തലശ്ശേരി- കടത്തനാടിന്റെ അങ്കത്തട്ടിൽ രാഷ്ട്രീയ ക്രിമിനലിസത്തിന് സ്ഥാനമില്ലെന്ന് ഉറപ്പാക്കാൻ ആർ.എം.പി സർവ്വശക്തിയും വീണ്ടെടുത്ത് രംഗത്ത് വരുന്നു. ആർ.എം.പിയുടെ ആജന്മ ശത്രവുമായ പി. ജയരാജൻ മണ്ഡലത്തിൽ ഒരിക്കലും വിജയിക്കാൻ പാടില്ലെന്ന ഉറച്ച നിലപാടുമായ് രക്തസാക്ഷി കുടുംബ സംഗമം നടത്തിയാണ് ടി.പിയുടെ പിൻമുറക്കാർ പ്രതിരോധത്തിന് ഇറങ്ങുന്നത.് വടകര ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി. ജയരാജനെതിരെ ഉയർന്ന കൊലപാതക കേസുകളിലെ ഇരകളുടെ സംഗമമാണ് ആർ.എം.പി സംഘടിപ്പിക്കാനൊരുങ്ങുന്നത.് കൂടാതെ വ്യത്യസ്ത രാഷട്രീയ പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവങ്ങളിലെ ഇരകളുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ജയരാജനെതിരെയുള്ള നീക്കം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ആർ.എം.പി നേതൃത്വം.
കോൺഗ്രസ്, മുസ്‌ലിം ലീഗ്, ബി.ജെ.പി തുടങ്ങിയ പാർട്ടി പ്രവർത്തകരുടെ കുടുംബ സംഗമമാണ് ഉദ്ദേശിക്കുന്നത.് കൊലപാതക രാഷട്രീയം അവസാനിക്കണമെങ്കിൽ ജയരാജൻ പരാജയപ്പെടണമെന്നാണ് ആർ.എം.പിയുടെ നിലപാടെന്ന് സെക്രട്ടറി എൻ. വേണു പറഞ്ഞു. ജയരാജൻ ജയിക്കുകയാണെങ്കിൽ കൊലപാതക രാഷട്രീയത്തിനുള്ള അംഗീകാരമായി മാറുമെന്നും ഇത് അനുവദിക്കില്ലെന്നുമാണ് വേണുവിന്റെ ഉറച്ച നിലപാട്. ആർ.എസ്.എസിന്റെ രാഷട്രീയ നിലപാടുകളോട് യോജിപ്പില്ലെങ്കിലും അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള ഒരു പ്ലാറ്റ്‌ഫോമിൽ നിൽക്കാൻ മടിയില്ലെന്ന കാഴ്ചപ്പാടിലാണ് ആർ.എം.പി നേതൃത്വം എത്തിയിട്ടുള്ളത.് അതുകൊണ്ട് തന്നെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടമായാണ് ഇതിനെ കാണുന്നതെന്നും വേണു സൂചിപ്പിച്ചു.
സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയ മട്ടന്നൂർ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബ് , എം.എസ്.എഫ് നേതാവായിരുന്ന തളിപ്പറമ്പിലെ അരിയിൽ ശുക്കൂർ, ആർ.എസ്.എസ് ജില്ലാ കാര്യവാഹക് കതിരൂരിലെ ഇളംതോട്ടത്തിൽ മനോജ്, ബി.എം.എസ് നേതാവ് പയ്യോളിയിലെ മനോജ്, നാദാപുരത്തെ മുസ്‌ലിം ലീഗ് പ്രവർത്തകൻ അസ്‌ലം എന്നിവരുടെ കുടുംബാംഗങ്ങളെയാണ് ആർ.എം.പി കുടുംബ സംഗമത്തിലേക്ക് ക്ഷണിക്കുന്നത.് ഇത് ഏറെ രാഷട്രീയ ചർച്ചകൾക്ക് ഇടനൽകുമെന്ന കാര്യത്തിൽ തർക്കമില്ല.
രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം നടത്തി പാർട്ടി അണികൾക്ക് ആവേശം നൽകുകയും പൊതുജനമധ്യത്തിൽ ഒരു ഇരുത്തി ചിന്തക്ക് അവസരം നൽകുകയും ചെയ്യുന്ന ഈ തന്ത്രം സി.പി.എം ശൈലിയാണ്. ഇതാണ് ഇപ്പോൾ വർഗശത്രുവിന് നേരെ പഴയ സഖാക്കൾ പയറ്റുന്നതും. നേരത്തെ സി.എം.പി സംസ്ഥാന സെക്രട്ടറിയായിരുന്ന എം.വി രാഘവൻ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോൾ ആ മണ്ഡലങ്ങളിലൊക്കെ കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടുംബ സംഗമം സി.പി.എം നടത്തിയിരുന്നു. ഇത് ഏറെ വിജയം കണ്ടിരുന്നു. എം.വി രാഘവനെ വീഴ്ത്താനും ഇത് ഉപകാരപ്പെട്ടിരുന്നു. ചരിത്രനിയോഗമെന്ന നിലയിൽ ഇവർക്ക് നേരെ തന്നെയാണ് പഴയ സഖാക്കൾ ഇപ്പോൾ ഈ പൂഴികടകൻ പ്രയോഗിക്കുന്നത്. ഇങ്ങിനെ പി. ജയരാജനെയും വടകരയിൽ ഇരുത്താൻ തന്നെയാണ് ആർ.എം.പിയുടെ ശ്രമം. ഇതിന് വേണ്ടി അരയും തലയും മറുക്കിയുള്ള പ്രവർത്തനം നടത്താൻ പാർട്ടി അണികൾക്ക് നേതൃത്വം നിർദേശം നൽകി.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ. മുരളീധരനെ തീരുമാനിക്കാൻ ഹൈക്കമാന്റിന് മേൽ സമ്മർദ്ദം ചെലുത്താനായതും ആർ.എം.പിയുടെ രാഷ്ട്രീയ നേട്ടം തന്നെയായിരുന്നു. ഘടകകക്ഷിയായ മുസ്‌ലിം ലീഗും നിരന്തരം ആവശ്യപ്പെട്ടാണ് ശക്തനായ പോരാളിയെ തന്നെ വടകരക്ക് കോൺഗ്രസ് നേതൃത്വം വിട്ടുനൽകിയത.് നേരത്തെ തനിച്ച് മത്സര രംഗത്ത് ഇറങ്ങുമെന്ന് ആർ.എം.പി പ്രഖ്യാപിച്ചെങ്കിലും പിന്നീട് പി. ജയരാജനെ പരാജയപ്പെടുത്താൻ യു.ഡി.എഫിന് കലവറയില്ലാത്ത പിൻതുണ നൽകണമെന്ന പൊതുവികാരമാണ് പാർട്ടി നേതൃത്വം തീരുമാനിച്ചത്. ഇത് അണികളുടെ കൂട്ടായ തീരുമാനമാണെന്നും ആർ.എം.പി നേതാക്കളായ കെ.കെ രമയും എൻ. വേണുവും ചൂണ്ടിക്കാട്ടി. ഇതോടെ വടകരയിലെ പോരാട്ട ചൂടിന് വീറും വാശിയും ഏറും. ഈസി വാക്കോവറാക്കാമെന്ന ജയരാജന്റെയും സി.പി.എമ്മിന്റെയും സ്വപ്‌നമാണ് കടത്തനാട്ടിന്റെ മണ്ണിൽ തകരുന്നത.് കെ.കെ രമയെന്ന ഉണ്ണിയാർച്ചയുടെ അങ്കത്തട്ടിൽ ഉയർന്ന് വരുന്ന പരിചയെ തടുക്കാൻ ഏത് വജ്രായുധം എതിരാളികൾ പ്രയോഗിക്കുമെന്ന് വരും നാളുകളിൽ കണ്ടറിയേണ്ടിയിരിക്കുന്നു.