രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും അക്ഷരാർത്ഥത്തിൽ നടക്കുന്നത് തീപ്പാറുന്ന പോരാട്ടമാണ്. ഒരിക്കൽ കൂടി ഭരണത്തിനായി എൻ ഡി എ ശക്തമായി രംഗത്തുണ്ട്. എന്നാലിനിയും മതരാഷ്ട്രീയത്തെ അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച് ഓരോ സംസ്ഥാനത്തും സാഹചര്യങ്ങൾക്കനുസരിച്ച് വിവിധ മുന്നണികൾ എൻ ഡി എയെ ചെറുക്കുന്നു. കോൺഗ്രസ് വിഭാവനം ചെയ്ത പോലൊരു വിശാല മുന്നണി അഖിലേന്ത്യാതലത്തിൽ രൂപപ്പെട്ടില്ലെങ്കിലും മിക്ക സംസ്ഥാനങ്ങളിലും തീപ്പാറുന്ന പോരാട്ടം തന്നെയാണ് നടക്കുന്നത്. കർണാടക മാറ്റി നിർത്തിയാൽ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പക്ഷേ സാഹചര്യം വ്യത്യസ്തമാണ്. ഇവിടങ്ങളിൽ എൻ ഡി എ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ അല്ലാത്തതിനാൽ മുഖ്യ മത്സരം മറ്റു പാർട്ടികളും മുന്നണികളും തമ്മിലാണ്. അതിനാൽ തന്നെ പോരാട്ടത്തിനു വീറു കുറവാണ്. ഇവിടങ്ങളിൽ അഖിലേന്ത്യാ വിഷയങ്ങളേക്കാൾ പ്രാധാന്യം പ്രാദേശിക വിഷയങ്ങൾക്കു ലഭിക്കുന്ന സാഹചര്യമാണ്.
തീർച്ചയായും ഇത്തരമൊരു സാഹചര്യം തന്നെയാണ് കേരളത്തിൽ നിലനിൽക്കുന്നത്. മുൻ തെരഞ്ഞെടുപ്പുകളേക്കാൾ ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നതെന്ന് ഓരോ മണ്ഡലത്തിലേയും സ്ഥാനാർത്ഥികളെ എടുത്തു പരിശോധിച്ചാൽ തോന്നാം. അതിശക്തരായ സ്ഥാനാർത്ഥികൾ ഏറ്റുമുട്ടുന്ന മണ്ഡലങ്ങൾ നിരവധിയാണ്. പ്രചാരണത്തിനു ഇപ്പോൾ തന്നെ വീറും വാശിയും വന്നാതായും തോന്നാം. പക്ഷേ സത്യം എന്താണ്? ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പായതിനാൽ പ്രധാനമായും ചർച്ച ചെയ്യേണ്ട അഖിലേന്ത്യാ രാഷ്ട്രീയം കാര്യമായി ചർച്ച ചെയ്യാൻ ആരും തയാറില്ല. കാരണം അക്കാര്യത്തിൽ ഇരുകൂട്ടർക്കും തമ്മിൽ ഒരു തർക്കമേയുള്ളൂ.
ആർക്കാണ് മോഡിയെ കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കാനാവുക എന്നതു മാത്രം. കോൺഗ്രസുകാരെ വിജയിപ്പിച്ചാൽ അവർ ബി.ജെ.പിയിലേക്ക് പോകുമെന്ന് ഇടതുപക്ഷവും ഇടതുപക്ഷത്തെ വിജയിപ്പിച്ചാൽ എൻഡിഎക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് എന്താണുറപ്പെന്ന് വലതുപക്ഷവും ചോദിക്കുന്നു. ഈ ചോദ്യം മാത്രമാണ് സമകാലിക ചർച്ചകളിൽ ഉയരുന്നത്. ബാക്കിയെല്ലാം അത്രക്കു ഗൗരവമില്ലാത്ത സംസ്ഥാന വിഷയങ്ങൾ. മാത്രമല്ല വാളയാർ കടന്നാൽ ഇരുകൂട്ടരും പരസ്പരം വോട്ടു ചോദിക്കുന്നു. അതേസമയം ഇവിടെ ശക്തമായി പോരാടാതെ സാധിക്കുകയുമില്ല. അല്ലെങ്കിലത് ബിജെപിക്കു ഗുണകരമാകും. ഈയർത്ഥത്തിലാണ് തീപ്പാറുന്ന സൗഹാർദ മത്സരം എന്ന് കേരളത്തിലെ മത്സരങ്ങളെ വിശേഷിപ്പിക്കുന്നത്.
