റിയാദ് - രാജ്യത്തെ നിയമ, വ്യവസ്ഥകൾ പൂർണമായും പാലിക്കാത്തതാണ് വാട്‌സ്ആപ്പ് വഴിയുള്ള വോയ്‌സ്, വീഡിയോ കോൾ സേവനം സൗദിയിൽ ബ്ലോക്ക് ചെയ്യുന്നതിന് കാരണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) ഗവർണർ ഡോ. അബ്ദുൽ അസീസ് അൽറുവൈസ് പറഞ്ഞു. ഇന്റർനെറ്റ് വഴിയുള്ള വോയ്‌സ്, വീഡിയോ കോൾ സേവനങ്ങൾ നൽകുന്ന മറ്റു ആപ്പുകളിൽ സൗദിയിൽ ഈ സേവനങ്ങൾ ലഭ്യമാണ്. അൺലിമിറ്റഡ് പ്രീപെയ്ഡ് ഡാറ്റ സിം കാർഡുകൾ സൗദിയിൽ വിൽക്കുന്നത് കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ വിലക്കുന്നില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ലോക രാജ്യങ്ങളിൽ നിലവിലുള്ള നിയമങ്ങളും നയങ്ങളും അൺലിമിറ്റഡ് പ്രീപെയ്ഡ് ഡാറ്റ സിം കാർഡ് വിൽപന അനുവദിക്കുന്നില്ല.
സൗദിയിൽ പുതിയ ടെലികോം കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിന് നിലവിൽ നീക്കമില്ല. പുതിയ ടെലികോം കമ്പനികൾ വിപണിയിൽ പ്രവേശിക്കേണ്ടത് എത്രമാത്രം ആവശ്യമാണെന്ന് വിശദമായി പഠിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുനമെടുക്കുകയുള്ളൂ. പ്രാദേശിക വിപണിയിൽ പുതിയ ടെലികോം കമ്പനികൾ ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ പുതിയ കമ്പനികൾക്ക് ലൈസൻസ് നൽകും. ആധുനിക കാലത്ത് സാമൂഹിക വികസനത്തിൽ വലിയ പങ്കാണ് ടെലികോം, ഐ.ടി മേഖലക്കുള്ളത്. ഉൽപാദന, സേവന മേഖലകൾ അടക്കം വ്യത്യസ്ത മേഖലകളുടെ പ്രവർത്തന നിലവാരത്തിൽ ടെലികോം, ഐ.ടി മേഖലക്ക് പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനമുണ്ട്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ മൊബൈൽ ഫോൺ ഇന്റർനെറ്റ് ഡൗൺലോഡ് സ്പീഡ് സെക്കന്റിൽ 31.06 എം.ബി ആയി ഉയർന്നിട്ടുണ്ട്. ആഗോള തലത്തിൽ മൊബൈൽ ഫോൺ ഇന്റർനെറ്റ് ഡൗൺലോഡ് ശരാശരി വേഗം സെക്കന്റിൽ 25.27 എം.ബി ആണ്. ഇന്റർനെറ്റ് വേഗതയിൽ സൗദി അറേബ്യ കൈവരിച്ച പുരോഗതിയാണ് ഇത് വ്യക്തമാക്കുന്നത്.
നിരവധി സ്‌പെക്ട്രം ലേലങ്ങൾ നടത്തി ടെലികോം കമ്പനി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആധുനിക ടെലികോം സാങ്കേതിക വിദ്യകൾ രാജ്യത്ത് വ്യാപിപ്പിക്കുന്നതിനും കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും സി.ഐ.ടി.സിയും നടത്തുന്ന ശ്രമങ്ങളാണ് ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്.
ഇതിന്റെ ഫലമായി മൊബൈൽ ഫോൺ സേവനങ്ങൾക്കുള്ള സ്‌പെക്ട്രങ്ങൾ 260 മെഗാഹേർട്‌സിൽ നിന്ന് 1010 മെഗാഹേർട്‌സ് ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം സൗദിയിൽ ഒന്നര കോടി ടെട്രാബൈറ്റിലേറെ ഡാറ്റ ഉപയോഗിച്ചിട്ടുണ്ട്. ഡാറ്റ ഉപയോഗത്തിൽ കഴിഞ്ഞ വർഷം 30 ശതമാനം വളർച്ചയുണ്ടായി. ആകെ ഡാറ്റ ഉപയോഗത്തിൽ 54 ശതമാനം ലാന്റ്‌ലൈൻ ശൃംഖല വഴിയും 46 ശതമാനം മൊബൈൽ ഫോൺ ശൃംഖല വഴിയുമായിരുന്നു.
സൗദിയിൽ 5ജി നെറ്റ്‌വർക്ക് പരീക്ഷിച്ചു നോക്കുന്നതിനുള്ള താൽക്കാലിക ലൈസൻസുകൾ കമ്മീഷൻ നൽകിയിട്ടുണ്ട്. ഈ രംഗത്തുള്ള ആഗോള നീക്കങ്ങളുടെ അടിസ്ഥാനത്തിൽ സൗദിയിൽ 5ജി സാങ്കേതിക വിദ്യക്ക് ഫ്രീക്വൻസി ബാന്റുകൾ നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്ത് ഒമ്പതു നഗരങ്ങളിലെ 153 സ്ഥലങ്ങളിൽ 5ജി സാങ്കേതിക വിദ്യ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ടെലികോം കമ്പനികൾ 5ജി സാങ്കേതിക വിദ്യ 680 തവണ പരീക്ഷിച്ചുനോക്കി.
കഴിഞ്ഞ ഹജ് സീസണിൽ പുണ്യസ്ഥലങ്ങളിൽ വെച്ച് തീർഥാടകർ 43.9 കോടി ലോക്കൽ, ഇന്റർനാഷണൽ കോളുകൾ വിളിച്ചു. പതിനാറായിരം മൊബൈൽ ഫോൺ ടവറുകൾ മുഖേനയാണ് ഇത്രയും കോളുകൾ നടന്നത്. ഹജ് ദിവസങ്ങളിൽ 30,600 ടെട്രാബൈറ്റ് ഡാറ്റ ഡൗൺലോഡ് ചെയ്തു. തൊട്ടു മുൻ വർഷത്തെ ഹജ് കാലത്തെ അപേക്ഷിച്ച് കഴിഞ്ഞ ഹജ് സീസണിൽ ഡാറ്റ ഉപയോഗത്തിൽ 32 ശതമാനം വർധനവുണ്ടായി. ഹജ് കാലത്ത് മക്കയിൽ ഇന്റർനെറ്റ് ഡൗൺലോഡ് സ്പീഡ് സെക്കന്റിൽ 26.45 എം.ബി ആയി ഉയർന്നു. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് 128 ശതമാനം വർധനവാണിത്. കഴിഞ്ഞ ഹജ് കാലത്ത് മദീനയിൽ ഇന്റർനെറ്റ് ഡൗൺലോഡ് സ്പീഡ് സെക്കന്റിൽ 31.59 എം.ബിയായിരുന്നു. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് 200 ശതമാനം കൂടുതലാണിതെന്നും ഡോ. അബ്ദുൽ അസീസ് അൽറുവൈസ് പറഞ്ഞു.