പരസ്പരം പോരടിക്കുന്ന പ്രതിപക്ഷ കക്ഷികളെ ഓടിനടന്ന് അനുനയിപ്പിച്ച ഹർകിഷൻ സിംഗ് സുർജിത്തിന്റെ റോൾ ഓർമ മാത്രമായി മാറുന്നു. രാജ്യം അതിനിർണായകമായ ഇലക്ഷൻ പോരാട്ടത്തിലേക്ക് നീങ്ങുമ്പോൾ ഇടതുപക്ഷം ചിത്രത്തിൽ പോലുമില്ല. പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിനല്ല, സ്വന്തം നിലനിൽപിനാണ് ഇത്തവണ ഇടതിന്റെ ജീവന്മരണ പോരാട്ടം.
ആദ്യം കോൺഗ്രസിനെതിരെയും പിന്നീട് ബി.ജെ.പിക്കെതിരെയും പ്രതിപക്ഷത്തെ ഒന്നിപ്പിച്ചിരുന്നത് ഇടതുപക്ഷ നേതാക്കളായിരുന്നു. യുനൈറ്റഡ് ഫ്രന്റിന്റെയും ആദ്യ യു.പി.എയുടെയും ചാലകശക്തിയായി പ്രവർത്തിച്ചത് ഇടതുപക്ഷമായിരുന്നു. ഹർകിഷൻ സിംഗ് സുർജിത്തായിരുന്നു എല്ലാവർക്കും സമീപിക്കാവുന്ന നേതാവ്. അടിയന്തരാവസ്ഥക്കു ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. എന്നാൽ ഇടതുപക്ഷം ചിത്രത്തിലേയില്ല. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ അവർക്കു സമയമില്ല. സ്വന്തം നിലനിൽപിനുള്ള പോരാട്ടത്തിലാണ് അവർ.
സോവിയറ്റ് യൂനിയന്റെ പതനത്തെ പോലും അതിജീവിച്ച സി.പി.എം അതിവേഗം ക്ഷയിച്ചു തുടങ്ങിയത് കലർപ്പില്ലാത്ത ആശയവാദവുമായി പ്രകാശ് കാരാട്ട് തലപ്പത്തു വന്നതോടെയാണ്. അനുരഞ്ജന നയവുമായി സീതാറാം യെച്ചൂരി പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വൈകിപ്പോയിരുന്നു. ജ്യോതിബസുവിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യപ്പെടുകയും സോമനാഥ് ചാറ്റർജി സ്പീക്കറാവുകയും ചെയ്ത ശേഷം സി.പി.എമ്മിന്റെ വളർച്ച താഴോട്ടേക്കായിരുന്നു. 2004 ൽ 59 എം.പിമാരെ ജയിപ്പിച്ച ഇടതുപക്ഷം ഇന്ന് 59 സീറ്റിൽ മത്സരിക്കാൻപോലും പാടുപെടുന്നു.
സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടും മതേതര പാർട്ടികൾ ഇടതുപക്ഷത്തെ അടുപ്പിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പശ്ചിമബംഗാളിൽ പരസ്പരം മത്സരിക്കരുതെന്ന ധാരണ സി.പി.എം മുന്നോട്ടുവെച്ചെങ്കിലും കോൺഗ്രസ് അത് സ്വീകരിച്ചില്ല. ബിഹാറിൽ രാഷ്ട്രീയ ജനതാദൾ അവർക്ക് ഒരു സീറ്റ് പോലും നൽകാൻ തയാറായില്ല. സംസ്ഥാനത്ത് പാർട്ടിക്ക് സ്വാധീനമില്ലെന്ന നിലപാടായിരുന്നു ആർ.ജെ.ഡിക്ക്.
സമീപകാലത്തെ ഏറ്റവും വലിയ കർഷക റാലിക്ക് സി.പി.എം നേതൃത്വം നൽകിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. മുംബൈയിലേക്കുള്ള ലോംഗ് മാർച്ച്. എന്നാൽ ദിൻഡോരി ലോക്‌സഭാ മണ്ഡലം സി.പി.എമ്മിനു വിട്ടുകൊടുക്കാൻ എൻ.സി.പിക്ക് സമ്മതമായിരുന്നില്ല. 2009 ൽ സി.പി.എം ഒരു ലക്ഷത്തിലേറെ വോട്ട് പിടിച്ച മണ്ഡലമാണ് ഇത്. സ്വന്തമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടി വന്നു സി.പി.എമ്മിന്. എന്നിട്ടും എൻ.സി.പിയുമായുള്ള ആശയവിനിമയ സാധ്യതകൾ നിലനിർത്തുകയാണ് സി.പി.എം. കർണാടകയിൽ ഒരു സീറ്റിലാണ് പാർട്ടി മത്സരിക്കുന്നത്. ചിക്ബല്ലപൂരിൽ സി.ഐ.ടി.യു ലീഡർ എസ്. വരലക്ഷ്മി മത്സരിക്കും. ബംഗളൂരു സെൻട്രലിൽ നടൻ പ്രകാശ് രാജിനെ പാർട്ടി പിന്തുണക്കും. തമിഴ്‌നാട്ടിൽ ഡി.എം. കെ സഖ്യത്തിൽ രണ്ട് സീറ്റുകൾ വീതം കിട്ടിയതാണ് സി.പി.എമ്മിനും സി. പി.ഐക്കും ആശ്വാസം.
