കടബാധ്യത 50,000 കോടി രൂപ, സ്വകാര്യവല്‍കരണം തീരുമാനമാകുന്നതുവരെ പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കില്ലെന്ന് ചെയര്‍മാന്‍.
ഗുവാഹതി- സ്വകാര്യവല്‍കരണം ഉള്‍പ്പെടെയുള്ള ഭാവി കാര്യങ്ങളില്‍ തീരുമാനമാകുന്നതുവരെ പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കില്ലെന്ന് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ.
എന്നാല്‍ നേരത്തെ നല്‍കിയ ഓര്‍ഡറുകള്‍ നിലനിര്‍ത്തുകയും വിമാനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ ഓര്‍ഡറുകള്‍ അവിടെ ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാനം മാനേജിംഗ് ഡയരക്ടറുമായ അശ്വനി ലൊഹാനി വര്‍ത്താ ലേഖകരോട് പറഞ്ഞു. പുതിയ ഓര്‍ഡറുകള്‍ നല്‍കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എയര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ ഓര്‍ഡര്‍ നല്‍കുകയെന്നാല്‍ ആറു മുതല്‍ ഒമ്പത് മാസംവരെയെടുക്കുന്ന പ്രക്രിയയാണ്. പുതിയ ഓര്‍ഡര്‍ നല്‍കി വിമാനങ്ങള്‍ ഉള്‍പ്പെടുത്താതെ എയര്‍ഇന്ത്യക്ക് എങ്ങനെ മുന്നോട്ടു പോകാനാകുമെന്ന ചോദ്യത്തിന് അറിയില്ലെന്നും മറ്റു തീരുമാനങ്ങളൊന്നും ആയിട്ടില്ലെന്നുമായിരുന്നു മറുപടി. പഴയ ഓര്‍ഡറുകള്‍ റദ്ദാക്കിയെന്നുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.
പത്ത് എ.ടി.ആറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതുണ്ട്. ഇതിനു പുറമെ, 29 എയര്‍ ബസുകള്‍ ലീസിനെടുക്കാനും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇവ വന്നു തുടങ്ങിയിട്ടുണ്ട്. അതേസമയം, പഴയ വിമാനങ്ങള്‍ ഒഴിവാക്കുകയും വേണം. നിരവധി പഴയ വിമാനങ്ങളുണ്ട്. ഇങ്ങനെ വരുമ്പോള്‍ ഫലത്തില്‍ 15 എയര്‍ ബസുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ- ലൊഹാനി പറഞ്ഞു.
അന്താരാഷ്ട്ര റൂട്ടുകള്‍ ശക്തമാക്കുന്നതിന് നേരത്തെ നല്‍കിയ ഓര്‍ഡര്‍ പ്രകാരം എയര്‍ ഇന്ത്യ ബോയിംഗ് വിമാനങ്ങളും വാങ്ങുന്നുണ്ട്. അടുത്ത ഏഴ് മാസത്തിനകം ഏഴ് ബോയിംഗുകളാണ് ചേര്‍ക്കുകയെന്നും നിരവധി പുതിയ രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിമാനക്കമ്പനിക്ക് ഇപ്പോള്‍ 103 വിമാനങ്ങളാണുള്ളത്. ഇവയില്‍ 42 എണ്ണം വൈഡ് ബോഡിയുള്ള ബോയിംഗ് 777, 747, 787 വിമാനങ്ങളാണ്. 61 എണ്ണം 319, 320, 321 എയര്‍ബസുകളും. ബജറ്റ് എയര്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 23 ബോയിംഗ് വിമാനങ്ങളാണ് നിലവിലുള്ളത്.
എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കണമെന്ന നിര്‍ദേശം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി മുന്നോട്ടുവെച്ചിരുന്നു. വിമാനക്കമ്പനി ശക്തിപ്പെടുത്താന്‍ സിവല്‍ വ്യോമയാന മന്ത്രാലയം എല്ലാ വഴികളും പരിശോധിച്ചു വരികയാണ്. മന്ത്രിസഭക്കു സമര്‍പ്പിക്കാനുളള നിര്‍ദേശം ഉടന്‍ തയാറാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. എയര്‍ ഇന്ത്യയെ ഇനി എന്തു ചെയ്യണമെന്ന കാര്യത്തില്‍ നീതി ആയോഗ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്ന പശ്ചാത്തലത്തിലാണ് സ്വകാര്യവല്‍കരണം ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ ചര്‍ച്ച സജീവമായത്.
കൂടിയ വാടകയും അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവും കാരണം എയര്‍ ഇന്ത്യ 50,000 കോടി രൂപയുടെ കടത്തിലാണ്. ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയിപ്പിച്ചതു മുതല്‍ എയര്‍ ഇന്ത്യ നഷ്ടത്തില്‍ തുടരുകയാണ്. അതേസമയം, ഇന്ധന വില കുറഞ്ഞതും യാത്രക്കാര്‍ വര്‍ധിച്ചതും കഴിഞ്ഞ വര്‍ഷം 105 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ എയര്‍ ഇന്ത്യയെ സഹായിച്ചിരുന്നു.