തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പൊന്ന് കഴിഞ്ഞോട്ടെയെന്നാണ് സീറ്റ് കിട്ടാത്തവർ പറയുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് അവരുടെ കണ്ണ്. മത്സരിക്കുന്ന എം.എൽ.എമാരൊക്കെ വിജയിച്ചാൽ മിനി നിയമസഭാ തെരഞ്ഞെടുപ്പായിരിക്കും ഫലം. ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് ഉണ്ടാവുക. ഇതിൽ ഏറെ ഉറ്റുനോക്കുന്നത് ബി.ജെ.പിയാണ്. വട്ടിയൂർക്കാവ് മണ്ഡലം പിടിച്ചെടുക്കാനാവും എന്നതാണ് ബി.ജെ.പിയെ സന്തോഷിപ്പിക്കുന്നത്. അതിനാൽ വടകരയിൽ കെ. മുരളീധരൻ വിജയിക്കണമെന്ന് അവർ ഉള്ളാലേ ആഗ്രഹിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരൻ എത്തിയിരുന്നു. സി.പി.എമ്മിലെ ടി.എൻ. സീമയെ മൂന്നാം സ്ഥാനത്ത് പിൻതള്ളിയാണ് കുമ്മനം രണ്ടാമത് എത്തിയത്. കെ. മുരളീധരന് 7622 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. മുരളീധരനല്ല സ്ഥാനാർഥിയെങ്കിൽ ബി.ജെ.പിക്ക് വിജയം ഉറപ്പെന്നാണ് പറയുന്നത്. എന്നാൽ ഇതൊന്നും വേണ്ടിവരില്ലെന്ന് സി.പി.എം ആശ്വസിക്കുന്നു. കാരണം വടകരയിൽ മുരളിയ്ക്ക് വിജയിക്കാനാവില്ലെന്നാണ് അവർ പറയുന്നത്. അതിനിടെ കോൺഗ്രസിലെ നേതാക്കൾ പലരും ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ തയ്യാറെടുക്കുകയും ചെയ്യുന്നു.
വട്ടിയൂർക്കാവിൽ ഇതാണ് സ്ഥിതിയെങ്കിൽ തിരുവനന്തപുരം ജില്ലയിലെതന്നെ നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിന്റെ സ്ഥിതി എന്താവും. ഇവിടത്തെ എം.എൽ.എ സി. ദിവാകരനെ തിരുവനന്തപുരം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കിയതോടെ സി.പി.ഐ നേതാക്കളെ വലയ്ക്കുന്ന ചോദ്യമാണിത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് പോയ തിരുവനന്തപുരം മണ്ഡലം ദിവാകരൻ പിടിക്കുമെന്നാണ് അവർ കരുതുന്നത്. നഷ്ടപ്പെട്ട മണ്ഡലങ്ങളൊക്കെ തിരിച്ചുപിടിച്ച പാരമ്പര്യം ദിവാകരനുണ്ട്. അതിനാൽ ശശി തരൂരിനേയും കുമ്മനം രാജശേഖരനേയും മറികടക്കുകയും നെടുമങ്ങാട് പുതിയ സ്ഥാനാർഥിയെ കണ്ടെത്തുകയും ചെയ്യുമത്രേ.
