ന്യൂദൽഹി- എയർ ഇന്ത്യക്ക് പിറകെ ബോർഡിംഗ് പാസിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം ഗോ എയറും നീക്കം ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിൽ ഗുജറാത്തിൽ നടന്ന വൈബ്രെന്റ് ഗുജറാത്തിന്റെ പരസ്യം പതിച്ച ബോർഡിംഗ് പാസാണ് പിൻവലിച്ചത്. മോഡിക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ചിത്രവും ബോർഡിംഗ് പാസിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള ബോർഡിംഗ് പാസ് ഒഴിവാക്കാൻ കഴിഞ്ഞ ദിവസം എയർ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിന് പിറകെയാണ് ഗോ എയറും സമാനമായ തീരുമാനവുമായി മുന്നോട്ടുവന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് നടപടി. നേരത്തെ ഉപയോഗിക്കാതിരുന്ന ബോർഡിംഗ് പാസാണ് ശ്രീനഗർ വിമാനതാവളം വഴി സർവീസ് നടത്തുന്ന ഗോ എയറിൽ ഉപയോഗിച്ചതെന്നും ഉടൻ പിൻവലിച്ചുവെന്നും ഗോ എയർ വക്താവ് വ്യക്തമാക്കി. കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു.