Sorry, you need to enable JavaScript to visit this website.

വിരമിച്ച ബ്യൂറോക്രാറ്റുകൾക്ക്  ബി.ജെ.പിയിൽ വസന്തകാലം

തിരുവനന്തപുരം- സർവീസിൽനിന്ന് പിരിഞ്ഞ ബ്യൂറോക്രാറ്റുകൾക്ക് ബി.ജെ.പി.യിൽ ഇപ്പോൾ വസന്തകാലം. അൽഫോൻസ് കണ്ണന്താനത്തിന് പിന്നാലെ മുൻ പോലീസ് മേധാവി ടി.പി.സെൻകുമാർ ബി.ജെ.പി പ്രചാരകനായി മാറിയതിനു പിന്നാലെ ആനന്ദബോസ് ഐ.എ.എസ് ബി.ജെ.പിയിലെത്തി. എഴുത്താകാരനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ബാബു പോളും ഇവർക്ക് പിന്നാലെ ബി.ജെ.പിയിലേക്ക് നടന്ന് അടുക്കുകയാണ്. നിരവധി ബ്യൂറോക്രാറ്റുകൾ അവസരം കാത്ത് പിന്നാമ്പുറത്ത് കാത്തിരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എൻ.ഡി.എയുടെ തിരുവനന്തപുരം പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത് ബാബു പോളാണ്.
കോൺഗ്രസിനും എൽ.ഡി.എഫിനുമെതിരെ ബി.ജെ.പി ആയുധമാക്കുന്നതും പതിറ്റാണ്ടുകളായി അധികാര ഇടനാഴിയിൽ ഇരുന്ന് കാര്യങ്ങൾ നിയന്ത്രിച്ച ഇക്കൂട്ടരെയാണ്. 
രാഷ്ട്രീയ പാർട്ടികളുടെ ഇരുളും വെളിച്ചവും അറിയാവുന്നവരും നേതാക്കളുടെ കഴിവും ദൗർബല്യങ്ങളും മനസിലാക്കിയിട്ടുള്ളവരുമാണിവർ. അതുകൊണ്ടു തന്നെ ബി.ജെ.പിക്ക് ഇക്കൂട്ടരുടെ സേവനം വളരെ വലുതാണ്. ദേശീയ രാഷ്ട്രീയത്തിലും ബ്യൂറോക്രാറ്റുകളെ ഇറക്കി നേട്ടം കൊയ്തവരാണ് ബി.ജെ.പിക്കാർ. നേതാക്കളെ അനുസരിച്ച് പാരമ്പര്യമുള്ള ഇക്കൂട്ടർ നാവടക്കി പണി ചെയ്യുമെന്നൊരു മെച്ചമുണ്ട്. ഇത് നന്നായി മനസിലാക്കിയിട്ടുള്ള പാർട്ടി ബി.ജെപിയാണ്.
നരേന്ദ്ര മോഡി വീണ്ടും അധികാരത്തിൽ വരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് ബാബു പോൾ പറഞ്ഞു. ദേശീയ താൽപര്യം സംരക്ഷിക്കുന്നവർ പാർലമെന്റിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് വേണ്ടി പരസ്യ പ്രചാരം നടത്താൻ ബാബു പോൾ തയാറെടുക്കുകയാണ്. 
ബി.ജെ.പി.യിൽ അവസരം മുതലാക്കാനായി എത്തുന്ന ബ്യൂറോക്രാറ്റുകൾ രാഷ്ട്രീയ പ്രവർത്തകരുടെ അവസരമാണ് തട്ടിത്തെറിപ്പിക്കുന്നത്. രാജ്യസഭാ എം.പി,യായ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കാനായി കാണിച്ച ആവേശം തന്നെ ഇതിന് ഉദാഹരണമാണ്. ഇനിയും മൂന്ന് വർഷം കൂടി രാജ്യസഭാ എം.പിയായി കാലാവധിയുള്ളപ്പോഴാണ് ഈ അധികാരത്തോടുള്ള ആക്രാന്തം. വെള്ളം കോരാനും വിറക് വെട്ടാനും പാർട്ടി പ്രവർത്തകരും എം.പിയാകാനും മന്ത്രിയാകാനും ബ്യൂറോക്രാറ്റുകളും സാംസ്‌കാരിക-കലാപ്രവർത്തകരുമെന്നതാണ് ഇപ്പോൾ ബി.ജെ.പിയിലെ കമ്പോള നിലവാരം. 

Latest News