ലഖ്‌നൗ- പടിഞ്ഞാറൻ യു.പിയിലെ എട്ട് സീറ്റുകളിൽ ഏപ്രിൽ 11 നാണ് തെരഞ്ഞെടുപ്പ്. അതായത് ആദ്യഘട്ടത്തിൽ തന്നെ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെ കഴിഞ്ഞപ്പോൾ മുസഫർ നഗർ ഏറ്റവും വലിയ ഏറ്റുമുട്ടലിന് സാക്ഷ്യം വഹിക്കുമെന്നുറപ്പായി. ഇവിടെ ബി.ജെ.പിയുടെ സിറ്റിംഗ് എം.പി സഞ്ജീവ് ബലിയാൻ, രാഷ്ട്രീയ ലോക്ദൾ നേതാവും ജാട്ടുകളുടെ പ്രിയ പുത്രനുമായ അജിത് സിംഗിനെ നേരിടും. ജാട്ടുകളുടെ എക്കാലത്തേയും വലിയ നേതാവായ മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ മകനാണ് അജിത് സിംഗ്. സമാജ്‌വാദി പാർട്ടി-ബി.എസ്.പി-ആർ.എൽ.ഡി അടങ്ങുന്ന യു.പി ഗഡ്ബന്ധന്റെ ഭാഗമായാണ് അജിത് സിംഗ് ഇവിടെ പോരിറങ്ങുന്നത്.
മുസഫർ നഗറിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. തങ്ങൾ യു.പി സഖ്യത്തിന് വിട്ടുകൊടുത്തിരിക്കുന്നുവെന്ന് കോൺഗ്രസ് പറഞ്ഞ ഏഴു സീറ്റുകളിൽ ഒന്നാണിത്. പ്രതിപക്ഷ സഖ്യത്തിലെ മുതിർന്ന നേതാക്കൾക്കെതിരെ സ്ഥാനാർഥികളെ നിർത്തില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് മുസഫർ നഗറിൽ മത്സരിക്കാത്തതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. അമേത്തിയിലും റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തില്ലെന്ന എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ പ്രഖ്യാപനത്തിനുള്ള മധുരമായ മറുപടി.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് 2013 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ വർഗീയ കലാപം കൊടുമ്പിരിക്കൊണ്ട മണ്ഡലമാണ് മുസഫർ നഗർ. അറുപത് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. നൂറുകണക്കിനാളുകൾക്ക് പലായനം ചെയ്യേണ്ടിവന്നു. കാലങ്ങളായി സൗഹാർദത്തോടെ ജീവിച്ചുവരികയായിരുന്ന മുസ്‌ലിംകൾക്കും ജാട്ടുകൾക്കുമിടയിൽ കലാപം ഉണ്ടാക്കിയ വിഭജനം വലുതായിരുന്നു. ഇതിലൂടെയാണ് ബി.ജെ.പി ഇവിടെ ജയിച്ചുകയറിയത്. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ കലാപം ആസൂത്രിതമായിരുന്നെന്നും സമൂഹത്തിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമാക്കി ബി.ജെ.പി നടത്തിയതാണ് അതെന്നുമുള്ള ആരോപണം ശക്തമാണ്. എന്തായാലും 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉത്തർപ്രദേശ് ആസകലം പിടിച്ചെടുക്കുന്നതാണ് കണ്ടത്. കലാപം ഗുണം ചെയ്തുവെന്നർഥം. 46 കാരനായ ബലിയാൻ നാലു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചത്. 15 വർഷത്തിനിടെ മുസഫർ നഗറിൽ ബി.ജെ.പിയുടെ ആദ്യ ജയം.
ഈ വിജയത്തിന് സഞ്ജീവിന് പ്രധാനമന്ത്രിയുടെ ഉപഹാരം ലഭിച്ചു. കേന്ദ്ര മന്ത്രി പദം. അന്ന് യു.പി ഭരിച്ചിരുന്ന അഖിലേശ് സർക്കാർ മുസഫർ നഗർ കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവർ എന്ന നിലയിൽ ബലിയാനും എം.എൽ.എ ഉമേഷ് മാലിക്കിനും സുരേഷ് റാണക്കുമെതിരെ കേസെടുത്തിരുന്നു. നിരോധാജ്ഞ ലംഘിക്കുകയും സർക്കാർ ഉദ്യോഗസ്ഥരെ കൃത്യനിർവഹണത്തിൽനിന്ന് തടയുകയും ചെയ്തുവെന്നായിരുന്നു കേസ്. 'നിരപരാധി'കൾക്കെതിരായ കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ബലിയാൻ യോഗി സർക്കാരിനെതിരെ സമരം ചെയ്തിരുന്നു.
അജിത് സിംഗിനെ സംബന്ധിച്ച് മുസഫർ നഗറിലെ മത്സരം ഒരർഥത്തിൽ ഭാഗ്യപരീക്ഷണമാണ്. നിരവധി തവണ അദ്ദേഹം പാർലമെന്റിലെത്തിയത് ബാഗ്പതിൽ നിന്നായിരുന്നു. ഇത്തവണ അജിത് സിംഗിന്റെ മകൻ ജയന്ത് ചൗധരിയാണ് ബാഗ്പതിലെ സ്ഥാനാർഥി.
അജിത് സിംഗും സഞ്ജീവ് ബലിയാനും ജാട്ടുകളാണ്. പടിഞ്ഞാറൻ യുപിയിലുടനീളം സ്വാധീനമുള്ള സമുദായമാണ് ജാട്ടുകൾ. മുസ്‌ലിംകളും നിർണായക സംഖ്യയുണ്ട്. ജാട്ടുകളും യാദവരും കഴിഞ്ഞാൽ മുസഫർ നഗറിൽ കൂടുതൽ മുസ്‌ലിംകളാണ്. ഒ.ബി.സി വോട്ടർമാരും യാദവ ഇതര വോട്ടർമാരും ഇവിടെ കാര്യമായുണ്ട്.
എതിർസ്ഥാനാർഥി കരുത്തനായ ജാട്ട് ആയതിനാൽ പ്രാദേശിക വികാരം ഉണർത്താനാണ് ഇത്തവണ ബലിയാന്റെ ശ്രമം. താൻ നാട്ടുകാരനാണെന്നും അജിത് സിംഗ് വരത്തനാണെന്നുമാണ് അദ്ദേഹം വോട്ടർമാരോട് പറയുന്നത്.