ന്യുദല്‍ഹി- ബിജെപിയുടെ രണ്ടാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതോടെ ബിഹാറിലെ പട്‌ന സാഹിബ് സീറ്റില്‍ വാശിയേറിയ പോരാട്ടത്തിന് അരങ്ങൊരുങ്ങി. 2014-ല്‍ ഇവിടെ നിന്ന് ജയിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് സീറ്റ് നിഷേധിച്ചു. പകരം കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്തു വന്നാലും ഇവിടെ മത്സരിക്കുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിജെപി തഴഞ്ഞതോടെ അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമായി. നരേന്ദ്ര മോഡിക്കും ബിജെപി സര്‍ക്കാരിനുമെതിരെ വിമര്‍ശനം കടുപ്പിച്ച ശത്രുഘ്‌നന്‍ സിന്‍ഹ ഇത്തവണ തഴയപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. മോഡി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷമാണ് അദ്ദേഹത്തിന്റെ മോഡി വിമര്‍ശനം കടുത്തത്. പരസ്യമായി ബിജെപി സര്‍ക്കാരിനെ കടന്നാക്രമച്ചിരുന്നെങ്കിലും പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നില്ല.
ജനുവരിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ മഹാറാലിയില്‍ പങ്കെടുത്ത ശത്രുഘ്‌നന്‍ സിന്‍ഹ മോഡിക്കെതിരെ ശക്തമായ വിമര്‍ശമുന്നയിച്ചിരുന്നു. ബിജെപിക്കാരനാണെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടിയാണ് ആദ്യ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വാജ്‌പേയിയുടെ കാലത്ത് ജനാധിപത്യത്തിലായിരുന്നു ശ്രദ്ധയെങ്കില്‍ മോഡിയുടെ കാലത്ത് അത് ഏകാധിപത്യമായിരിക്കുന്നുവെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു. ബിഹാറിലെ പ്രതിപക്ഷ നേതാവും ആര്‍ജെഡി അധ്യക്ഷനുമായ തേജസ്വി യാദവിനെ നേരത്തെ സിന്‍ഹ സന്ദര്‍ശിച്ചതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.