റിയാദ്- കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ അതോറിറ്റിയും സൗദി വൈൽഡ് ലൈഫ് അതോറിറ്റിയും റദ്ദാക്കുന്നതിന് മന്ത്രിസഭാ തീരുമാനം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അൽ യെമാമ കൊട്ടാരത്തിൽ ഇന്നലെ ഉച്ചക്കു ശേഷം ചേർന്ന മന്ത്രിസഭാ യോഗമാണ് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ അതോറിറ്റിയും സൗദി വൈൽഡ്‌ലൈഫ് അതോറിറ്റിയും റദ്ദാക്കുന്നതിന് തീരുമാനിച്ചത്. കാലാവസ്ഥാ നിരീക്ഷണം, പരിസ്ഥിതി സംരക്ഷണം, വന്യജീവി സംരക്ഷണം എന്നീ മേഖലകളിലെ കർത്തവ്യങ്ങൾക്ക് നാലു പുതിയ ദേശീയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ദേശീയ ഹരിതവൽക്കരണ വളർച്ച, മരുഭൂവൽക്കരണ വിരുദ്ധ കേന്ദ്രം, ദേശീയ പരിസ്ഥിതി അനുവർത്തന നിരീക്ഷണ കേന്ദ്രം, ദേശീയ വന്യജീവി വികസന കേന്ദ്രം എന്നീ നാലു പുതിയ സെന്ററുകളാണ് സ്ഥാപിക്കുക. പുതിയ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതു വരെയുള്ള കാലത്ത് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ അതോറിറ്റിയും സൗദി വൈൽഡ്‌ലൈഫ് അതോറിറ്റിയും പ്രവർത്തനം തുടരും. പരിസ്ഥിതി, ജല, കൃഷി മന്ത്രി സമർപ്പിച്ച റിപ്പോർട്ടും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ സാമ്പത്തിക, വികസന സമിതി സമർപ്പിച്ച ശുപാർശയും പരിശോധിച്ചാണ് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ അതോറിറ്റിയും സൗദി വൈൽഡ്‌ലൈഫ് അതോറിറ്റിയും പിരിച്ചു വിടുന്നതിനും പകരം നാലു പുതിയ ദേശീയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും മന്ത്രിസഭ തീരുമാനിച്ചത്.
പരിസ്ഥിതി ഫണ്ടും സപ്പോർട്ട് ആന്റ് ക്ലിയറൻസ് സെന്ററും സ്ഥാപിക്കുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. ദേശീയ സാംസ്‌കാരിക തന്ത്രവും മന്ത്രിസഭ അംഗീകരിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സമർപ്പിച്ച റിപ്പോർട്ടും സാമ്പത്തിക, വികസന സമിതി സമർപ്പിച്ച ശുപാർശയും പരിശോധിച്ചാണ് ദേശീയ സാംസ്‌കാരിക തന്ത്രം മന്ത്രിസഭ അംഗീകരിച്ചത്.