കൊണ്ടോട്ടി- ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുളള വിസിറ്റിങ് വിസകളുടെ സ്റ്റാമ്പിങ് നിലച്ചത് മുൻകൂട്ടി വിമാന ടിക്കറ്റെടുത്തവർക്ക് തിരിച്ചടിയായി. ഇന്നലെ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന് വിസ സറ്റാമ്പിങ് മുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് വെളളിയാഴ്ച ഒരു വിധത്തിലുളള പാസ്‌പോർട്ട് വിസ സ്റ്റാമ്പിങും ഉണ്ടാവില്ലെന്ന അറിയിപ്പ് ട്രാവൽ ഏജന്റുമാർക്ക് കോൺസുലേറ്റിൽ നിന്ന് ലഭിച്ചത്. ഇത് നൂറ് കണക്കിന് യാത്രക്കാരുടെ യാത്രയാണ് അനിശ്ചിതത്വത്തിലാക്കിയത്. ശനി, ഞായർ അവധിയായതിനാൽ തിങ്കളാഴ്ച മാത്രമെ ഇനി കോൺസുലേറ്റ് പ്രവർത്തിക്കൂ.
നാട്ടിൽ സ്‌കൂളുകൾ അടക്കുന്നതിനാൽ സൗദിയിലേക്ക് വിസിറ്റിങ് വിസയിൽ കുടുംബങ്ങൾ പോകുന്നത് വർധിച്ചിരിക്കുകയാണ്. വിസിറ്റിങ് വിസകൾ അടുത്തിടെ സൗദി അറേബ്യ വർധിപ്പിച്ചതും വിസാ നിരക്ക് കുറച്ചതും കുടുംബങ്ങൾ കൂട്ടത്തോടെ സന്ദർശന വിസയിൽ പോവുന്നതിന് ഇടയാക്കിയിട്ടുണ്ട്. വിമാന ടിക്കറ്റ് നിരക്ക് ഈ മാസം 26 മുതൽ കുത്തനെ വർധിക്കുകയാണ്. ഇത് മുൻകൂട്ടി കണ്ട് മാസങ്ങൾക്ക് മുമ്പ് തന്നെ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവരാണ് യാത്രയുടെ ദിവസങ്ങൾക്ക് മുമ്പ് കോൺസുലേറ്റിൽ വിസ സ്റ്റാമ്പിങ് മുടങ്ങിയത് മൂലം ദുരിതത്തിലായത്. തുടർച്ചയായ നാലു ദിവസം കോൺസുലേറ്റ് സ്റ്റാമ്പിങ് നിർത്തിയതാണ് ഇവർക്ക് തിരിച്ചടിയായത്. വിസിറ്റിങ് വിസക്ക് പുറമെയുളള വിസകളുടെയും സ്റ്റാമ്പിങ് മുടങ്ങിയതായി ട്രാവൽ ഏജന്റുമാർ പറയുന്നു. ഈ മാസം 30 വരെയുളള വിമാന ടിക്കറ്റ് ബുക്ക് ചെയ്തവരാണ് സ്റ്റാമ്പിങ് നടത്തിയ പാസ്‌പോർട്ടിനായി കാത്തിരിക്കുന്നത്.