സോള്‍- ദക്ഷിണ കൊറിയയിലെ പത്തു നഗരങ്ങളിലെ 30 ഹോട്ടലുകളിലെ 42 മുറികളില്‍ അതീവ രഹസ്യമായി സ്ഥാപിച്ച ഒളിക്യാമറകള്‍ വഴി അതിഥികളുടെ കിടപ്പറ രംഗങ്ങള്‍ അടക്കം ഒപ്പിയെടുത്ത് അത് ലൈവായി നല്‍കി വന്‍തുക കൊയ്ത സംഘത്തെ പോലീസ് പിടികൂടി. നിയമ വിരുദ്ധമായി നടത്തിയ ഈ ചാരക്യാമറ കുംഭകോണത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബാക്കിയുള്ളവര്‍ക്കായി അന്വേണം ഊര്‍ജിതമായിക്കിയിരിക്കുകയാണ്.
ഹോട്ടല്‍ മുറികളിലെ ഡിജിറ്റല്‍ ടിവി ബോക്‌സുകള്‍ക്കുള്ളിലും ചുമരിലെ സോക്കറ്റുകളിലും ഹയര്‍ഡ്രൈയര്‍ ഹോള്‍ഡറിലുമാണ് രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. ഇവ ഒപ്പിയെടുക്കുന്ന സ്വകാര്യ ദൃശ്യങ്ങള്‍ ഓണ്‍ലൈനായി ലൈവ് നല്‍കിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് നാഷണല്‍ പോലീസ് ഏജന്‍സി പറഞ്ഞു. ഈ വന്‍ തട്ടിപ്പില്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കു പങ്കുള്ളതായി സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ഈ ദൃശ്യങ്ങള്‍ ലൈവ് നല്‍കിയിരുന്ന വെബ്‌സൈറ്റില്‍ നാലായിരത്തോരം അംഗങ്ങള്‍ ഇവ കാണാനായി ചേര്‍ന്നിരുന്നു. ഇവരില്‍ 97 ശതമാനം പേരും പ്രതിമാസം 44.95 ഡോളര്‍ നല്‍കിയാണ് ചില ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കണ്ടു കൊണ്ടിരുന്നത് എന്നും കണ്ടെത്തി. ലൈംഗിക ദൃശ്യങ്ങളും കുളിമുറി കാഴ്ചയും മറ്റു സ്വകാര്യ ദൃശ്യങ്ങളും ആളുകളില്‍ നിന്ന് പണം വാങ്ങി കാണിച്ചുക്കൊണ്ടിരിക്കുകയായിരുന്നു സംഘം.
രഹസ്യ ക്യാമറയില്‍ സ്ത്രീകളുടെ ദൃശ്യം പകര്‍ത്തുന്നത് ദക്ഷിണ കൊറിയയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കന്ന വിവാദമാണ്. നേരത്തെ ആയിരക്കണക്കിന് സ്്ത്രീകള്‍ ഇതിനെതിരെ തെരുവിലിലിറങ്ങിയിരുന്നു. 2017ല്‍ മാത്രം 6,400 ഒളിക്യാമറ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
വ്യാപക പരാതികളെ തുടര്‍ന്ന് കൊറിയന്‍ പോലീസ് പൊതുസ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തുന്നതിന് പ്രത്യേക സക്വാഡിനെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഫലപ്രദമല്ലെന്നാണ് ആരോപണം.