ന്യുദല്‍ഹി- നാലു മാസത്തോളമായി ശമ്പളം മുടങ്ങി ജീവിതം വഴിമുട്ടിയ ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ സങ്കട ഹരജിയുമായി രംഗത്ത്. ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കയ്യില്‍ പണമില്ലാതെ വലയുന്ന തങ്ങള്‍ കടുത്ത മാനസിക സംഘര്‍ഷം സഹിച്ചാണ് വിമാനം പറത്താനെത്തുന്നതും ഇതിനൊരു പരിഹാരം ഉടന്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് പൈലറ്റുമാര്‍ സങ്കട ഹരജി നല്‍കി. ശമ്പള കാര്യത്തിലും ഭാവി പദ്ധതി സംബന്ധിച്ചും വ്യക്തമായ ഉറപ്പു ലഭിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ വിമാനം പറത്തില്ലെന്ന് ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. നൂറു കോടി ഡോളറിന്റെ വന്‍ കടബാധ്യതയില്‍പ്പെട്ട് ഉഴലുന്ന ജെറ്റ് എയര്‍വേയ്‌സ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താനിരിക്കെയാണ് പൈലറ്റുമാരുടെ ഭീഷണി.
ഞങ്ങളും മനുഷ്യരാണ്. എത്ര മറക്കാന്‍ ശ്രമിച്ചാലും മാനസിക സംഘര്‍ഷം കൂടിവരികയാണ്. ജോലിയില്‍ ഞങ്ങളിപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിച്ചുവരുന്നു. എങ്കിലും മാസങ്ങളായി ശമ്പളം കിട്ടാത്തതു മൂലമുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കേണ്ടതുണ്ട്- ജെറ്റ് പൈലറ്റുമാരുടെ യുനിയന്‍ നേതാവും മുതിര്‍ന്ന പൈലറ്റുമായ ക്യാപ്റ്റന്‍ കരണ്‍ ചോപ്ര പറയുന്നു. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മാനസിക സംഘര്‍ഷം വലിയ സുരക്ഷാ വീഴ്ചയ്ക്കു കാരണമാകാം. ഏറ്റവും ഉയര്‍ന്ന നിലയില്‍ ജാഗ്രതയും സുരക്ഷയും ആവശ്യമായ ഒരു ജോലിയില്‍ ഇങ്ങനെ ഒരു പ്രതിസന്ധി ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്- ചോപ്ര ചൂണ്ടിക്കാട്ടി.
അടുത്ത ഏതാനും മാസങ്ങള്‍ ജെറ്റിന് വളരെ നിര്‍ണായകമാണ്. കട പ്രതിസന്ധിയില്‍ രക്ഷപ്പെടുത്താനുള്ള പദ്ധതി ഒരു ഭാഗത്ത് നടക്കുന്നുണ്ടെങ്കിലും ചിത്രം ഇപ്പോഴും വ്യക്തമല്ല. പൈലറ്റുമാര്‍ക്കും കുടുംബങ്ങളും വായ്പാ തിരിച്ചടവുകളും ഉണ്ടെന്നുംപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ചോപ്ര പറഞ്ഞു. കുട്ടികളുടെ പഠനം, പ്രായമായ മാതാപിതാക്കള്‍, ആശുപത്രി ബില്ലുകള്‍, വിവാഹങ്ങള്‍ എല്ലാം നോക്കേണ്ടതുണ്ട്. അമ്മയുടെ പണ്ടം പണയം വച്ചിരിക്കുകയാമെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് യുവ പൈറ്റുമാര്‍ നിരന്തരം വിളിക്കുന്നുണ്ടെന്നും ചോപ്ര പറയുന്നു.
ശമ്പളം മുടങ്ങുന്ന സ്ഥിതിവിശേഷം തുടരുകയാണെങ്കില്‍ കമ്പനിയുടെ 1100 പൈലറ്റുമാരും പണിമുടക്കാന്‍ ഐകകണഠ്യേന തീരുമാനിച്ചിട്ടുണ്ട്. ഉന്നയിച്ച രണ്ടു കാര്യങ്ങളില്‍ ഉറപ്പു ലഭിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ വിമാനം പറത്തില്ല- മറ്റൊരു മുതിര്‍ന്ന ജെറ്റ് പൈലറ്റായ അസിം വലിയാനി പറഞ്ഞു.
അതിനിടെ നൂറുകണക്കിന് ജെറ്റ് പൈലറ്റുമാര്‍ മറ്റു വിമാന കമ്പനികളില്‍ ജോലി തേടി പോകാനൊരുങ്ങിയിരിക്കുകയാണ്. പലരും പലയിടത്തും അപേക്ഷിച്ചു. പൈലറ്റുമാര്‍ കൂട്ടത്തോടെ വിട്ടു പോയാല്‍ ജെറ്റ് എയര്‍വേയ്‌സ് കൂടുതല്‍ പ്രതിസന്ധിയിലാകും. കമ്പനി പൂട്ടേണ്ടി വന്നാല്‍ 1500 പൈലറ്റുമാരുടെ ജോലി പോകും. ഇത്രയും പേര്‍ക്ക് പുതിയ ജോലി ലഭിക്കാനുള്ള സാഹചര്യം നിലവിലില്ല. അതു കൊണ്ടുതന്നെ സ്വന്തം നില ഭദ്രമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതിനെ കുറ്റപ്പെടുത്താനാവില്ല- വലിയാനി പറഞ്ഞു.