ആലപ്പുഴ- ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി സൗദി അറേബ്യയിൽ നിന്നുമെത്തിയ പ്രവാസി കുടുംബത്തെ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ച് ജില്ല കലക്ടർ എസ്. സുഹാസ്. ആലപ്പുഴ ബീച്ച് റോഡിൽ സുലാൽ മൻസിലിൽ സലീമും കുടുംബവുമാണ് വോട്ട് ചെയ്യാനായി നാട്ടിലെത്തിയത്. സലീമിന്റെയും കുടുംബത്തിന്റെയും സമ്മതിദാനം നിവഹിക്കാനുള്ള മനസ് തികച്ചും മാതൃകാപരമാണെന്നും മറ്റുള്ള പ്രവാസികളും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഇത്തരത്തിൽ മുന്നോട്ട് വരണമെന്നും ഇവരെ വീട്ടിലെത്തി സന്ദർശിച്ചുകൊണ്ട് ജില്ലാ കലക്ടർ പറഞ്ഞു.
സൗദി അറേബ്യയിൽ റിയാദിനടുത്തു സൂപ്പർ മാർക്കറ്റ് നടത്തുന്ന സലീം കഴിഞ്ഞ 35 വർഷമായി പ്രവാസ ജീവിതം നയിച്ചു വരുന്നു.
ഇതിനിടയിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ മിക്കവാറും ഇത്തരത്തിൽ കുടുംബത്തോടൊപ്പം നാട്ടിലെത്തി വോട്ട് ചെയ്യാൻ ശ്രമിക്കാറുണ്ടെന്നും കലക്ടറുടെ സന്ദർശനം തങ്ങൾക്ക് ഏറെ പ്രചോദനം നൽകുന്നതാണെന്നും സലീമും കുടുംബവും പറഞ്ഞു.
മക്കളും മരുമക്കളും അടക്കം എട്ടു പേരാണ് വോട്ട് ചെയ്യാനായി നാട്ടിൽ എത്തിയിരിക്കുന്നത്. കലക്ടറേറ്റ് ഉദ്യോഗസ്ഥ സംഘം, ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല എന്നിവരും കലക്ടറോടൊപ്പം കുടുംബത്തെ സന്ദർശിച്ചു.