Sorry, you need to enable JavaScript to visit this website.

ഡിഎംകെ പ്രകടന പത്രിക ഹിന്ദു വിരുദ്ധമെന്ന് സംഘപരിവാര്‍ പ്രചാരണം; വസ്തുത ഇതാണ്

ചെന്നൈ- തമിഴ്‌നാട്ടില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്തതിനു പിന്നാലെ ബിജെപി കേന്ദ്രങ്ങളും സംഘപരിവാര്‍ അണികളും സമൂഹ മാധ്യമങ്ങളിലൂടെ ഡിഎംകെയ്‌ക്കെതിരെ വ്യാജ പ്രചരണം അഴിച്ചുവിട്ടു. ഹിന്ദുക്കളുടെ ക്ഷേത്രഭൂമി കയ്യേറ്റക്കാര്‍ക്ക് വിട്ടു കൊടുക്കുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പാര്‍ട്ടി ഹിന്ദു വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും പറഞ്ഞാണ് പ്രചാരണം. ഇതിനിടെ കഴിഞ്ഞ ദിവസം പ്രമുഖ അക്കാദമിക് വിദഗ്ധയും എഴുത്തുകാരിയുമായ മധു കിശ്വറും സംഘപരിവാര്‍ വാദങ്ങളെ പിന്താങ്ങി ട്വീറ്റ് ചെയ്ത് രംഗത്തെത്തി. ക്ഷേത്ര ഭൂമി കയ്യേറ്റക്കാര്‍ക്ക് പതിച്ചു നല്‍കുമെന്നും അതേസമയം വഖഫ് ഭൂമി കയ്യേറ്റക്കാരില്‍ നിന്ന് തിരിച്ചു പിടിച്ച് വഖഫ് അധികാരികല്‍ക്ക് കൈമാറുമെന്നും ഡിഎംകെ പ്രകടന പത്രികയില്‍ 112, 85 പേജുകളില്‍ പറയുന്നുവെന്നായിരുന്നു ഇവരുടെ ട്വീറ്റ്. ഇത് ബിജെപി അണികള്‍ ഏറ്റുപിടിച്ചു. ഡിഎംകെ മുസ്ലിം അനുകൂല പാര്‍ട്ടിയാണെന്ന് വ്യാപക വിദ്വേഷ പ്രചാരണം നടത്തി.  എതിരാളികളായ അണ്ണാ ഡിഎംകെ ബിജെപിയുമായി ചേര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഡിഎംകെ ഹിന്ദു വിരുദ്ധ പാര്‍ട്ടിയെന്ന വ്യാജ പ്രചാരണത്തിന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നേതൃത്വം നല്‍കുന്നത്. 

എന്നാല്‍ ഈ വാദങ്ങള്‍ വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഡിഎംകെ 2016 ലോക്‌സഭാ തെരഞ്ഞെടുപ്പിന്  മുന്നോടിയായി പ്രസിദ്ധീകരിച്ച പ്രകടന പത്രികയില്‍ മധു ക്വിശര്‍ പറയുന്നു 112, 85 എന്നീ പേജുകള്‍ ഇല്ല. ഡിഎംകെയുടെ പ്രകടന പത്രികയ്ക്ക് 76 പേജുകള്‍ മാത്രമെ ഉള്ളൂ. ഇത് പാര്‍ട്ടി വെബ്‌സൈറ്റില്‍ ആര്‍ക്കും ലഭിക്കും. ഈ പ്രകടന പത്രികയില്‍ ഒരിടത്തും വഖഫ് സ്വത്തിനെ കുറിച്ചോ ക്ഷേത്രങ്ങളെ കുറിച്ചോ പരാമര്‍ശിക്കുന്നില്ല. 69-ാം പേജില്‍ പറയുന്നത് മതങ്ങളേയും മതസൗഹാര്‍ദത്തേയും സംരക്ഷിക്കുന്നതിനെ കുറിച്ചാണ്. മതേതര പാര്‍ട്ടിയായ ഡിഎംകെ ഒരു മതത്തോടും മുന്‍വിധിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്ന് വ്യക്തമാക്കുന്നു. ഒരു മത, ജാതി വിഭാഗങ്ങള്‍ക്കുമെതിരെ വിരോധം വച്ചുപുലര്‍ത്തുന്നില്ലെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. 

മധു കിശ്വറിന്റെ പരാമര്‍ശം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഡിഎംകെ ഇറക്കിയ പ്രകടന പത്രികയെ ദുര്‍വ്യാഖ്യാനം ചെയതാണെന്നും വ്യക്തമായി. ഈ പ്രകടന പത്രികയിലെ 84-ാം പേജില്‍ ന്യൂനപക്ഷ ക്ഷേമം എന്ന തലക്കെട്ടിനു താഴെ വഖഫ് ബോര്‍ഡ് സ്വത്തുകള്‍ കയ്യേറ്റക്കാരില്‍ നിന്നും തിരിച്ചു പിടിച്ച് സംരക്ഷിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ക്ഷേത്ര ഭൂമി സംരക്ഷിക്കുന്നതിനുള്ള പദ്ധതിയെ കുറിച്ച് പറയുന്നത് 111-ാം പേജിലാണ്. 'ക്ഷേത്ര ഭൂമികളില്‍ നിന്ന് ക്ഷേത്ര ട്രസ്റ്റുകള്‍ക്ക് ലഭിക്കാനുള്ള വാടക സമാഹരിക്കുന്നതിനു പുറമെ ഒഴിഞ്ഞു കിടക്കുന്ന ക്ഷേത്ര ഭൂമികള്‍ സംരക്ഷിക്കുന്നതിന് ഒരു ഭൂമി ബാങ്ക് രൂപീകരിക്കും. നിയമചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ക്ഷേത്ര ഭൂമി വാങ്ങാന്‍ താല്‍പര്യമുള്ളവരുടെ ആവശ്യം പരിഗണിക്കാന്‍ ഒരു മുന്‍ ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സമിതി രൂപീകരിക്കുകയും ചെയ്യും'- ഇതാണ് ക്ഷേത്ര ഭൂമികളെ കുറിച്ചു പറയുന്നത്. 2016-ലെ പ്രകടന പത്രികയില്‍ ക്ഷേത്ര ഭൂമിയും വഖഫ് ഭൂമിയും സരക്ഷിക്കുന്നതു സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. വസ്തുതു ഇതായിരിക്കെ ആണ് ബിജെപി അനകൂലികളുടെ വിദ്വേഷ പ്രചാരണം. ഇതു മറുപടി പോലും ്അര്‍ഹിക്കുന്നില്ലെന്ന് ഡിഎംകെ വക്താവ് പ്രതികരിച്ചു. 

Latest News