കേരളമാണ് സി.പി.എം ഭരണത്തിലുള്ള ഏക സംസ്ഥാനം. തെരഞ്ഞെടുപ്പ് സർവേകൾ നൽകുന്ന സൂചന ശരിയാണെങ്കിൽ ഇത്തവണ കേരളത്തിൽ പാർട്ടി എം.പിമാരുടെ എണ്ണം ഒറ്റയക്കത്തിലൊതുങ്ങും.
സി.പി.ഐയുടെ കാര്യവും മെച്ചമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിട്ടാക്രമിക്കാൻ ആദ്യം ധൈര്യം കാട്ടിയത് സി.പി.ഐയുടെ വിദ്യാർഥി നേതാവ് കനയ്യ കുമാറാണ്. ജെ.എൻ.യുവിൽ കനയ്യകുമാർ കൊളുത്തിവിട്ട തീപ്പന്തം രാജ്യം മുഴുവൻ ഏറ്റെടുത്തു. എന്നാൽ ബിഹാറിലെ ബെഗുസരായിയിൽ കനയ്യയെ മതേതര മുന്നണി സ്ഥാനാർഥിയായി മത്സരിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഒടുവിൽ ഇടതു മുന്നണി സ്ഥാനാർഥിയായാണ് കനയ്യ പോരിനിറങ്ങിയത്. ഒരു സീറ്റ് പോലും ബിഹാറിൽ സി.പി.ഐക്കു കൊടുക്കാൻ ആർ.ജെ.ഡിയും കോൺഗ്രസും തയാറായില്ല.
ഝാർഖണ്ഡിൽ ഹസാരിബാഗ് മണ്ഡലം സി.പി.ഐക്ക് നൽകാൻ ഝാർഖണ്ഡ് മുക്തിമോർച്ച നേതാവ് ഹേമന്ത് സോറൻ തന്നെ മുന്നിട്ടിറങ്ങി. പക്ഷെ കോൺഗ്രസ് വഴങ്ങിയില്ല. ഉത്തർപ്രദേശിലും എസ്.പി-ബി.എസ്.പി സഖ്യവും കോൺഗ്രസും ഇടതിനെ പരിഗണിച്ചതേയില്ല.
ഇടതുപക്ഷം ദുർബലമായതിൽ അദ്ഭുതം തോന്നുന്നില്ലെന്നാണ് പൊളിറ്റിക്കൽ ആക്ടിവിസ്റ്റും പ്രവചനവിദഗ്ധനുമായ യോഗേന്ദ്ര യാദവ് പറയുന്നത്. സോവിയറ്റ് യൂനിയന്റെ പതനം കഴിഞ്ഞ് കാൽ നൂറ്റാണ്ടിനു ശേഷമാണ് അത് സംഭവിച്ചത് എന്നതിലാണ് അദ്ഭുതമെന്ന് യോഗേന്ദ്ര വിലയിരുത്തി. മുതലാളിത്ത സാമ്പത്തികരീതി രാജ്യം സ്വീകരിച്ചതും മണ്ഡൽ, മന്ദിർ പ്രക്ഷോഭങ്ങൾ ജാതീയ വേർതിരിവ് സൃഷ്ടിച്ചതും ഇടതിനെ ഇതിനു മുമ്പേ അപ്രസക്തമാക്കേണ്ടതായിരുന്നു. പക്ഷെ അതു സംഭവിച്ചില്ല. ജനാധിപത്യത്തിൽ ഇടതുപാർട്ടികളെ പോലെ ഒരു ശക്തി അനിവാര്യമാണ്. എന്നാൽ ഇപ്പോഴത്തെ ഇടതിന് ആ റോൾ ഏറ്റെടുക്കാനുള്ള ആശയക്കരുത്തില്ല -യോഗേന്ദ്ര പറയുന്നു.