ഏതാനും ദിവസം മുമ്പുവരെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിനു അനുകൂലമാണെന്നും 15 ൽപരം സീറ്റുകൾ അവർ നേടുമെന്നുമായിരുന്നു വിലയിരുത്തൽ. എന്നാൽ സ്ഥാനാർത്ഥി നിർണയവുമായി ഉണ്ടായ അനിശ്ചിതത്വവും തർക്കങ്ങളും തുടർന്നതും എന്ത് വന്നാലും ജയിച്ചേ അടങ്ങൂ എന്ന നിലപാടിൽ 6 എംഎൽഎമാരെടക്കം ശക്തരെ രംഗത്തിറക്കി എൽഡിഎഫ് പ്രചാരണം ആരംഭിച്ചതും ടോം വടക്കൻ ബിജെപിയിലേക്ക് ചേക്കേറിയതും യുഡിഎഫിനു അൽപം ക്ഷീണമായി എന്നതുറപ്പാണ്.
മുല്ലപ്പള്ളിയും വേണുഗോപാലും മാറിനിന്നത് അണികൾക്ക് നൽകിയത് നല്ല സന്ദേശമായിരുന്നില്ല. കെ വി തോമസിന്റെ അധികാരമോഹവും വടക്കനു പിറകെ ബിജെപിയിലേക്കു പോകുമെന്ന സൂചന നൽകിയതും വടകരയിൽ മത്സരിക്കാൻ ആരും തയാറാകാതിരുന്നതും പ്രശ്‌നത്തെ കൂടുതൽ സങ്കീർണമാക്കി. അതേസമയം ഇതെല്ലാം എല്ലാ തെരഞ്ഞെടുപ്പിലുമുള്ളതാണെന്നു പറഞ്ഞ് എൽഡിഎഫിന്റെ ലിസ്റ്റിനു ഒപ്പത്തിനൊപ്പം നിൽക്കുന്ന ലിസ്റ്റുമായി യുഡിഎഫും രംഗത്തിറങ്ങിയതോടെ അന്തരീക്ഷം മാറിയിരിക്കുകയാണ്.
വാസ്തവത്തിൽ ഇരുവിഭാഗങ്ങളുടേയും സ്ഥാനാർത്ഥി പട്ടികയിൽ സമാനതകൾ ഏറെയാണ്. നായർ വിഭാഗത്തിൽ നിന്ന് 6 പേരെ വീതം മത്സരിപ്പിക്കാൻ ഇരു കൂട്ടരും തയാറായിട്ടുണ്ട്. ആറു സിറ്റിംഗ് എംഎൽഎമാരെയാണ് എൽഡിഎഫ് മത്സരിപ്പിക്കുന്നതെങ്കിൽ യുഡിഎഫ് മൂന്നുപേരെ മത്സരിപ്പിക്കുന്നു. സ്ത്രീപ്രാതിനിധ്യം കേവലം രണ്ടു വീതം.
ദളിത് പ്രാതിനിധ്യം സംവരണ സീറ്റുകളിൽ മാത്രം. പല സംസ്ഥാനങ്ങളിൽ നിന്നും ആദിവാസികൾ ലോക്‌സഭയിലെത്തുമ്പോൾ ഇവിടെയവർക്ക് സീറ്റു നൽകാൻ ഇരുകൂട്ടരും തയാറല്ല. ചെറുപ്പക്കാർക്ക് ഭേദപ്പെട്ട പ്രാതിനിധ്യമുണ്ട്. മിക്കവാറും സിറ്റിംഗ് എംപിമാരും രംഗത്തുണ്ട്. പരിസ്ഥിതി വിരുദ്ധരെന്നറിയപ്പെടുന്ന ജോയ്‌സ് ജോർജും അൻവറും ഒരു ഭാഗത്തുള്ളപ്പോൾ അതിരപ്പിള്ളി പദ്ധതിക്കായി നിലകൊള്ളുന്ന മുരളീധരനും മറ്റും മറുവശത്തുണ്ട്. കൊലപാതക കേസ് മുതൽ സ്ത്രീപീഡനം വരെയുള്ള കേസുകളിൽ കുറ്റാരോപിതരും മത്സരിക്കുന്നു. അതേസമയം പ്രകടമായ ഒരു വ്യത്യാസം യുഡിഎഫിൽ മത്സരിക്കുന്ന വനിതകൾ ദളിത് - മുസ്‌ലിം സമൂഹങ്ങളിൽ നിന്നുള്ളവരാണെന്നതാണ്. സമകാലിക അവസ്ഥയിൽ അതു പ്രധാനമാണുതാനും.
