Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പിനു ഫണ്ടില്ല; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ഭൂട്ടിയ ജഴ്‌സികള്‍ ലേലം ചെയ്യുന്നു

ഗാങ്‌ടോക്- സിക്കിമില്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച തന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പു ചെലവുകള്‍ കണ്ടെത്താന്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചുങ് ഭൂട്ടിയ രണ്ടു ജഴ്‌സികള്‍ ലേലത്തിനു വച്ചു. ഹംരോ സിക്കിം പാര്‍ട്ടി എന്ന തന്റെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഫണ്ട് സ്വരൂപിക്കാനാണിതെന്ന് ഭൂട്ടിയ പറഞ്ഞു. യുഎന്‍ സംഘടിപ്പിച്ച 'മാച് എഗെയ്ന്‍സ്റ്റ് പോവര്‍ട്ടി' എന്ന പ്രത്യേക മത്സരത്തില്‍ അണിഞ്ഞതും 2012-ല്‍ തന്റെ വിടവാങ്ങല്‍ മാച്ചില്‍ ബയേണ്‍ മൂണിക്കിനെതിരെ കളിക്കിറങ്ങിയപ്പോള്‍ അണിഞ്ഞ ജഴ്‌സികളാണ് ലേലം ചെയ്യുന്നത്. യൂറോപ്യന്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ഫ്രഞ്ച് താരം സിനദിന്‍ സിദാന്‍, പോര്‍ചുഗല്‍ താരം ലൂയി ഫിഗോ എന്നിവരുടെ കയ്യൊപ്പും ഈ ജഴ്‌സികളിലുണ്ട്.

സിക്കിമില്‍ താന്‍ രൂപീകരിച്ച പാര്‍ട്ടിക്കു നിങ്ങളുടെ പിന്തുണ വേണമെന്ന് ഭൂട്ടിയ പറഞ്ഞു. മറ്റിടങ്ങളിലെ പോലെ ഇവിടെയും അഴിമതി, തൊഴിലില്ലായ്മ, കര്‍ഷക പ്രതിസന്ധി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ട്. ഇതിനെതിരെ പൊരുതാന്‍ നിങ്ങളുടെ പിന്തുണ വേണം എന്നും ഭൂട്ടിയ ട്വീറ്റ് ചെയ്തു. ഈ ഫണ്ട് സമാഹരണം തീര്‍ത്തും സുതാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31-നാണ് ഭൂട്ടിയ ഹംരോ സിക്കിം പാര്‍ട്ടിക്ക് രൂപം നല്‍കിയത്. സന്തുഷ്ട സിക്കിമിനായി വിവിധ പദ്ധതികള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമായി പറയുന്നത്. യുവജനങ്ങളെ കൊടികളുടേയും മുദ്രാവാക്യങ്ങളുടേയും രാഷ്ട്രീയത്തില്‍ നിന്ന് മുക്തരാക്കി സ്വയം പര്യാപ്തരാക്കുന്ന വിവിധ പദ്ധതികള്‍ തങ്ങള്‍ക്കുണ്ടെന്നും ഭൂട്ടിയ പറയുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും സിക്കിമില്‍ തെരഞ്ഞെടുപ്പു നടക്കുന്നുണ്ട്. 33 നിയമസഭാ മണ്ഡലങ്ങളും ഒരു ലോക്‌സഭാ മണ്ഡലവുമാണ് സിക്കിമിലുള്ളത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ആണ് കഴിഞ്ഞ പത്തു വര്‍ഷമായി സംസ്ഥാനം ഭരിക്കുന്നത്. ഏപ്രില്‍ 11-നാണ് ഇത്തവണ ഇവിടെ വോട്ടെടുപ്പ്.

Latest News