ഇസ്ലാമാബാദ്- അറബിക്കടലില്‍ പാക് അതിര്‍ത്തിക്കുള്ളില്‍ വന്‍ എണ്ണ, പ്രകൃതി വാതക ശേഖരം കണ്ടെത്താനിരിക്കുകയാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. വലിയ സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം ഈ കണ്ടെത്തലിലൂടെ രക്ഷപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. പാക് തീരത്തു നിന്നും അകലെ അറബിക്കടലില്‍ എണ്ണയ്ക്കു വേണ്ടിയുള്ള ഡ്രില്ലിങ് പുരോഗമിക്കുകയാണെന്നും വലിയൊരു കണ്ടെത്തലിന്റെ വക്കിലാണെന്നും ഇംറാന്‍ പറഞ്ഞു. അമേരിക്കന്‍ എണ്ണക്കമ്പനിയായ എക്‌സണ്‍മൊബിലിന്റെ നേതൃത്വത്തിലുള്ള എണ്ണക്കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് ആഴക്കടല്‍ ഡ്രില്ലിങ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനുവരിയിലാണ് ഇതിനു തുടക്കം കുറിച്ചത്. കടലിനടിയിലെ വന്‍ പ്രകൃതി വിഭവ ശേഖരം കണ്ടെത്താനുള്ള ശ്രമം പ്രതീക്ഷിച്ചതിലും മൂന്നാഴ്ച വൈകിയെങ്കിലും വന്‍ ശേഖരം കണ്ടെത്താനള്ള സാധ്യത ഏറിവരികയാണെന്നാണ് കമ്പനികള്‍ നല്‍കുന്ന സൂചന. പാക്കിസ്ഥാന്‍ പ്രാര്‍ത്ഥനയിലാണ്. ഇതു നടന്നാല്‍ പാക്കിസ്ഥാന്‍ ഒന്നാകെ മാറും- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും എഡിറ്റര്‍മാരുമായുള്ള അനൗപചാരിക സംഭാഷണത്തിനിടെ ഇംറാന്‍ പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല.
എക്‌സണ്‍മൊബിലും ഇറ്റാലിയന്‍ എണ്ണഖനന കമ്പനിയായ ഇഎന്‍ഐയുമാണ് പ്രധാനമായും ഈ ശ്രമത്തിനു നേതൃത്വം നല്‍കുന്നത്. ഇരു കമ്പനികളും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. 230 കിലോമീറ്റര്‍ ആഴത്തില്‍ കുഴിച്ചാണ് എണ്ണശേഖരം കണ്ടെത്താനുള്ള ശ്രമം തുടരുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയിലാണ് പാക് തീരത്ത് വന്‍ എണ്ണ ശേഖരമുള്ളതായി സൂചനകള്‍ ലഭിച്ചത്.
എണ്ണ ശേഖരം കണ്ടെത്തപ്പെട്ടാല്‍ അത് പാക്കിസ്ഥാന്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് വലിയൊരു പരിഹാരമാകുമെന്നാണ് പ്രധാനമന്ത്രി ഇംറാന്റെ പ്രതീക്ഷ. അധികാരത്തിലെത്തിയ ശേഷം സാമ്പത്തിക സ്ഥിരത തിരിച്ചുപിടിക്കലായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. രാജ്യാന്തര നാണ്യ നിധി പോലും നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു സ്ഥിതിയുണ്ടായി. എന്നാല്‍ സൗഹൃദ രാജ്യങ്ങളായ യുഎഇ, ചൈന, സൗദി അറേബ്യ എന്നിവരുടെ വലിയ സഹായം വഴി സാഹചര്യം മെച്ചപ്പെടുത്താനായതായും ഇംറാന്‍ പറഞ്ഞു.