ന്യുദല്‍ഹി- അരുണാചല്‍ പ്രദേശും തായ്‌വാനും ചൈനയുടെ അതിര്‍ത്തിക്കുള്ളില്‍ കാണിക്കാത്ത 30,000 ലോക ഭൂപടങ്ങള്‍ ചൈന നശിപ്പിച്ചതായി റിപോര്‍ട്ട്. ദക്ഷിണ തിബറ്റിന്റെ ഭാഗമാണ് ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശ് എന്നാണ് ചൈനയുടെ വാദം. ഈ ഭൂപടങ്ങള്‍ ചൈനയില്‍ നിന്നും ഒരു വിദേശ രാജ്യത്തേക്ക് കയറ്റി അയക്കാന്‍ തയാറാക്കിയവ ആയിരുന്നുവെന്ന് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. തായ്‌വാനെ ഒരു വിദേശ രാജ്യമായും ഇന്ത്യ-ചൈന അതിര്‍ത്തിയെ തെറ്റായും കാണിച്ച ലോക ഭൂപടങ്ങളാണ് കസ്റ്റംസ് അധികൃതര്‍ നശിപ്പിച്ചതെന്ന് അധികൃതര്‍ പറയുന്നു.
അരുണാചലില്‍ ഇന്ത്യന്‍ നേതാക്കള്‍ എത്തുമ്പോഴെല്ലാം ചൈന ഉടക്കുണ്ടാക്കാറുണ്ട്. അരുണാചല്‍ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ഇതുവരെ 21 വട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. 3,488 കിലോമീറ്റര്‍ നീണ്ട അതിര്‍ത്തി നിയന്ത്രണ രേഖയെ ചൊല്ലിയാണ് തര്‍ക്കം. തായ്‌വാന്‍ ദ്വീപും തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുന്നു.