ലണ്ടന്‍: ന്യൂസിലാന്‍ഡില്‍ തീവ്ര വലതുപക്ഷ വൈറ്റ് ഭീകരന്‍ നടത്തിയ കൂട്ടക്കുരുതി തീവ്ര വലതുപക്ഷക്കാരെ സ്വാധീനിക്കുന്നു. വംശവെറിയും കുടിയേറ്റ വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും ചേര്‍ന്ന് തദ്ദേശീയരില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വികാരത്തെ ആളിക്കത്തിക്കുകയാണ് തീവ്ര വലതുപക്ഷക്കാര്‍. വെള്ളക്കാരന്റെ മേല്‍ക്കോയ്മയില്‍ അഭിമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു കൂട്ടമാളുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നു എന്നത് യുകെയെയും അലോസരപ്പെടുത്തുന്നുണ്ട്.
കുടിയേറ്റ സമൂഹത്തിന് നേര്‍ക്ക് നടന്നുവരാറുള്ള അതിക്രമങ്ങള്‍ ഭീകരരൂപം പ്രാപിക്കുകയാണ്. ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ രാത്രി അഞ്ചു മുസ്‌ലിം പള്ളികള്‍ക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായി. പെറി ബാറിലെ ബ്രോഡ്‌വേയിലെ മസ്ജിദ് ഫൈസല്‍ ഇസ്‌ലാമിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് കൂടാതെ നാല് പള്ളികള്‍ കൂടി ആക്രമിച്ചു. അക്രമിക്കപ്പെട്ട അഞ്ച് പള്ളികളില്‍ ഒന്നാണിത്. തൊപ്പി ധരിച്ച് മുഖം മറച്ച് എത്തുന്ന പുരുഷനാണ് പുലര്‍ച്ചെ പള്ളിക്ക് അരികിലേക്ക് എത്തുന്നതെന്ന് വീഡിയോയില്‍ കാണാനുണ്ട്.
കൈയില്‍ ചുറ്റിക പോലുള്ള ആയുധം കരുതിയിട്ടുള്ള ഇയാള്‍ പള്ളിയുടെ ജനലുകള്‍ തകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. നഗരത്തിലെ അഞ്ച് മുസ്‌ലിം പള്ളികള്‍ക്ക് നേരെയാണ് ഒറ്റ രാത്രിയില്‍ അക്രമം നടന്നത്. ആല്‍ബര്‍ട്ട് റോഡ്, ബര്‍ഷ്ഫീല്‍ഡ് റോഡ്, സ്ലേഡ് റോഡ്, ബ്രോഡ്‌വേ, വിറ്റണ്‍ റോഡ് എന്നിവിടങ്ങളിലെ പള്ളികളാണ് അക്രമിക്കപ്പെട്ടത്.
വിറ്റണിലെ വിറ്റണ്‍ റോഡ് ഇസ്ലാമിക് സെന്ററിന്റെ ഏഴ് ജനലുകളും, രണ്ട് വാതിലുകളുമാണ് അക്രമി തകര്‍ത്തത്. വെളുപ്പിന് 1.30നും, 2നും ഇടയിലാണ് അക്രമം നടന്നതെന്ന് പള്ളിയിലെ ഇമാം പറഞ്ഞു.
ബര്‍മിംഗ്ഹാമില്‍ രാത്രിയില്‍ നടന്ന അക്രമങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ് പ്രതികരിച്ചു.
തീവ്രവാദ വിരുദ്ധ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമസംഭവം നടന്നതോടെ അഞ്ച് വയസ്സുള്ള മക്കള്‍ക്കൊപ്പം പള്ളിയില്‍ പോകുന്നത് സുരക്ഷിതമല്ലെന്ന് കരുതുന്നതായി ഒരു രക്ഷിതാവ് പ്രതികരിച്ചു. സംഭവത്തെ കുറിച്ച് തീവ്രവാദ വിരുദ്ധ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.