ഭോപാല്‍- മധ്യപ്രദേശിലെ സിംഗരോലിയില്‍ ആറാം നുറ്റാണ്ടിലെ വിഷ്ണു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ നടത്തി വരുന്ന ഉല്‍ഖനനത്തിനിടെ തൊപ്പി ധരിച്ച താടിയുള്ള ഒരാളുടെ രൂപം കൊത്തിവച്ച കല്ല് ലഭിച്ചത് പുരാവസ്തു ഗവേഷകര്‍ക്കിടയില്‍ ആശ്ചര്യമുണ്ടാക്കി. വൈദേശിക വേഷം ധരിച്ചയാളെ വരച്ച കല്ലിന് ഏതാണ് 1300 വര്‍ഷം പഴക്കമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് അത്യപൂര്‍വ കണ്ടെത്തലാണെന്നും അക്കലാത്ത മത കേന്ദ്രത്തിലേക്ക് വിദേശിയെ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നൂ എന്നാണ് ഇതു നല്‍കുന്ന സൂചനയെന്നും ഉല്‍ഖനനത്തിന് നേതൃത്വം നല്‍കുന്ന ആര്‍ക്കിയോളജിസ്റ്റ് ഡോ. മധുലിക സാമന്ത പറഞ്ഞു. ഈ പ്രദേശത്തെ ആളുകള്‍ അക്കാലത്ത് ധരിച്ചിരുന്ന വേഷമല്ല ഇത്. ഒരു വിഷ്ണു ക്ഷേത്രത്തില്‍ ഈ വേഷത്തിലൊരാളുടെ സാന്നിധ്യമാണ് കത്തിലെ ചിത്രം കാണിക്കുന്നത്. ഈ വേഷവും സവിശേഷതകളും പശ്ചിമേഷ്യയിലെ ഇത്തരം കൊത്തുപണികളുടേതിന് സമാനമാണ്- അവര്‍ പറഞ്ഞു.
മധ്യപ്രദേശിലെ നാഗ്‌വ മേഖലയിലാണ് ഉല്‍ഖനനം നടക്കുന്ന കലചുരി രാജവംശ കാലത്തെ ക്ഷേത്രാവശിഷ്ടങ്ങള്‍. വിധിഷയിലെ പ്രശസ്തമായ ഹെലിയോഡറസ് പില്ലര്‍ ആണ് ഇതിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഒരു ഉദാഹരണമെന്ന് ഡോ. മധുലിക പറയുന്നു. വിധിഷയിലെ 6.5 മീറ്റര്‍ ഉയരമുള്ള കല്ലുതൂണ്‍ 113 ബിസിയില്‍ തക്ഷശിലയിലെ ഇന്തോ-ഗ്രീക്ക് രാജാവായ ആന്റിയാല്‍സിഡസിന്റെ സ്ഥാനപതിയായിരുന്ന ഹെലിയോഡറസ് പണികഴിച്ചതാണ്. പ്രശസ്തമായ സാഞ്ചി സ്തൂപത്തില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. ഹെലിയോഡറസ് ആണ് വൈഷ്ണ മതം സ്വീകരിച്ച ആദ്യ വിദേശിയെന്നാണ് ലഭ്യമായ ചരിത്ര രേഖകള്‍ പറയുന്നതെന്നും ഡോ. മധുലിക ചൂണ്ടിക്കാട്ടുന്നു.
2018 ജൂലൈയില്‍ യാദൃശ്ചികമായാണ് ഈ പ്രദേശത്ത് എഎസ്‌ഐ ഉദ്ഖനനം ആരംഭിച്ചത്. ഇവിടെ ഒരു കുന്നില്‍ നിന്നും പ്രദേശ വാസികള്‍ കുഴികുത്തി ഇഷ്ടികകള്‍ ശേഖരിക്കുന്നുവെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു ഇത്. എഎസ്‌ഐ സംഘം ഇവിടെ നടത്തിയ പഠനത്തില്‍ പ്രദേശവാസികള്‍ കുഴിച്ചത് പുരാതന വിഷ്ണു ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹമാണെന്നു വ്യക്തമായി. ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇഷ്ടികകള്‍ കുഴിച്ചെടുത്തിരുന്നത്. ഉദ്ഖനനം ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്. അപൂര്‍വ വിഷ്ണു പ്രതിമയും ഇവിടെ നിന്നും ഗവേഷകര്‍ കണ്ടെടുത്തിരുന്നു.