സിനിമ കണ്ട കാര്യം പറഞ്ഞത് പ്രധാനമന്ത്രി മോഡിയോട്
അസ്താന- ആമിർഖാൻ ചിത്രമായ ബോളിവുഡ് ചിത്രം ഡംഗൽ കണ്ടുവെന്നും കേമമായിട്ടുണ്ടെന്നും ചൈനീസ് പ്രസിഡന്റ് സി ജിൻപിങ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടാണ് അദ്ദേഹം ഡംഗൽ ഇഷ്ടമായ കാര്യം സൂചിപ്പിച്ചത്.
മെയ് അഞ്ചിനാണ് ഡംഗൽ ചൈനയിൽ റിലീസ് ചെയ്തത്. ചൈനീസ് സിനിമാ വ്യവസായത്തിൽ പല റെക്കോർഡുകളും തകർത്ത ഡംഗൽ ഇതുവരെ 1100 കോടി രൂപ വാരിക്കഴിഞ്ഞു. ചൈനയിൽ 7000 കേന്ദ്രങ്ങളിൽ പ്രദർശനം തുടരുന്ന ഡംഗൽ ചൈനയിൽ 100 കോടി യുവാൻ കലക് ഷൻ നേടുന്ന 33 ാമത്തെ ചിത്രമാണ്. ഹോളിവുഡ് ഇതര ചിത്രങ്ങളിൽ തരംഗം സൃഷ്ടിച്ച സിനി കൂടിയായി ഡംഗൽ.
ഷാങ്ഹായി കോഓപറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും സംഭാഷണം നടത്തിയതെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ പറഞ്ഞു. ഡംഗൽ ചൈനയിൽ വൻ വിജയം നേടിയെന്നും താൻ പോലും സിനിമ കണ്ടുവെന്നുമാണ് സി ജിൻപിങ് മോഡിയോട് പറഞ്ഞത്.
ഗുസ്തി വീരൻ മഹാവീർ സിംഗ് ഫോഗാട്ടിന്റെ യഥാർഥ ജീവിത ചരിത്രത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച ചിത്രമാണ് ഡംഗൽ. പരമ്പരാഗ രീതികളിൽനിന്ന് വ്യത്യസ്തമായി പെൺമക്കളെ പരിശീലിപ്പിച്ച് ഗുസ്തി ചാമ്പ്യന്മാരാക്കി മാറ്റുന്നതാണ് ചിത്രം.
ചൈനക്കാർ ഡംഗൽ ഇഷ്ടപ്പെടുമെന്ന് ആമിർ ഖാൻ ഈയിടെ പറഞ്ഞിരുന്നെങ്കിലും ഇത്രയും വലിയ കലക്ഷനും വിജയവും സ്വപ്‌നം കണ്ടിട്ടുണ്ടാവില്ല.
സർഗാത്മകത ഉണ്ടെങ്കിൽ ഭാഷ ഒരു തടസ്സമല്ലെന്നാണ് ഡംഗലിന്റെ ചൈനയിലെ വിജയം കാണിക്കുന്നതെന്ന് ആമിർ ഖാൻ പറഞ്ഞു.
ഇരു രാജ്യങ്ങൾ തമ്മിൽ സാംസ്‌കാരിക മേഖലയിലെ സഹകരണം ശക്തമാക്കുന്ന കാര്യവും മോഡിയും സീയും ചർച്ച ചെയ്തതായി ജയശങ്കർ പറഞ്ഞു. ചൈനയിൽ നടത്താനിരിക്കുന്ന യോഗ ദിന ആഘോഷത്തെ കുറിച്ചും പ്രസിഡന്റ് സി ജിൻപിങ് സംസാരിച്ചു.