ന്യൂദല്‍ഹി- തലമുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അഡ്വാനിയെ തഴഞ്ഞതിനു പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിക്കും ഇത്തവണ തെരഞ്ഞെടുപ്പില്‍ ബിജെപി അവസരം നിഷേധിച്ചു. മത്സരിക്കാന്‍ എവിടേയും സീറ്റു നല്‍കാത്തതിനു പുറമെ യുപിയില്‍ പാര്‍ട്ടിയുടെ താര പ്രചാരകരുടെ പട്ടികയില്‍ നിന്നും ജോഷിയെ വെട്ടിയിട്ടുണ്ട്. ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാം ലാല്‍ കഴിഞ്ഞ ദിവസം ജോഷിയെ സന്ദര്‍ശിച്ച് മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിക്കാന്‍ ആവസ്യപ്പെട്ടിരുന്നു. ഇക്കാര്യം ഒരു കത്തിലൂടെ ജോഷി തന്നെയാണ് പരസ്യപ്പെടുത്തിയത്. കാണ്‍പൂരിലെ പ്രിയ വോട്ടര്‍മാരെ, ഞാന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് രാം ലാല്‍ എന്നെ വന്നു കണ്ടു ആവശ്യപ്പെട്ടു- എന്നാണ് ജോഷിയുടെ കുറിപ്പിന്റെ ഉള്ളടക്കം.
നരേന്ദ്ര മോഡി, അമിത് ഷാ, രാജ് നാഥ്‌സിങ്, നിതിന്‍ ഗഡ്കരി, അരുണ്‍ ജെയറ്റ്‌ലി, സുഷമ സ്വരാജ്, ഉമ ഭാരതി എന്നിവരാണ് ബിജെപി പുറത്തിറക്കിയ താര പ്രചാരകരുടെ പട്ടിയിലുള്ളവര്‍. 2014-ല്‍ മോഡിക്കു വേണ്ടി വാരാണസി സീറ്റ് മാറിക്കൊടുത്ത ജോഷിയും നേരത്തെ ഗാന്ധിനഗര്‍ സീറ്റ് നിഷേധിക്കപ്പെട്ട അഡ്വാനിയും ഈ പട്ടികയില്‍ ഇല്ല. 2014-ല്‍ കാണ്‍പൂരില്‍ നിന്നാണ് ജോഷി ജയിച്ചത്.
പതിറ്റാണ്ടുകളോളം ബിജെപി നയിച്ച ഉന്നത നേതാക്കളാണ് അഡ്വാനിയും ജോഷിയും പിന്നെ മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയും. അമിത് ഷായും മോഡിയും ബിജെപിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് ഇവരുടെ പ്രഭാവം മങ്ങിയത്. 75 വയസ്സു പിന്നിട്ട് ആരേയും മത്സരിപ്പിക്കില്ലെന്ന് നേരത്തെ ബിജെപി പ്രഖ്യാപിച്ചിരുന്നു. അഡ്വാനിയും ജോഷിയും 75 പിന്നിട്ടവരാണ്.