ഗുരുഗ്രാം (ഗുഡ്ഗാവ്)- ഹരിയാനയിലെ ഗുരുഗ്രാമില്‍ ഹിന്ദുത്വ തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി മര്‍ദിച്ച മുസ്ലിം കുടുംബം നാടു വീടും ഉപേക്ഷിച്ചു പോകാനൊരുങ്ങുന്നു. 15 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഉത്തര്‍ പ്രദേശിലെ ഭഗപത് ജില്ലയിലെ പാഞ്ചി ഗ്രാമത്തില്‍ നിന്നും മുഹമ്മദ് സാജിദും കുടുംബവും ഗുഡ്ഗാവിലേക്ക് വന്നത്. ഇവിടെ ഘസോല ഗ്രാമത്തില്‍ ഒരു ഫര്‍ണിച്ചര്‍ റിപ്പയര്‍ ഷോപ്പ് നടത്തുന്ന സാജിദിന്റെ കുടുംബത്തിനു നേര്‍ക്ക് വ്യാഴാഴ്ചയാണ് ഹിന്ദുത്വ ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. പാക്കിസ്ഥാനിലേക്കു പോകൂ എന്നാക്രോശിച്ചാണ് 25ഓളം പേരടങ്ങുന്ന സംഘം വടികളും ഇരുമ്പു ദണ്ഡുകളും ഹോക്കി സ്റ്റിക്കുകളുമായി വാതില്‍ പൊളിച്ച് അകത്തു കയറി സ്ത്രീകളെയും കുട്ടികളേയും അടക്കം മര്‍ദിക്കുകയും വിലപിടിപ്പുള്ള വസ്തുക്കളും പണവും കൊള്ളയടിക്കുകയും ചെയ്തത്. ഗുഡ്ഗാവിലെത്തി 15 വര്‍ഷത്തിനിടെ ഇത്തരമൊരു ദുരനുഭവം ആദ്യമായാണെന്ന് സാജിദ് പറയുന്നു.
'ഞങ്ങള്‍ യുപിയെ സ്വന്തം ഗ്രാമത്തിലേക്കോ അല്ലെങ്കില്‍ ദല്‍ഹിയിലേക്കോ പോകാനാണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ ഒരാക്രമണം ഒരിക്കല്‍ സംഭവിച്ചാല്‍ അത് വീണ്ടും ആവര്‍ത്തിക്കാം. ഞങ്ങളുടെ ഗ്രാമത്തില്‍ വച്ചാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ ചുരുങ്ങിയത് 15-20 പേരെങ്കിലും ഞങ്ങള്‍ക്കൊപ്പം നില്‍ക്കാനുണ്ടാകും. ഇവിടെ ഞങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്,' സാജിദ് പറയുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ഭൂപ് സിങ് നഗര്‍ കോളനിയില്‍ തന്റെ ഭാര്യയ്ക്കും ആറ് മക്കള്‍ക്കുമായി ഒരു വീട് പണികഴിപ്പിച്ചത്.
ഹോളി ദിവസമാണ് ആക്രമണമുണ്ടായത്. അവധി ദിവസമായിരുന്നതിനാല്‍ സാജിദിന്റെ ബന്ധുക്കള്‍ വീട്ടിലെത്തിയിരുന്നു. തൊട്ടടുത്ത ഒരു ഒഴിഞ്ഞ പറമ്പില്‍ വീട്ടിലെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ രണ്ടു യുവാക്കള്‍ വന്ന് പാക്കിസ്ഥാനിലേക്കു പോയി അവിടെ കളിച്ചാല്‍ മതിയെന്ന് ആക്രോഷിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പോലീസിനു നല്‍കിയ മൊഴികളില്‍ പറയുന്നു. ഇതില്‍ സാജിദ് ഇടപെട്ടതോടെയാണ് ആള്‍ക്കൂട്ടം സാജിദിന്റെ വീടാക്രമിക്കാനെത്തിയത്. നേരത്തെ വന്ന രണ്ടു യവാക്കള്‍ക്കൊപ്പം നിരവധി യുവാക്കള്‍ ഒന്നിച്ചെത്തിയാണ് ആക്രമമഴിച്ചു വിട്ടത്. വീട്ടിലുണ്ടായിരുന്ന പിഞ്ചു കുഞ്ഞുങ്ങളെ പോലും ഹിന്ദുത്വ ഗുണ്ടകള്‍ വെറുതെ വിട്ടില്ലെന്ന് സാജിദ് പറയുന്നു. ഒരു വയസ്സുള്ള കുട്ടിയെ എടുത്ത് എറിഞ്ഞതായും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നതോടെയാണ് മാധ്യമങ്ങളും ഏറ്റുപിടിച്ചത്. തുടര്‍ന്ന് രാജ്യ വ്യാപകമായി പ്രതിഷധം ഉയരുകയും ചെയ്തു. വിവിധ പാര്‍ട്ടികള്‍ ഈ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.