തീർച്ചയായും മിക്ക മണ്ഡലങ്ങളിലും നടക്കുന്നത് തീപ്പാറുന്ന പോരാട്ടമാണ്. ഇപ്പോൾ ഏറ്റവും ചർച്ച ചെയ്യുന്ന വടകര തന്നെ ഉദാഹരണം. പി ജയരാജനെതിരെ കെ മുരളീധരൻ അങ്കം പ്രഖ്യാപിച്ചതോടെ അവിടത്തെ മത്സരം ഇരുകൂട്ടർക്കും പ്രസ്റ്റീജ് ആയി മാറിയിരിക്കുന്നു. എന്നാലവിടേയും ചർച്ച ചെയ്യപ്പെടുന്നത് അഖിലേന്ത്യാ രാഷ്ട്രീയമല്ല. അതേസമയം കേരള രാഷ്ട്രീയത്തിൽ ഇന്ന് ഏറ്റവും പ്രസക്തമായ കൊലപാതക രാഷ്ട്രീയവും ടിപി വധവും ഉന്നയിക്കപ്പെടുമ്പോൾ നാലു പതിറ്റാണ്ടു മുമ്പത്തെ അടിയന്തരാവസ്ഥയും അതിൽ കെ കരുണാകരന്റെ പങ്കുമാണ് എൽഡിഎഫ് ഉന്നയിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ഫാസിസത്തെ കുറിച്ച് ഓർക്കുന്നതും പറയുന്നതുമൊക്കെ നല്ലതാണ്.
മുരളിയുടെ പിതാവായിരുന്ന കരുണാകരൻ തന്നെയായിരുന്നു കേരളത്തിൽ അടിയന്തരാവസ്ഥാ ഭീകരത നടപ്പാക്കിയതെന്നതിൽ സംശയമില്ല. എന്നാലിതേ കരുണാകരനുമായി ഇവരും പിന്നീട് ഐക്യപ്പെട്ടിട്ടില്ലേ..? അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്റെ പാർട്ടി ഏതു മുന്നണിയിലാണ്? അടിയന്തരാവസ്ഥയിലെ രക്തസാക്ഷികൾ മിക്കവാറും നക്സലൈറ്റുകളായിരുന്നെങ്കിൽ, കൂത്തുപറമ്പിൽ 5 പേരെ വെടിവെച്ചു കൊല്ലാൻ കാരണമായ നേതാവിന്റെ മകനെ മത്സരിപ്പിച്ചത് ആരാണ്? ലോക്കപ്പ് കൊലപാതകങ്ങൾക്ക് കേരളത്തിൽ ഇനിയും കുറവുണ്ടോ? അടിയന്തരാവസ്ഥക്കു അനുകൂലമായി വോട്ടു ചെയ്തവരാണ് കേരളീയർ എന്നതും നാം മറക്കുന്നു. പോട്ടെ, പല സംസ്ഥാനങ്ങളും അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തെ സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച പോലെ കേരള സർക്കാർ തയാറുണ്ടോ?
