Sorry, you need to enable JavaScript to visit this website.

മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍; അഭ്യൂഹങ്ങള്‍ക്ക് അന്ത്യം

ന്യൂദല്‍ഹി- മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായുള്ള പാര്‍ട്ടി പ്രവേശം മത്സര രംഗത്തേക്കുള്ള ചുവട് വയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്. ന്യൂദല്‍ഹി മണ്ഡലത്തില്‍ മീനാക്ഷി ലേഖിക്ക് പകരം ഗംഭീര്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന് സംസാരമുണ്ട്. 2018ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗംഭീര്‍ പിന്നീട് മോഡി സര്‍ക്കാരിനേയും ബിജെപി നയങ്ങളേയും പരസ്യമായി പിന്തുണച്ച് പലപ്പോഴും രംഗത്തു വന്നിരുന്നു. പ്രധാനമന്ത്രി മോഡിയുടെ കാഴ്ചപ്പാടുകളില്‍ അകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് ഗംഭീര്‍ വ്യക്തമാക്കി. ധനമന്ത്രി അരുണ്‍ ജെയറ്റ്‌ലി നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ഗംഭീറിനെ പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്. ചടങ്ങില്‍ സംസാരിച്ച ജെയ്റ്റ്‌ലി മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രിയുമായ നവജോത് സിദ്ധുവിനെ കൊട്ടുകയും ചെയ്തു. ഒരു മുന്‍ ക്രിക്കറ്റ് താരം മുമ്പ് പാക്ക് അനൂകൂലിയായി മാറിയ അനുഭവം നമുക്കുണ്ട്. ഗംഭീറിന് ഇങ്ങനെ ഒരു ഭൂതകാലമില്ല- ജെയ്റ്റ്‌ലി പറഞ്ഞു.

നേരത്തെ രാഷ്ട്രീയത്തില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങളെ ഗംഭീര്‍ തള്ളിയിരുന്നു. ഇത്തരം വാര്‍ത്തകളില്‍ സത്യമില്ലെന്നായിരുന്നു ജനുവരിയില്‍ ഗംഭീര്‍ പ്രതികരിച്ചത്. പിന്നീട് ഈ വര്‍ഷം മോഡി സര്‍ക്കാരിന്റെ വക പത്മശ്രീ പുരസ്‌ക്കാരവും ഗംഭീറിന് ലഭിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഈ പുരസ്‌ക്കാരം ഗംഭീര്‍ രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ബിജെപിയില്‍ ഔദ്യോഗികയി അംഗത്വമെടുത്തത്. 


 

Latest News