മലപ്പുറം- പൊന്നാനിയിൽ ഇത്തവണ പോരാട്ടം കനത്തതാണ്. ഹാട്രിക് വിജയത്തിനായി യു.ഡി.എഫ് സ്ഥാനാർഥി മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പ്രചാരണ രംഗത്ത് സജീവമാകുമ്പോൾ ഇത്തവണ അട്ടിമറിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇടതു സ്വതന്ത്രൻ പി.വി. അൻവർ നിലമ്പൂരിൽനിന്ന് പൊന്നാനിയിലെത്തിയിട്ടുള്ളത്. ഇത്തവണ അനുകൂലവോട്ടുകളുടെ എണ്ണം വർധിപ്പിക്കാനുറച്ചാണ് ബി.ജെ.പി സ്ഥാനാർഥി പ്രൊഫ. വി.ടി. രമ മത്സര രംഗത്തുള്ളത്.
1977 ന് ശേഷം മുസ്‌ലിംലീഗ് സ്ഥാനാർഥികളെ മാത്രം വിജയിപ്പിച്ച് പോരുന്ന പൊന്നാനിയിൽ ഇത്തവണ മത്സരം കടുത്തതാണ്. കുറെ വർഷങ്ങളായി മണ്ഡലത്തിൽ ഇടതുമുന്നണി നേടി വരുന്ന വളർച്ച മുസ്‌ലിംലീഗിനെ ആശങ്കപ്പെടുത്തുന്നുണ്ട്. പൊതുസ്വതന്ത്രനെ നിർത്തി വിജയപ്പിച്ചെടുക്കുന്ന ഇടതുപക്ഷ തന്ത്രം ഇത്തവണ യു.ഡി.എഫിന് വെല്ലുവിളി ഉയർത്തുന്നു. ഇത് മുന്നിൽ കണ്ട് വിശ്രമമില്ലാത്ത പ്രചാരണമാണ് യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ നടത്തുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. കുറെ കാലങ്ങളായി കടുത്ത മത്സരം നടക്കാത്ത പൊന്നാനിയിൽ കഴിഞ്ഞ തവണ ഇടതുസ്വതന്ത്രൻ വി.അബ്ദുറഹ്മാനെ രംഗത്തിറക്കി ഇടതുപക്ഷം പട നയിച്ചപ്പോൾ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കാൽലക്ഷത്തിലേക്ക് ചുരുങ്ങി. മാത്രമല്ല, മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് ലീഡ് നേടാനുമായി. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിന്റെ ഗുണഫലം അനുഭവിച്ചതും ഇടതുപക്ഷമാണ്. ഇത്തവണയും അതേ രീതിയിൽ കടുത്ത മത്സരം കാഴ്ചവെക്കാൻ തന്നെയാണ് പൊന്നാനിയിൽ ഇടതുമുന്നണി നീക്കങ്ങൾ നടത്തുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇ.ടി. മുഹമ്മദ് ബഷീർ ഇടതുസ്വതന്ത്രൻ വി.അബ്ദുറഹ്മാനെ തോൽപ്പിച്ചത് 25410 വോട്ടുകൾക്കാണ്. മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 43.4 ശതമാനം വോട്ടുകൾ മുഹമ്മദ് ബഷീറിന് ലഭിച്ചപ്പോൾ വി. അബ്ദുറഹ്മാന് 40.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന നാരായണൻ മാസ്റ്റർക്ക് 8.6 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
മണ്ഡലത്തിലെ പരമ്പരാഗത യു.ഡി.എഫ് വോട്ടുകളിൽ തന്നെയാണ് ഇത്തവണയും മുഹമ്മദ് ബഷീറിന്റെ പ്രതീക്ഷ. തിരൂരിരങ്ങാടി, താനൂർ,തിരൂർ, കോട്ടക്കൽ നിയമസഭാ മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡുള്ളത്. തിരൂരങ്ങാടിയിൽനിന്ന് മാത്രം 23367 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. താനൂരിൽ 6220, തിരൂരിൽ 7245, കോട്ടക്കലിൽ 11881 എന്നിങ്ങിനെയായിരുന്നു യു.ഡി.എഫിന്റെ ഭൂരിപക്ഷം. ഇത്തവണ ഈ ഭൂരിപക്ഷത്തിൽ വർധനവുണ്ടാക്കുകയും മറ്റ് മൂന്നു മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന്റെ വോട്ടുകൾ കുറക്കുകയും ചെയ്യാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.
അതേസമയം ഇത്തവണ ഇടതുമുന്നണി പൊന്നാനിയിൽ വിജയ പ്രതീക്ഷ പുലർത്തുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ നേടിയ ലീഡിന് പുറമെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിൽ നടത്തിയ അട്ടിമറി വിജയവും തിരൂരങ്ങാടിയിലെ വൻവോട്ടു ശേഖരണവും ഇത്തവണ പൊന്നാനിയിൽ ചരിത്രം മാറ്റിയെഴുമെന്നാണ് ഇടതുപക്ഷം കണക്കുകൂട്ടുന്നത്.
തവനൂർ, പൊന്നാനി, തൃത്താല മണ്ഡലങ്ങളാണ് കഴിഞ്ഞ തവണ ഇടതുപക്ഷത്തിനൊപ്പം നിന്നത്. തവനൂരിൽ 9170 വോട്ടുകളും പൊന്നാനിയിൽ 7658 വോട്ടുകളും തൃത്താലയിൽ 6433 വോട്ടുകളുമായിരുന്നു ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താല ഒഴികെയുള്ള രണ്ടു മണ്ഡലങ്ങളിലും വിജയം നേടാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു.
അതോടൊപ്പം താനൂർ മണ്ഡലത്തിൽ യു.ഡി.എഫിന്റെ കുത്തക അവസാനിപ്പിച്ച് വിജയിക്കാനും തിരൂരങ്ങാടിയിൽ യു.ഡി.എഫിന്റെ വോട്ടുകൾ വൻതോതിൽ ചോർത്താനും എൽ.ഡി.എഫിനായി. നിയമസഭാ മണ്ഡലങ്ങളിലെ ഈ അനുകൂല തരംഗം മുതലെടുത്ത് പാർലമെന്റിൽ ഇത്തവണ വിജയം നേടുമെന്നാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയ പി.വി. അൻവറിനെ ഇടതുമുന്നണി പൊന്നാനിയിൽ എത്തിച്ചത് ഇത്തരം സങ്കീർണ സാഹചര്യങ്ങളെ അനുകൂലമാക്കിയെടുത്താൻ അൻവറിന് കഴിയുമെന്ന കണക്കുകൂട്ടലിലാണ്.
ഇത്തവണ വോട്ടുകൾ കൂടുതൽ നേടാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 75212 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാർഥി നേടിയത്. തൃത്താല മണ്ഡലത്തിൽ നിന്നാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്- 15640 വോട്ടുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ മത്സരിച്ച് 14510 വോട്ടുകൾ പിടിച്ച പ്രൊഫ. രമയെയാണ് ഇത്തവണ ബി.ജെ.പി പൊന്നാനിയിൽ മൽസരിപ്പിക്കുന്നത്. തവനൂർ, പൊന്നാനി മണ്ഡലങ്ങളിലാണ് ബി.ജെ.പി ക്ക് കൂടുതൽ സ്വാധീനമുള്ളത്.