വടകരയെ പോലെ തന്നെ ശക്തമായ പോരാട്ടങ്ങൾ തന്നെയാണ് മിക്ക മണ്ഡലങ്ങളിലും നടക്കുന്നത്. കണ്ണൂരിൽ കെ സുധാകരനും ശ്രീമതി ടീച്ചറും തമ്മിലുള്ള മത്സരം തീപ്പാറുന്നതാണ്. കാസർകോട്ടാകട്ടെ രാജ്‌മോഹൻ ഉണ്ണിത്താന്റെ രംഗപ്രവേശത്തോടെ കൂടുതൽ ശ്രദ്ധേയമായി. കോഴിക്കോട് ശക്തനായ എംഎൽഎ പ്രദീപ് കുമാർ, എം കെ രാഘവന് കനത്ത വെല്ലുവിലിയുയർത്തുന്നു. പാലക്കാട്ടും എറണാകുളത്തും ഇടുക്കിയിലും യുവരക്തങ്ങൾ ഏറ്റുമുട്ടുമ്പോൾ ആലത്തൂരിൽ രമ്യാ ഹരിദാസിനെ ഇറക്കിയുള്ള യുഡിഎഫ് നീക്കം ശ്രദ്ധേയമാണ്.. ചാലക്കുടിയിൽ ഇക്കുറി ബെന്നി ബഹ്‌നാൻ ഇന്നസെന്റിനു ശക്തനായ പോരാളിയാണ്. കോട്ടയത്തും ആലപ്പുഴയിലും ശക്തരായ ജില്ലാ സെക്രട്ടറിമാരെയാണ് സിപിഎം ഇറക്കിയിരിക്കുന്നതെങ്കിൽ നിരവധി വിവാദങ്ങൾക്കു ശേഷം കോട്ടയത്ത് തോമസ് ചാഴിക്കാടനും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും കനത്ത വെല്ലുവിളി ഉയർത്തുന്നു.
മാവേലിക്കരയിൽ കൊടിക്കുന്നിലും ചിറ്റയം ഗോപകുമാറും പത്തനംതിട്ടയിൽ വീണാജോർജും ആന്റോ ആന്റണിയും ആറ്റിങ്ങലിൽ അടൂർ പ്രകാശും സമ്പത്തും തമ്മിലുള്ളതുമായ മത്സരങ്ങളും പ്രവചനാതീതമാണ്. എൻ കെ പ്രേമചന്ദ്രനും കെ എൻ ബാലഗോപാലും ഏറ്റുമുട്ടുന്ന കൊല്ലത്ത് തീപ്പാറുമെന്നുറപ്പ്. ഏറെ ചർച്ച ചെയ്യപ്പെട്ട തിരുവനന്തപുരത്താകട്ടെ ദേശീയ ശ്രദ്ധയാകർഷിച്ച ത്രികോണമത്സരം നടക്കുന്നു. തിരുവനന്തപുരമൊഴിച്ചുള്ള മണ്ഡലങ്ങളിലൊന്നും ജയിക്കാനായല്ല മത്സരിക്കുന്നതെങ്കിലും ശബരിമലക്കു ശേഷം ബിജെപിയുടെ സാന്നിധ്യം എന്തു സ്വാധീനമാണ് ചെലുത്തുക എന്നത് ഇരുമുന്നണികളേയും ആശങ്കപ്പെടുത്തുന്നുമുണ്ട്.
ഇത്തരത്തിൽ പരിശോധിച്ചാൽ തീപ്പാറുന്ന പോരാട്ടങ്ങളാണ് മിക്കവാറും മണ്ഡലങ്ങളിൽ നടക്കുന്നതെങ്കിലും ആത്യന്തികമായി ഇതൊരു സൗഹൃദ പോരാട്ടമാണ്. അതിനാലാണ് അഖിലേന്ത്യാ രാഷ്ട്രീയത്തിനു പകരം എം പി ഫണ്ട് വിനിയോഗം, കേസുകൾ, കേരള സർക്കാർ, പ്രളയം, കൊലപാതകക്കണക്കുകൾ, ബിജെപിയിലേക്കു പോയവർ എന്നിങ്ങനെയുള്ള വിഷയങ്ങളിലേക്ക് പ്രചാ
രണം ചുരുങ്ങുന്നത്. എന്നിരുന്നാലും ജനാധിപത്യത്തിലെ മഹത്തായ ഉത്സവത്തിൽ ആവേശത്തോടെ പങ്കെടുക്കുകയാണ് നമ്മുടെ രാഷ്ട്രീയമായ ഉത്തരവാദിത്തം.