ഇന്ത്യന്‍ വ്യോമ സേനയില്‍ ഇനി ചിനൂക്ക് കോപ്റ്ററുകളും

ചണ്ഡീഗഢ്- വ്യോമ സേനയുടെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി വാങ്ങുന്ന 15 ചിനൂക്ക് ഹെലികോപ്റ്റുകളില്‍ ആദ്യത്തെ നാലെണ്ണം തിങ്കളാഴ്ച ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമായി. വലിയ ഭാരം വഹിക്കാന്‍ ശേഷിയുള്ള യുഎസ് നിര്‍മ്മിത ഇരട്ട എഞ്ചിന്‍ ചിനൂക് ഹെലികോപ്റ്ററുകള്‍ സൈനിക ട്രാന്‍സ്‌പോര്‍ട്ട് കോപറ്ററാണ്. വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ രാത്രിയും പകവും ഒരു പോലെ സൈനിക ഓപറേഷന്‍ നടത്താനും ഇവയ്ക്കു ശേഷിയുണ്ട്. ഇത് വ്യോമ സേനയില്‍ വലിയ മാറ്റം കൊണ്ടു വരുമെന്ന് വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ പറഞ്ഞു. ഇന്ത്യയ്ക്കു മാത്രമായുള്ള സവിശേഷതകളോടെ നിര്‍മ്മിച്ചവയാണ് ഇന്ന് ഔദ്യോഗികമായി സേനയുടെ ഭാഗമായി മാറിയ ചിനൂക് കോപ്റ്ററുകള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സേനാ വിന്യാസത്തിന്റെ ഭാഗമായി സൈനികരെയും സൈനിക സാമഗ്രികളും ആയുധങ്ങളും കൊണ്ടു പോകുന്നതിനും മറ്റും ഉപയോഗപ്പെടുത്താനാണിത്. മറ്റു കോപ്റ്ററുകളെ അപേക്ഷിച്ച് വളരെ ഉയരത്തില്‍ പറക്കാനും ഇവയ്ക്കു കഴിയും. 

1.5 ബില്യണ്‍ ഡോളറോളം മുടക്കിയാണ് ഇന്ത്യ 15 ചിനൂക് കോപ്റ്ററുകള്‍ വാങ്ങുന്നത്. ഇവ പറത്തുന്നതിന് പൈലറ്റുമാര്‍ക്ക് കഴിഞ്ഞ വര്‍ഷം സേന പ്രത്യേക പരിശീലനം ആരംഭിച്ചിരുന്നു. നാലു പൈലറ്റുമാരേയും നാലു എഞ്ചിനീയര്‍മാരേയും പരീശീലനത്തിനായി സേന യുഎസിലേക്ക് അയച്ചിരുന്നു. യുഎസ് വിമാന നിര്‍മ്മാണ കമ്പനിയായ ബോയിങ് ആണ് ചിനൂക്കിന്റെ നിര്‍മ്മാതാക്കള്‍.

Latest News