പനജി- അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മൃതശരീരം പൊതുദര്‍ശനത്തിന് വച്ച ഗോവ കലാ അക്കാദമി വളപ്പില്‍ ബ്രാഹ്മണര്‍ ശുദ്ധികലശം നടത്തിയതിനെ ചൊല്ലി ഗോവയില്‍ വിവാദം. സര്‍ക്കാര്‍ ഭൂമിയില്‍ നടത്തിയ ശുദ്ധികലശത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദത്തിന് ചൂടുപിടിച്ചത്. ഒരു പ്രദേശവാസിയാണ് സംഭവം ആദ്യം ഒരു ട്വീറ്റിലുടെ പുറത്തറിയിച്ചത്. വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടതായി ഗോവ സാംസ്‌കാരിക വകുപ്പു മന്ത്രി ഗോവിന്ദ് ഗൗഡെ അറിയിച്ചു. ഇത്തരം പ്രവര്‍ത്തികല്‍ കലാ അക്കാദമി പരിസരത്ത് നടന്നത് ഗൗരവത്തിലാണ് എടുത്തിരിക്കുന്നതെന്നും ഇത് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ഇത്തരത്തിലുള്ള അശാസ്ത്രീയ പ്രവര്‍ത്തികല്‍ അനുവദിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
കലാ അക്കാദമി ഇത്തരം ആചാരങ്ങള്‍ക്ക് അനുമതി നല്‍കില്ല. ഇതു ചെയ്യുന്നതിനു മുമ്പ് അനുമതി തേടിയിട്ടുമില്ല. ഇത്തരം ചടങ്ങുകള്‍ക്ക് അക്കാദമിയോ സര്‍ക്കാരോ നയാ പൈസപോലും അനുവദിച്ചിട്ടുമില്ല. ശുദ്ധികലശമാണ് നടന്നതെന്ന് കേള്‍ക്കുന്നു. എന്തായാലും ആദ്യം അന്വേഷണം നടക്കട്ടെ, എന്നിട്ടു പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
I have taken a strong note of some activities carried out in Kala Academy premises as rituals today. I have ordered an inquiry into it. We can not promote or patronise unscientific activities inside government buildings.
— Govind Gaude (@GovindForGoa) March 23, 2019
ഓം ജപങ്ങളുമായി കലാ അക്കാദമിയിലെ മൂന്ന് ജീവനക്കാരാണ് ശുദ്ധികലശത്തിന് നേതൃത്വം നല്‍കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ചടങ്ങ് എന്തായിരുന്നുവെന്ന് അറിയില്ലായിരുന്നു എന്നാണ് അക്കാദമി മെംബര്‍ സെക്രട്ടറി ഗുരുദാസ് പിലെര്‍നേക്കര്‍ പറയുന്നത്. 'അക്കാദമി ജീവനക്കാരായ ബ്രാഹ്മണരാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. രാവിലെ എത്തിയപ്പോഴാണ് ഇവര്‍ ആചാരം നടത്തുന്നതായി കണ്ടത്. ഒന്നും പറയാതെ എന്നോടും അതില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവം എന്താണെന്ന് വിശദീകരിക്കാന്‍ മൂന്ന് ജീവനക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
സംസ്‌ക്കാര ചടങ്ങുകള്‍ക്ക് മുമ്പായി പരീക്കറുടെ മൃതദേഹം സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ അര്‍പ്പിക്കുന്നതിനായി വച്ചിരുന്നു കലാ അക്കാദമി വളപ്പിലായിരുന്നു.