Sorry, you need to enable JavaScript to visit this website.

തര്‍ക്കഭൂമിയില്‍ മൃതദേഹം സംസ്കരിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു

തര്‍ക്കമുള്ള ഭൂമിയില്‍ മൃതദേഹം സംസ്കരിക്കാനെത്തിയവരെ പോലീസ് തടയുന്നു.

 
കൊണ്ടോട്ടി- തര്‍ക്കത്തിലുളള ശ്മശാന ഭൂമിയില്‍ മൃതദേഹം സംസ്കരിക്കാനെത്തിയ ബന്ധുക്കളെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ബന്ധുക്കള്‍ മൃതദേഹം സംസ്കരിക്കാതെ മടങ്ങി. മൃതദേഹം പിന്നീട് പോലീസ് മഞ്ചേരി മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. എക്കാപ്പറമ്പ് ഒഴുകൂര്‍ റോഡിന് സമീപത്തെ ശ്മശാന സ്ഥലത്താണ് സംഭവം. കിഴിശ്ശേരി പുല്ലഞ്ചേരി കളത്തിങ്ങല്‍ കണ്ണന്‍കുട്ടി (60) യുടെ മൃതദേഹവുമായാണ് ബന്ധുക്കള്‍ ഉച്ചയോടെ എക്കാപ്പറമ്പ് എത്തിയത്. ഈ സ്ഥലം കുടുംബ ശ്മശാനമാണെന്ന് കോളനിക്കാര്‍ പറയുന്നുണ്ടെങ്കിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കോളനി വാസികള്‍ മൃതദേഹവുമായി വരുന്നതറിഞ്ഞ് പോലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിരുന്നു. നിലവില്‍ സ്വകാര്യ വ്യക്തിയുടെ അധീനതയിലുളള സ്ഥലമാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് ആളുകളെ വഴിയില്‍ തടഞ്ഞു. ഇതു വകവെക്കാതെ സംഘം സ്ഥലത്തെത്തി മൃതദേഹം സംസ്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇതിനിടയില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. പോലീസ് തടയാന്‍ ശ്രമിച്ചതോടെ കോളനിക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമായി. തുടര്‍ന്ന് പോലീസ് ചെറിയ  ലാത്തി വീശുകയും 20 ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനിടയില്‍ മൃതദേഹം മറവു ചെയ്യുന്നതിനുള്ള കുഴിയെടുക്കുന്നതിന് സ്ത്രീകള്‍ രംഗത്തിറങ്ങിയെങ്കിലും പോലീസ് പിന്തിരിപ്പിച്ചു.
റവന്യൂ രേഖയിലുള്ള ശ്മശാന ഭൂമി കണ്ടെത്തിത്തരണമെന്നും തങ്ങള്‍ക്ക് മൃതദേഹം സംസ്കരിക്കുന്നതിന് വേറെ വഴിയില്ലെന്നും ഇവര്‍ റവന്യൂ അധികൃതരോടും പോലീസിനോടും പറഞ്ഞു. അഞ്ചു മണിയോടെ മൃതദേഹം സംസ്കരിക്കാതെ ആളുകള്‍ മടങ്ങി. തുടര്‍ന്ന് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ആര്‍.ഡി.ഒ സുനില്‍ലാല്‍, ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.

 

 

 

 

Latest News