Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ സീറ്റ് നിഷേധിച്ചു; പാര്‍ട്ടി ഓഫീസിലെ 300 'സീറ്റു'കളുമായി കോണ്‍ഗ്രസ് എംഎല്‍എ സ്ഥലം വിട്ടു

ഔറംഗാബാദ്- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ അബ്ദുല്‍ സത്താല്‍ അനുയായികളെ കൂട്ടി പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ എടുത്തു കൊണ്ടു പോയി. താന്‍ പാര്‍ട്ടി വിട്ടെന്നും ഈ കേസരകള്‍ തന്റേതാണെന്നും സില്ലോഡ് എംഎല്‍എയായ സത്താര്‍ പറഞ്ഞു. ഷാഗഞ്ചില്‍ പാര്‍ട്ടി ഓഫീസായ ഗാന്ധി ഭവനില്‍ കോണ്‍ഗ്രസും സഖ്യകക്ഷിയായ എന്‍സിപിയും സംയുക്ത യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗം നടക്കുന്നതിനു മുമ്പാണ് സത്താല്‍ അനുയായികലെ കൂട്ടി വന്ന് കസേരകള്‍ കൊണ്ടു പോയത്. ഈ യോഗം പിന്നീട് എന്‍സിപി ഓഫീസില്‍ ചേര്‍ന്നു.

ഔറംഗാബാദ് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് സത്താര്‍. ഔറംഗാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും പ്രതീക്ഷിച്ചിരുന്്‌നു. എന്നാല്‍ എംഎല്‍സിയായ സുഭാഷ് ഷംബാദിനെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. ഇത് സത്താറിനെ ചൊടിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച ഗാന്ധി ഭവനില്‍ യോഗം നടക്കുന്നുണ്ടെന്നറിഞ്ഞ സത്താര്‍ അണികളെ വിട്ട് കസേരകള്‍ എടുത്തു മാറ്റിക്കുകയായിരുന്നു. 'ഈ കേസരകള്‍ എന്റേതാണ്. കോണ്‍ഗ്രസ് യോഗങ്ങള്‍ക്കു വേണ്ടി നല്‍കിയതായിരുന്നു. ഞാനിപ്പോള്‍ പാര്‍ട്ടി വിട്ടിരിക്കുന്നു. അതുകൊണ്ട് കസേരകളും തിരിച്ചെടുത്തു. സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയവര്‍ തന്നെ പ്രചാരണത്തിനു ക്രമീകരങ്ങളും നടത്തട്ടെ,' സത്താല്‍ പ്രതികരിച്ചു. ഔറംഗാബാദില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തിലാണ് സത്താര്‍.

സത്താറിന് കസേരകള്‍ ആവശ്യമുള്ളത് കൊണ്ടാകാം അദ്ദേഹം അവ എടുത്തത്. ഞങ്ങള്‍ക്ക് നിരാശയില്ല. സത്താര്‍ ഇപ്പോഴും കോണ്‍ഗ്രസിലുണ്ട്. അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചിട്ടില്ല- സ്ഥാനാര്‍ത്ഥി സുഭാഷ് സംഭവത്തെ കുറിച്ചു പറഞ്ഞു.
 

Latest News