കൊല്‍ക്കത്ത- ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്ഘടനയാണ് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പറഞ്ഞുകൊണ്ടിരിക്കുന്നത് അവര്‍ക്ക് സാമ്പത്തിക ശാസ്ത്രം അറിയാത്തതു കൊണ്ടാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്്മണ്യന്‍ സ്വാമി. ഇന്ത്യ മൂന്നാമത്തെ സമ്പദ്ഘടനയായിട്ടും ഇക്കണോമിക്‌സ് അറിയാത്ത പ്രധാനമന്ത്രിയും ധനമന്ത്രിയും തെറ്റായ കാര്യം പറഞ്ഞുകൊണ്ടിരിക്കയാണ്.
എന്‍ഗേജിംഗ് പീപ്പിള്‍ റിപ്പബ്ലിക് ഓഫ് ചൈന എന്ന തലക്കെട്ടില്‍ വാര്‍ഷിക കൊല്‍ക്കത്ത സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും സെന്റര്‍ ഫോര്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ഈസ്റ്റ് റീജ്യണല്‍ സ്റ്റഡീസും സംയുക്തതമായാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ സമ്പദ്ഘടനാ വ്യാപ്തി കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും വിശ്വാസ യോഗ്യമായ പര്‍ച്ചേസ് പവര്‍ പാരിറ്റി വെച്ചു നോക്കുമ്പോള്‍ ഇന്ത്യ ലോകത്ത് മൂന്നാമത്തെ വലിയ സമ്പദ്ഘടനയാണ്. വിദേശ നാണ്യനിരക്ക് അടിസ്ഥാനമാക്കിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്താണന്ന് കണക്കാക്കുന്നത്. രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകുമ്പോള്‍ അത് മാറികൊണ്ടിരിക്കും. ഇത്തരം കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇന്ത്യ ഏഴാമത്തെ സമ്പദ്ഘടനയാകുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. കോളനി ശക്തികളുടെ അധിനിവേശത്തിനു മുമ്പ് ഇന്ത്യയും ചൈനയുമായിരുന്നു ഏറ്റവും സമൃദ്ധിയുള്ള രാജ്യങ്ങള്‍.
1950 ല്‍ ഇന്ത്യക്ക് യു.എന്‍. രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം വാഗ്ദാനം ചെയ്തപ്പോള്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അതു നിരാകരിക്കുകയും ഇന്ത്യ ചൈനയോടൊപ്പം നില്‍ക്കുമെന്ന് അറിയിക്കുകയുമായിരുന്നു. നെഹ്്‌റു ചെയ്തതു പോലെ ചൈനയുടെ രക്ഷാകര്‍തൃത്വം അംഗീകരിക്കുകയല്ല, ഇരു രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന ചരിത്രാതീത കാലത്തെ ബന്ധത്തിലേക്ക് മടങ്ങുകയാണ് വേണ്ടതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
പാക്കിസ്ഥാനി ഭീകരസംഘടനാ നേതാവ് മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ പുതിയ നീക്കവും ചൈന തടഞ്ഞിരിക്കെ പുതിയ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാണെന്നും അദ്ദേഹം പറഞ്ഞു.