ഇസ്ലാമാബാദ്- സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയില്‍ നിന്ന് തട്ടിക്കൊണ്ടു പോയി നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയെന്ന് ആരോപിക്കപ്പെടുന്ന രണ്ടു ഹിന്ദു പെണ്‍കുട്ടികള്‍ സംരക്ഷണം തേടി ബഹവല്‍പൂര്‍ കോടതിയെ സമീപിച്ചു. ഘോട്കിയിലെ ദഹാര്‍കിയില്‍ നിന്നാണ് സഹോദരികളായ രവീണ (13), റീന (15) എന്നീ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയതെന്ന് കുടുംബം ആരോപിക്കുന്നു. വിവാഹ പ്രായമാകാത്തി ഇവരെ ബാലവിവാഹത്തിനിരയാക്കിയതായും റിപോര്‍ട്ടുണ്ട്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയതായി അച്ഛനും സഹോദരനും ഒരു വിഡിയോ സന്ദേശത്തില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ വിഡിയോ വൈറലായിരുന്നു.
ഇതിനു പിന്നാലെ തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതെന്ന് വിശദീകരിക്കുന്ന പെണ്‍കുട്ടികളുടെ വിഡിയോയും പുറത്തു വന്നു. നിര്‍ബന്ധിപ്പിച്ചാണ് മതം മാറ്റിയതെന്ന കുടുംബത്തിന്റെ വാദവും ഇവര്‍ തള്ളി. സംഭവം വിവാദമായതോടെ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അതിനിടെ പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായം ചെയ്തു കൊടുത്തെന്ന് സംശിക്കുന്ന ഒരാളെ ഖാന്‍പൂരില്‍ പോലീസ് അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാന്‍ ടുഡെ റിപോര്‍ട്ട് ചെയ്യുന്നു.