ആലപ്പുഴയിൽ എ.എം. ആരിഫ് രക്ഷപ്പെട്ടാൽ അരൂരിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പ്. യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ മണ്ഡലത്തിൽ എത്തിക്കഴിഞ്ഞു. എന്നാൽ വിജയം ആലപ്പുഴയിൽ ആർക്കെന്ന് പ്രവചിക്കാൻ സാധിക്കാറായിട്ടില്ല. എങ്കിലും അരൂരിൽ കണ്ണുംനട്ടിരിക്കാൻ പാർട്ടി നേതാക്കൾക്ക് അവസരമായി. ആറന്മുള എം.എൽ.എ വീണാജോർജ് പത്തനംതിട്ടയിൽ ജനവിധി തേടുകയാണ്. ആന്റോ ആന്റണിയെ നേരിടുവാൻ സി.പി.എം ഇറക്കിയ തുറുപ്പ്ചീട്ടാണ് വീണ. അവിടെ ഇത്തവണ വിജയിക്കുമെന്ന് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു. എന്നാൽ ബി.ജെ.പിയിൽ ഈ സീറ്റിനുവേണ്ടിയുള്ള തർക്കം പാർട്ടിയിൽ അവസാനിച്ചിട്ടില്ല. വീണ വിജയിക്കട്ടെ എന്ന് പ്രാർഥനയിലാണ് ആറന്മുളയിലേക്ക് നോക്കിയിരിക്കുന്ന മൂന്ന് മുന്നണിയിലേയും നേതാക്കൾ. മാവേലിക്കരയിൽ മത്സരിക്കുന്ന ചിറ്റയം ഗോപകുമാർ എം.എൽ.എ വിജയിച്ചാൽ അടൂരിൽ തെരഞ്ഞെടുപ്പ് വരും. സി.പി.ഐ അതിന് സ്ഥാനാർഥിയെ തേടേണ്ടിയും വരും. കഴിഞ്ഞ തവണ ഗോപകുമാർ നേടിയ വലിയ ഭൂരിപക്ഷം മറ്റ് പാർട്ടികൾക്ക് മുന്നിലുണ്ട്. കോൺഗ്രസിൽ കെ. മുരളീധരന് പുറമേ ആറ്റിങ്ങലിൽ സിറ്റിംഗ് എം.എൽ.എ അടൂർ പ്രകാശിനെ സ്ഥാനാർഥിയാക്കി കോൺഗ്രസ് പയറ്റുന്നു. ഓറ്റാലിൽ ഉള്ളത് പോകില്ലെന്ന ആശ്വാസത്തോടെയാണ് മത്സരിപ്പിക്കുന്നത്. സി.പി.എമ്മിലെ എ. സമ്പത്തിനെ തോൽപിച്ചാൽ കോന്നിയിൽ തെരഞ്ഞെടുപ്പ് ഉറപ്പ്. അടൂർ പ്രകാശിന് പകരം മത്സരിക്കാൻ കോൺഗ്രസ് നേതാക്കൾ റെഡി. അവർ ഉടുപ്പ് തയ്പ്പിച്ചുതുടങ്ങിയെന്നാണ് കേൾക്കുന്നത്. എറണാകുളത്ത് ഹൈബി ഈഡൻ വിജയിക്കുമെന്ന് തന്നെ യു.ഡി.എഫ് കരുതുന്നു. എങ്കിൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് വരും. സ്ഥാനാർഥിയാകാൻ പലരുമുണ്ട്. ലോക്‌സഭാ സീറ്റ് നൽകാതിരുന്ന കെ.വി. തോമസിന് മത്സരിക്കാമെന്ന് ഹൈക്കമാൻഡ് ഉറപ്പ്‌നൽകിയിട്ടുണ്ട്. അദ്ദേഹം മത്സരിക്കേണ്ടിവരുമോ എന്നത് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അറിയാനാവും.
കോഴിക്കോട് പിടിക്കാൻ സി.പി.എം നിയോഗിച്ചത് എ പ്രദീപ്കുമാർ എം.എൽ.എയെയാണ്. വിജയിച്ചാൽ കോഴിക്കോട് നോർത്തിൽ തെരഞ്ഞെടുപ്പാണ്. എം.കെ. രാഘവനെ തളയ്ക്കാനാണ് നിയോഗം. പി.വി. അൻവർ വിജയിച്ചുകളഞ്ഞാൽ നിലമ്പൂരിൽ ആരെ മത്സരിപ്പിക്കണമെന്ന് സി.പി.എം തലപുകയ്‌ക്കേണ്ടിവരും. അങ്ങനെയൊന്ന് സംഭവിക്കാനിടയില്ലെന്ന് പൊന്നാനിക്കാർ കരുതുന്നു. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ അൻവറിന് ഒന്നും ചെയ്യാനാവില്ലത്രേ.
അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ഒമ്പതിടത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടാകാനിടയിലുള്ളു. മൂന്നിടത്തെങ്കിലും പ്രതീക്ഷിക്കാം. സീറ്റ് പ്രതീക്ഷിക്കാൻ കക്ഷിഭേദമന്യേ നേതാക്കളുമുണ്ട്.