രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിന്റെ പുത്രൻ വൈഭവ് ഗഹ്‌ലോട്ട് സ്ഥാനാർഥി വേഷം കെട്ടുന്നത് ഭരണകക്ഷിയിൽ പിരിമുറുക്കം സൃഷ്ടിക്കുന്നു. വൈഭവ് ഗഹ്‌ലോട്ട് ഇപ്പോൾ രാജസ്ഥാൻ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരിലൊരാളാണ്. സ്വന്തം നാടായ ജോധ്പുർ ലോക്‌സഭാ മണ്ഡലത്തിലോ ജലോർ-സിരോഹി മണ്ഡലത്തിലോ വൈഭവിനെ മത്സരിപ്പിക്കാനാണ് ഗഹ്‌ലോട്ട് ആലോചിക്കുന്നത്. രണ്ട് ജില്ലകളിലും വൈഭവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്.
2009 ലെ ഇലക്ഷനിൽ വൈഭവിനെ ടോങ്ക് സവായ് മധോപൂർ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ നീക്കമുണ്ടായിരുന്നു. ഇവിടെയും വൈഭവിന്റെ പേര് പറഞ്ഞു കേൾക്കുന്നുണ്ട്. കഴിഞ്ഞ തവണ ഈ മണ്ഡലത്തിൽ മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനാണ് മത്സരിച്ചത്. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ വ്യത്യാസത്തിന് തോറ്റു. അസ്ഹറുദ്ദീനെ ഹൈദരാബാദിൽ മത്സരിപ്പിക്കാനാണ് ഇത്തവണ കോൺഗ്രസ് ആലോചിക്കുന്നത്.
വൈഭവിനെ ജലോറിൽ മത്സരിക്കാനാണ് താൽപര്യമെന്ന് ഈയിടെ സിരോഹി സന്ദർശിച്ച മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു വർഷം മുമ്പ് ഇവിടെ വൈഭവിന് ടിക്കറ്റ് കിട്ടേണ്ടതായിരുന്നുവെന്നും ചില കാരണങ്ങളാൽ അത് തട്ടിപ്പോവുകയായിരുന്നുവെന്നും ഗഹ്‌ലോട്ട് പറഞ്ഞു.
ഇത്തവണയും രാഹുൽ ഗാന്ധി മറ്റൊരു സ്ഥാനാർഥിയെ തെരഞ്ഞെടുക്കുകയാണെങ്കിൽ അത് വൈഭവാണെന്നു കരുതി വോട്ട് ചെയ്യണമെന്ന് അണികളോട് ഗഹ്‌ലോട്ട് നിർദേശിച്ചു. താനാണ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതെങ്കിൽ 10 വർഷം മുമ്പ് വൈഭവിന് അവസരം കൊടുത്തേനേയെന്നും പത്രസമ്മേളനത്തിൽ ഗഹ്‌ലോട്ട് വ്യക്തമാക്കി.
രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷനും ഉപ മുഖ്യമന്ത്രിയുമായ സചിൻ പൈലറ്റിന് മുഖ്യമന്ത്രിയുടെ പുത്രൻ മത്സരിക്കുന്നതിൽ എതിർപ്പുണ്ട്. നേരത്തെ വൈഭവിനെ പിന്തുണച്ചിരുന്ന സചിൻ പൈലറ്റ് ഈയിടെ നിലപാട് മാറ്റി. വൈഭവ് ദീർഘകാലമായി പാർട്ടിയിൽ സജീവമാണെന്നും ഇത്തരം പ്രവർത്തകരെ സ്ഥാനാർഥികളാക്കി പാർട്ടിയെ സേവിക്കാൻ അവസരമൊരുക്കണമെന്നും സചിൻ പൈലറ്റ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച അദ്ദേഹം നിലപാട് മാറ്റി. സിറ്റിംഗ് എം.പിമാരും എം.എൽ.എമാരും മുമ്പ് ഇലക്ഷനിൽ തോറ്റവരും പാർട്ടി നേതാക്കന്മാരുടെ ബന്ധുക്കളും മത്സരിക്കരുതെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. അന്നു തന്നെ പ്രധാനമന്ത്രി മോഡിയെ വിമർശിക്കാൻ അശോക് ഗഹ്‌ലോട്ട് പത്രസമ്മേളനം വിളിച്ചു. അതിനിടയിലാണ് പത്തു വർഷം മുമ്പേ വൈഭവ് മത്സരിക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. വൈഭവ് മത്സരിക്കുമോയെന്ന് ചോദിച്ചപ്പോൾ ഗഹ്‌ലോട്ടിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'അയാൾ പാർട്ടി പ്രവർത്തകനാണ്, എവിടെ നിന്നാണ് മത്സരിക്കുകയെന്ന് അയാളോടാണ് ചോദിക്കേണ്ടത്. എവിടെനിന്ന് വൈഭവിനെ മത്സരിപ്പിക്കുമെന്ന് പാർട്ടിയോടും ചോദിക്കണം'.
നിരവധി മണ്ഡലങ്ങളിൽ വൈഭവിന്റെ പേര് ഉയർന്നുവരുന്നത് അദ്ദേഹം ജനപ്രിയനാണെന്ന് സ്ഥാപിക്കാനാണ്. സവായ് മധോപൂർ ഗുജ്ജാറുകൾക്കും ന്യൂനപക്ഷങ്ങൾക്കും മുൻതൂക്കമുള്ള മണ്ഡലമാണ്. ജോധ്പൂരിലെ സർദാർപുര നിയമസഭാ മണ്ഡലത്തെയാണ് അശോക് ഗഹ്‌ലോട്ട് പ്രതിനിധീകരിക്കുന്നത്.
വൈഭവിന്റെ പേര് ഉയർന്നുവന്നപ്പോൾ തന്നെ തന്റെ കുടുംബത്തിൽനിന്ന് ആരും മത്സരിക്കില്ലെന്ന് സചിൻ പൈലറ്റ് പ്രഖ്യാപിച്ചിരുന്നു. മുൻ കോൺഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ മകനാണ് സചിൻ പൈലറ്റ്.
കഴിഞ്ഞ നിയമസഭാ സ്ഥാനാർഥികളെ നിശ്ചയിക്കുമ്പോഴും മുഖ്യമന്ത്രിയെ നിശ്ചയിച്ചപ്പോഴും ഗഹ്‌ലോട്ട്-പൈലറ്റ് ധ്രുവീകരണം പരസ്യമായിരുന്നു. ഈയിടെ ഇരുവരും പങ്കെടുത്ത പത്രസമ്മേളനത്തിനിടെ ഗുജ്ജാറുകൾക്ക് സംവരണം വേണമെന്ന ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇരുവരും പരസ്പരം മൈക്ക് കൈമാറിക്കൊണ്ടിരുന്നത് തമാശ പരത്തിയിരുന്നു. പൈലറ്റ് ഗുജ്ജാർ സമുദായക്കാരനാണ്.