ്മദ് അൽതമീമി പറഞ്ഞു. 

Latest News