മോസ്‌കോ: വിമാനത്തില്‍ പൂര്‍ണനഗ്‌നനായി യാത്ര ചെയ്യാനുള്ള യുവാവിന്റെ ശ്രമം സുരക്ഷാജീവനക്കാര്‍ ഇടപെട്ടു തടഞ്ഞു. റഷ്യയിലെ ദോമോദേദോവോ വിമാനത്താവളത്തിലാണ് സംഭവം. യാത്രയില്‍ ശരീരം ചലിച്ചു തുടങ്ങുമ്പോള്‍ വസ്ത്രം 'എയറോഡൈനാമിക്‌സിനെ' നശിപ്പിക്കുമെന്നു പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം വസ്ത്രം അഴിച്ചുമാറ്റിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വസ്ത്രമില്ലാതെ യാത്ര ചെയ്യുന്നത് കൂടുതല്‍ സുഖകരമാണെന്നും യാത്രക്കാരന്‍ അവകാശപ്പെട്ടു.
യുറാല്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് ഇദ്ദേഹം കയറാന്‍ ശ്രമിച്ചത്. എന്നാല്‍ വിമാനത്തിനുള്ളില്‍ കയറുന്നതിനു മുമ്പേ ഇദ്ദേഹത്തെ വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാര്‍ തടയുകയായിരുന്നു. സംഭവം വിമാനത്താവളത്തില്‍ ബഹളത്തിനിടയാക്കി. തുടര്‍ന്ന് ഇയാളെ പോലീസിന് കൈമാറി. യാത്രക്കാരന്‍ മദ്യപിച്ചിരുന്നതായി തോന്നിയില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സര്‍വീസ് 15 മിനുട്ട് വൈകിയതായി യുറാല്‍ എയര്‍ലൈന്‍സ് അറിയിച്ചു.