ഇടതിന്റെ തളർച്ചയെക്കുറിച്ച് നേതാക്കൾക്കും ബോധ്യമുണ്ട്. തന്ത്രങ്ങളിൽ പുനരാലോചന വേണ്ടതിന്റെ അനിവാര്യത അവർ മനസ്സിലാക്കുന്നു. രാഷ്ട്രീയമായും താത്വികമായും ഇടത് സ്വാധീനം പ്രകടമാവുമ്പോൾ തന്നെ തെരഞ്ഞെടുപ്പിൽ അത് നേട്ടമാക്കാൻ പറ്റാത്തതെന്തു കൊണ്ട് എന്നത് ഇടതിനെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. സ്വാധീനം തെരഞ്ഞെടുപ്പ് നേട്ടമാക്കാനാവാത്തതെന്തു കൊണ്ട് എന്ന് പിടിച്ച് പുതിയ തന്ത്രങ്ങൾ സ്വീകരിക്കാൻ ഇടതുപക്ഷം മടിക്കരുതെന്നാണ് സി.പി.ഐ നേതാവ് ഡി. രാജ പറയുന്നത്.
ജ്യോതിബസുവിനെ പ്രധാനമന്ത്രിയാവാൻ സമ്മതിക്കാതിരുന്നതും യു.പി.എ സർക്കാരിന് പിന്തുണ പിൻവലിച്ചതും പാർട്ടിക്ക് പറ്റിയ തെറ്റാണെന്ന് തോന്നുന്നുണ്ടോയെന്ന് ചോദിക്കുമ്പോൾ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത് ഇങ്ങനെയാണ്: 'തീർച്ചയായും അല്ല. വോട്ടർമാരോടുള്ള പ്രതിബദ്ധതയാണ് രണ്ടു തീരുമാനങ്ങളുടെയും അടിത്തറ. ചില വാഗ്ദാനങ്ങൾ നൽകിയാണ് ഞങ്ങൾ തെരഞ്ഞെടുപ്പിൽ ജയിച്ചത്. സഖ്യകക്ഷികളുടെ സമ്മർദ്ദം കാരണം അതൊക്കെ നടപ്പാക്കാൻ ജ്യോതിബസുവിന് സാധിച്ചില്ലെങ്കിൽ വോട്ടർമാരോട് മറുപടി പറയേണ്ടി വരിക ഞങ്ങളായിരുന്നു. അതായിരിക്കും കൂടുതൽ വലിയ വഞ്ചന. യു.പി.എക്ക് ഇടതുപാർട്ടികൾ പിന്തുണ പിൻവലിക്കുകയായിരുന്നില്ല. കോൺഗ്രസ് അതിന് അവരെ നിർബന്ധിക്കുകയായിരുന്നു. 2004 ലെ 59 സീറ്റിൽ നിന്ന് 2014 ലെ 11 സീറ്റിലേക്കെത്തിയത് ഇടതിന്റെ ശക്തിക്ഷയം തന്നെയാണ്' -യെച്ചൂരി പറഞ്ഞു.
യു.പി.എ സർക്കാരിൽനിന്ന് ഇടതുപക്ഷം പിന്മാറിയതിന് പിന്നാലെ ബംഗാളിൽ എല്ലാ ശക്തികളും ഞങ്ങൾക്കെതിരെ കൈകോർത്തു. നക്‌സലൈറ്റുകളും ആർ.എസ്.എസും കോൺഗ്രസുമെല്ലാം. രാഷ്ട്രീയമായും ഭരണപരമായും പാർട്ടിക്കും വീഴ്ചകളുണ്ടായി. ഇതെല്ലാം തിരിച്ചറിഞ്ഞ് തിരുത്തലുകൾ വരുത്തുമ്പോഴേക്കും വൈകിപ്പോയിരുന്നു -യെച്ചൂരി വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഈ ശക്തിക്ഷയം എങ്ങനെ തടഞ്ഞുനിർത്തുമെന്ന് ഇടതുപക്ഷത്തിന് ബോധ്യമില്ല. കൂടുതൽ തന്ത്രപൂർവമായ സഖ്യങ്ങളുണ്ടാക്കിയിരുന്നുവെങ്കിൽ ഈ ശക്തിക്ഷയം തടഞ്ഞുനിർത്താമായിരുന്നുവെന്ന് യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്നു. ഇടത് ആശയങ്ങളോട് പൂർണ പ്രതിബദ്ധത നിലനിർത്തിയാൽ ഇന്ത്യയിൽ അവർക്ക് ഭാവിയില്ലെന്നതാണ് യാഥാർഥ്യം. എങ്കിലും ഇന്ത്യയിൽ ഇടതുപക്ഷം നിലനിൽക്കും. പക്ഷെ അതിന് അവർ മാറ്റത്തിന് തയാറാവണം -യാദവ് വിലയിരുത്തി. മാറ്റമാണ് മാറ്റമില്ലാത്ത ഒന്ന് എന്ന് ഇടതുപക്ഷം അംഗീകരിച്ചേ പറ്റൂ.