- നാട്ടുകാർ വനപാലകരെ തടഞ്ഞു
ഇടുക്കി- കാട്ടാനപ്പേടി വിട്ടൊഴിയാതെ ഹൈറേഞ്ച്. ചിന്നക്കനാൽ സിങ്കുകണ്ടത്ത് കാട്ടാന അക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. സിങ്ങുകണ്ടം നടയ്ക്കൽ സുനിൽ ജോർജിനാണ് പരിക്കേറ്റത്. ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വനപാലകരെ മണിക്കൂറുകൾ തടഞ്ഞുവച്ചു.
കഴിഞ്ഞ ദിവസം കാട്ടാനയുടെ പിടിയിൽനിന്നും ഗുരുതര പരിക്കുകളോടെ യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. വെളുപ്പിന് ആറു മണിയോടെ വീട്ടുമുറ്റത്ത് നിൽക്കുന്ന ആനയെ വിരട്ടിയോടിക്കുന്നതിനിടയിലാണ് തിരിഞ്ഞുനിന്ന കാട്ടാന സുനിലിനെ തുമ്പികൈക്കുള്ളിലാക്കി ചുരുട്ടിയെറിഞ്ഞത്. നിലത്ത് വീണ സുനിലിനെ ചവിട്ടുകയും ചെയ്തു. സമീപത്തുനിന്നവർ ബഹളം വയ്ക്കുകയും ആന പിറകോട്ട് തിരിഞ്ഞ സമയത്ത് ആളുകൾ ഇയാളെ എടുത്തുകൊണ്ട് ഓടുകയുമായിരുന്നു.
ആദ്യം മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിലിന്റെ നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നട്ടെല്ലിനും തോളെല്ലിനും കൈക്കും സാരമായി പരിക്ക് പറ്റിയിട്ടുണ്ട്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞുവച്ചു. ഡി.എഫ്.ഒ സ്ഥലത്തെത്തി കാര്യങ്ങൾക്ക് വ്യക്തമായ തീരുമാനം അറിയിക്കാതെ ഇവരെ വിട്ടയക്കില്ലെന്ന നിലപാടിലാണ് ദേവികുളം ഫോറസ്റ്റ് റെയിഞ്ചർ എം.ആർ. സുരേഷ്‌കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.എസ്. ബിനു, പി.ജി. രതീഷ്, കെ.കെ. സജീവ്, എസ്. അൻപുമണി എന്നിവരെ മണിക്കൂറുകൾ തടഞ്ഞുവച്ചത്. സി.സി.എഫിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന ഉറപ്പിൽ പന്ത്രണ്ടരയോടെ ഇവരെ വിട്ടയ്ക്കുകയായിരുന്നു. പരിക്കുപറ്റി ആശുപത്രിയിൽ കഴിയുന്ന സുനിൽ ഓട്ടോ തൊഴിലാളിയാണ്. ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമാണ്.