ഹൈദരാബാദ്- പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിരിയാണി കഴിച്ച് ഉറക്കത്തിലായിരുന്നുവെന്ന്് ആരോപിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദദ്ദീന്‍ ഉവൈസി.
പുല്‍വാമയില്‍ ഭീകരര്‍ നമ്മുടെ സൈനികരെ ആക്രമിച്ചതിന്റെ ഉത്തരവാദിത്തം എന്തുകൊണ്ട് മോഡി ഏറ്റെടുത്തില്ല എന്ന് ഞാന്‍ രണ്ടു ദിവസം മുമ്പ് ചോദിച്ചു. ബീഫ് ബിരിയാണി കഴിച്ച് അദ്ദേഹം ഉറക്കത്തിലായിരുന്നോ എന്ന ചോദ്യത്തിന് മോഡി മാംസ ഭക്ഷണം കഴിക്കാറില്ലെന്ന വാദവുമായാണ് അദ്ദേഹത്തിന്റെ അനുയായികള്‍ രംഗത്തുവന്നത്. അദ്ദേഹം വെജിറ്റേറിയനാണോ നോണ്‍വെജിറ്റേറിയനാണോ എന്നെനിക്കറിയില്ല. പക്ഷേ ഇഡലി കഴിച്ചാലും വെജിറ്റബിള്‍ ബിരിയാണി കഴിച്ചാലും അദ്ദേഹം ഉറങ്ങാന്‍ പാടില്ലല്ലോ. അതാണല്ലോ പ്രധാന വിഷയം- ഉവൈസി പറഞ്ഞു.
ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ അതിന്റെ മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിന് 1500 കോടി രൂപ എവിടെനിന്നാണ് പ്രധാനമന്ത്രി കൊടുത്തതെന്ന് ഉവൈസി ചോദിച്ചു. പൊതുഖജനാവില്‍നിന്നുള്ള പണം ഇങ്ങനെ ചെലവഴിക്കാന്‍ ആരാണ് അധികാരം തന്നതെന്ന് അദ്ദേഹം ചോദിച്ചു.
ലോക്‌സഭാ സ്ഥാനാര്‍ഥി ഇംറാന്‍ മസൂദിനെ മസൂദ് അസ്ഹറിന്റെ ബന്ധുവായി വിശേഷിപ്പിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ഉവൈസി രൂക്ഷമായി വിമര്‍ശിച്ചു.
വോട്ട് ശതമാനം വര്‍ധിപ്പിക്കാന്‍ എല്ലാവരും എ.ഐ.എം.ഐ.എമിന് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി മോഡിയുടെ വോട്ട്കര്‍ കാമ്പയിനെ പരിഹസിച്ച് ഉവൈസി പറഞ്ഞു.