Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയുടെ ശത്രു

ശത്രുഘ്‌നൻ സിൻഹ, രവിശങ്കർ പ്രസാദ്‌

ബിഹാറിലെ പട്‌നാസാഹിബ് മണ്ഡലത്തിൽ ഇത്തവണയും നടൻ ശത്രുഘ്‌നൻ സിൻഹ സ്ഥാനാർഥിയായി ഉണ്ടാവും. കഴിഞ്ഞ രണ്ടു തവണ ബി.ജെ.പി ടിക്കറ്റിൽ ലോക്‌സഭയിലെത്തിയ ശത്രു, പക്ഷെ ഇത്തവണ കോൺഗ്രസിന്റെ കൈ പിടിക്കുകയാണ്. കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെയാണ് ശത്രുവിനെ തളക്കാൻ ബി.ജെ.പി നിയോഗിക്കുന്നത്. 
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തുകയാണ് ശത്രുഘ്‌നൻ. പ്രതിപക്ഷ പാർട്ടികളുടെ കൊൽക്കത്ത റാലിയിൽ വരെ ശത്രു പങ്കെടുത്തു. ബി.ജെ.പി വിടുംമുമ്പ് ശത്രുവിന്റെ അവസാന അമ്പ് പ്രധാനമന്ത്രിയുടെ ചൗകിദാർ കുപ്പായമിട്ട പ്രധാനമന്ത്രിക്കെതിരെയാണ്. താങ്കൾ ചൗകിദാർ എന്നു പറയുമ്പോഴെല്ലാം റഫാൽ കരാറിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളെക്കുറിച്ച് ജനം ഓർമിച്ചു കൊണ്ടിരിക്കുമെന്ന് പ്രധാനമന്ത്രിയെ ശത്രുഘ്‌നൻ ഉണർത്തി. 
ബി.ജെ.പിയിൽനിന്നുള്ള ശത്രുവിന്റെ രാജിയും കോൺഗ്രസിലേക്കുള്ള രംഗപ്രവേശവും അടുത്ത ദിവസങ്ങളിലുണ്ടാവുമെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് വെളിപ്പെടുത്തി. തന്റെ മുന്നോട്ടുള്ള പാതയെക്കുറിച്ച ചിത്രവും എവിടെ മത്സരിക്കുമെന്നും ഏത് ചിഹ്നത്തിലെന്ന കാര്യവും അടുത്ത ദിവസങ്ങളിൽ വ്യക്തമാവുമെന്ന് ശത്രുഘ്‌നനും പറഞ്ഞു. 
ശത്രുഘ്‌നൻ നിലപാട് തിരുത്തിയാലും ഇത്തവണ പട്‌നാസാഹിബിൽ മത്സരിപ്പിക്കില്ലെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. എന്തുവന്നാലും പട്‌നാസാഹിബിൽ മത്സരിക്കുമെന്ന് ശത്രുഘ്‌നനും തുറന്നടിച്ചു. 2009 ലും ഈ മണ്ഡലത്തിൽനിന്ന് ശത്രുഘ്‌നൻ ജയിച്ചിരുന്നു. 
വാജ്‌പേയിയുടെ കാലത്ത് ലോകശാഹിയെക്കുറിച്ചായിരുന്നു (ജനാധിപത്യം) സംസാരമെന്നും മോഡിയുടെ കാലത്ത് അത് താനശാഹി (ഏകാധിപത്യം) ആയി മാറിയെന്നും ശത്രുഘ്‌നൻ കുറ്റപ്പെടുത്തി. കടുത്ത വിമർശനം നടത്തിയിട്ടും ശത്രുഘ്‌നനെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നില്ല ബി. ജെ.പി. 
രവിശങ്കർ പ്രസാദ് ഇതുവരെ ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടില്ല. നാലു തവണ ബിഹാറിൽനിന്ന് രാജ്യസഭാംഗമായി. രവിശങ്കർ പ്രസാദും ശത്രുഘ്‌നൻ സിൻഹയും വാജ്‌പേയി സർക്കാരിൽ മന്ത്രിമാരായിരുന്നു. ഇരുവരെയും വളർത്തിക്കൊണ്ടുവന്നത് എൽ.കെ അദ്വാനിയുമായിരുന്നു. പട്‌ന സ്വദേശിയായ രവിശങ്കർ പ്രസാദ് കാലിത്തീറ്റ കുംഭകോണത്തിൽ ലാലു പ്രസാദ് യാദവിനെതിരെ കേസ് നടത്തിയാണ് ശ്രദ്ധേയനായത്. പ്രമുഖ ആർ.എസ്.എസ് നേതാവും ബിഹാറിലെ കർപൂരി താക്കൂർ മന്ത്രിസഭയിൽ അംഗവുമായിരുന്ന താക്കൂർ പ്രസാദിന്റെ മകനാണ്. രവിശങ്കർ പ്രസാദിന്റെ സഹോദരി അനുരാധാ പ്രസാദ് ടി.വി ജേണലിസ്റ്റാണ്. കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയുടെ ഭാര്യയാണ് അവർ. 
ബി.ജെ.പിയുടെ രാജ്യസഭാ അംഗം ആർ.കെ. സിൻഹക്കും പറ്റ്‌നാസാഹിബിൽ നോട്ടമുണ്ടായിരുന്നു. ശത്രുഘ്‌നനും രവിശങ്കറും ആർ.കെ. സിൻഹയും ക്ഷത്രിയ സമുദായക്കാരാണ്. തനിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സമുദായം ഇത്തവണ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് ആർ.കെ സിൻഹ പറയുന്നു. 
 

Latest News