പാലക്കാട്- ജനങ്ങളുടെ മനസിൽ ഇടംനേടിയിട്ടുണ്ടെന്നും അത് ഇല്ലാതാക്കാൻ ആർക്കും കഴിയില്ലെന്നും ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. ജനങ്ങൾക്ക് തന്നെ അറിയാമെന്നും വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നതെന്നും രമ്യ വ്യക്തമാക്കി. എഴുത്തുകാരി ദീപ നിഷാന്തിന്റെ വിമർശനത്തിന് അവരുടെ പേര് പരാമർശിക്കാതെ മറുപടി പറയുകയായിരുന്നു രമ്യ. ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്. പ്രസംഗം ഒരു ആയുധമാണ്. എന്റെ സ്വഭാവം ഒരു ആയുധമാണ്. എന്റെ സമീപനം ഒരു ആയുധമാണ്. ആ ആയുധങ്ങൾ എന്ന് പറയുന്നത് വലിയ പോരാട്ടത്തിന് നേതൃത്വം നൽകുമ്പോൾ പല തരത്തിലാണ് ആളുകൾ സ്വീകരിക്കുക. ഞാൻ ഒരു ദളിത് കുടംുബത്തിൽ ജനിച്ച ഒരു ആളാണ്. വലിയ പണം ചെലവഴിച്ചല്ല ഞാൻ പാട്ട് പഠിച്ചത്. എന്നിലുണ്ടായിരുന്ന ഒരു കഴിവിനെ ഒരു പാട് കഷ്ടപ്പെട്ടാണ്, അധ്വാനിച്ചാണ് ഇപ്പോൾ പാടുന്ന തരത്തിക്ക് മാറ്റിയത്. അരി വാങ്ങാൻ പോലും കാശില്ലാത്ത കാലത്ത് എന്നെ പാട്ട് പഠിപ്പിച്ച മാഷിന് എന്റെ അമ്മക്ക് ഒരു രൂപ പോലും കൊടുക്കാൻ സാധിച്ചിട്ടില്ല. മാഷൊന്നും കാശ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. കഴിവിനെ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അത് ആലത്തൂരിലെ ജനങ്ങൾ എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ മനസ്സിൽ ഞാൻ ഇടം നേടിയിട്ടുണ്ട്. ആ ഇടം ഒന്നും ഇല്ലാതാക്കാൻ ആര് വിളിച്ചാലും കഴിയില്ല.