ന്യുദല്‍ഹി- വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറില്‍ പരസ്യ പ്രചാരണങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഏര്‍പ്പെടുത്തുന്ന വിലക്ക് തങ്ങളും നടപ്പിലാക്കുമെന്ന് മുന്‍നിര സോഷ്യല്‍ മീഡിയ കമ്പനികള്‍ അറിയിച്ചു. ഈ കാലയളവില്‍ രാഷ്ട്രീയ പ്രചാരണങ്ങള്‍ അനുവദിക്കില്ലെന്ന് ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ്, ടിക് ടോക് തുടങ്ങിയ ഇന്റര്‍നെറ്റ് കമ്പനികള്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ വരുന്ന രാഷ്ട്രീയ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം ലഭിച്ചാല്‍ അത് മൂന്ന് മണിക്കൂറികം നീക്കം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. പെരുമാറ്റ ചട്ടം സ്വമേധയാ നടപ്പിലാക്കാനുള്ള സന്നദ്ധ ഈ കമ്പനികള്‍ കമ്മീഷനെ അറിയിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നത് തടയാന്‍ കമ്മീഷന്‍ കര്‍ശന നപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ കമ്പനികളുമായി നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ട്. ചൊവ്വാഴ്ച ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ്, ടിക് ടോക് എന്നീ കമ്പനികളുടേയും ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടേയും പ്രതിനിധികളുമായി കമ്മീഷന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഈ പെരുമാറ്റ ചട്ടത്തിന് അവര്‍ രൂപം നല്‍കിയതെന്ന് കമ്മീഷന്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയയിലെ ചട്ടം ലംഘനങ്ങള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 126 പ്രകാരം മണിക്കൂറുകള്‍ക്കകം തന്നെ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പു നല്‍കി. വോട്ടെടുപ്പിനു തൊട്ടു മുമ്പുള്ള 48 മണിക്കൂറില്‍ ഏതെങ്കിലും തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തുന്ന വകുപ്പാണിത്.
ഇത് ആദ്യമായാണ് ഇന്റര്‍നെറ്റ് കമ്പനികള്‍ സ്വമേധയാ തെരഞ്ഞെടുപ്പു ചട്ടം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇതു നടപ്പിലാക്കുന്നതിനു തെരഞ്ഞെടുപ്പു കമ്മീഷനും സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കുമിടയിലെ മധ്യസ്ഥ ചുമതല വഹിക്കുന്നത് ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ആയിരിക്കും.